കുവൈത്ത്: കുവൈത്തില്‍ ഫിലിപ്പീന്‍സ് യുവതിയെ കൊന്ന കേസില്‍ പിടിയിലായ മൂന്ന് മലയാളികള്‍ നിരപരാധികളാണന്ന് വിധി. കുവൈത്ത് കോടതിയാണ് ഇന്ന് ശിക്ഷ വിധിച്ചത്. കോഴിക്കോട് ജില്ലയിലെ താമരശേരി സ്വദേശി അജിത് അഗസ്റ്റിന്, ഈങ്ങാപ്പുഴ സ്വദേശി ടിജോ തോമസ്, ബാലുശേരി സ്വദേശി തുഫൈല്‍ എന്നിവരാണ് കുറ്റമുക്തരായത്.
ഈ വര്‍ഷം ഫെബ്രുവരി 11നാണ് ഫിലിപ്പെന്‍സ് സ്വദേശി ജമീല ഗോണ്‍സാലസ് എന്ന സ്ത്രീയെ ഫര്വാസിയയിലെ താമസ സ്ഥലത്ത് തീപ്പിടിത്തത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇത് അപകട മരണമാണെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവതിയെ കഴുത്ത് ഞെരിച്ച് കൊന്നശേഷം തെളിവ് നശിപ്പിക്കാനായി ഫ്ളാറ്റിന് തീവെച്ചു എന്ന് കണ്ടെത്തി.
തുടര്‍ന്നാണ്് കൊല്ലപ്പെട്ട യുവതിയുടെ ഫോണ്‍ കോളിന്റെ അടിസ്ഥാനത്തില്‍ അജിത് അഗസ്റ്റിനെ പിടികൂടിയത്. ബേക്കറി ജോലിക്കാരനായ അജിത് യുവതിയുടെ സാമ്പത്തിക ഇടപാടുകളില്‍ ഇടനിലക്കാരനായിരുന്നു. തുടര്‍ന്നാണ് അജിത്തിന്റെ സഹപ്രവര്‍ത്തകനായ തുഫൈലിനെയും ബന്ധുകൂടിയായ ടിജോ തോമസിനെയും അറസ്റ്റ് ചെയ്തത്.
പലിശക്ക് പണം കടം കൊടുക്കാറുണ്ടായിരുന്ന യുവതിയില്‍നിന്ന് വന്‍ സംഖ്യ വാങ്ങിയിരുന്ന അജിത് അത് തിരിച്ചടക്കാതിരിക്കാന്‍ യുവതിയെ കഴുത്ത് ഞെരിച്ചുകൊലപ്പെടുത്തുകയും തെളിവ് നശിപ്പിക്കാന്‍ സുഹൃത്തുക്കളുടെ സഹായത്തോടെ ഫ്ളാറ്റിന് തീകൊളുത്തുകയായിരുന്നെന്നാണ് കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: