എരുമേലി: ശബരിമല തീര്‍ത്ഥാടനത്തിനായി എത്തിയ ഭക്തന്‍ കുളിക്കുന്നതിനിടെ കുഴഞ്ഞുവീണുമരിച്ച സംഭവത്തില്‍ തീര്‍ത്ഥാടകന്റെ മൃതദേഹം വിട്ടുകൊടുക്കാന്‍ പോലീസ് മണിക്കൂറുകള്‍ വൈകിപ്പിച്ചതായി പരാതി. കൊട്ടാരക്കര സ്വദേശി ഗോവിന്ദ വിലാസം വീട്ടില്‍ ഗോവിന്ദന്‍ (75) ആണ് വെളുപ്പിന് രണ്ടുമണിയോടെ മരിച്ചത്. വലിയമ്പലത്തിനു പുറകുവശത്തെ ബാത്ത്‌റൂമില്‍ കുളിക്കുന്നതിനിടയില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഒപ്പമുണ്ടായിരുന്നവര്‍ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് എരുമേലി സിഎച്ച്‌സിയില്‍ എത്തിച്ച് നടപടികളെല്ലാം പൂര്‍ത്തിയാക്കിയെങ്കിലും പോലീസ് എത്താന്‍ മണിക്കൂറുകളോളം തീര്‍ത്ഥാടകര്‍ക്ക് കാത്തിരിക്കേണ്ടിവന്നതായും അവര്‍ പറഞ്ഞു. രണ്ടുമണിയോടെ മരിച്ച തീര്‍ത്ഥാടകന്റെ മൃതദേഹം രാവിലെ 7മണിയോടെയാണ് കൊണ്ടുപോയത്.
തീര്‍ത്ഥാടകന്‍ കുഴഞ്ഞുവീണുമരിച്ചപ്പോള്‍ തന്നെ എരുമേലി പോലീസിനെ വിവരമറിയിച്ചെങ്കിലും തുടര്‍നടപടികളെടുക്കാന്‍ പോലീസ് തയ്യാറായില്ലെന്നും ശബരിമല അയ്യപ്പസേവാസമാജം എരുമേലി കേന്ദ്രം സെക്രട്ടറി എസ്. മനോജ് പറഞ്ഞു.
തീര്‍ത്ഥാടകന്റെ മരണവും മറ്റും പോലീസ് നടപടിക്രമങ്ങളും ഒരുമണിക്കൂറിനുള്ളില്‍ പൂര്‍ത്തിയാക്കി സൗകര്യമൊരുക്കണമെന്ന ഉന്നതാധികാരികളുടെ നിര്‍ദ്ദേശമാണ് ലോക്കല്‍ പോലീസ് ധിക്കരിച്ചിരിക്കുന്നതെന്നും മനോജ് പറഞ്ഞു.
ശബരിമല തീര്‍ത്ഥാടകരുടെ ദുരൂഹതയല്ലാത്ത മരണങ്ങള്‍ മൃതദേഹം പോസ്റ്റമാര്‍ട്ടം പോലും ചെയ്യാതെ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കണമെന്നും ഇതിന് യാതൊരു വിധ കാലതാമസവും ഉണ്ടാകാന്‍ പാടില്ലെന്നും ഉന്നതാധികാരികള്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ മരണവിവരമറിഞ്ഞിട്ടും മണിക്കൂറുകള്‍ വൈകിയെത്തി നടപടികള്‍ പൂര്‍ത്തിയാക്കിയ എരുമേലി പോലീസിന്റെ അനാദരവ് വ്യാപക പ്രതിഷേധത്തിന് വഴിയൊരുക്കിയിരിക്കുകയാണ്.
















