പുസ്തകം വായിക്കാന്‍ അറിയാത്തവര്‍ വരാറുണ്ട്. വായിക്കാനറിയാമെങ്കിലും പുസ്തകം വാങ്ങാന്‍ പണമില്ലാത്ത സാധുക്കളായ മക്കളും വരാറുണ്ട്.
അല്പസ്വല്പം മാത്രം വായിച്ചറിവുള്ളവരും വരാറുണ്ട്. പലതും വായിച്ചു മനസ്സിലാക്കിയെങ്കില്‍ കൂടി അവ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയാത്തവരും വരാറുണ്ട്. ഓരോരുത്തരും വളര്‍ന്നുവന്ന സംസ്‌കാരത്തിനനുസരിച്ചു അവരെ നയിക്കണം.
‘ബ്രഹ്മം’ എന്നതു വാക്കാല്‍ പറയേണ്ടതല്ല. അതു അനുഭവമാണ്. ജീവിതമാണ്. തന്നെപ്പോലെതന്നെ മറ്റുള്ളവരെയും കണാന്‍ കഴിയുന്ന അവസ്ഥയാണത്. അതു സ്വാഭാവികമായിത്തീരണം.
പൂവെന്നു ചിന്തിക്കുന്നതിനേക്കാള്‍ പൂവായിത്തീരുകയാണ് വേണ്ടത്. നമ്മളെല്ലാം പൂവായിത്തീരാനാണു ശ്രമിക്കേണ്ടത്. അതു ജീവിതമാക്കുവാന്‍ നമുക്കു കഴിയണം. പഠനം അതിനുവേണ്ടിയായിരിക്കണം. കാണാതെ പഠിക്കുവാനല്ല പ്രയാസം.
പഠിച്ചതു പ്രവൃത്തിയില്‍ കൊണ്ടുവരാനാണ്. പണ്ടുള്ള മഹാത്മാക്കള്‍ ജീവിച്ചുകാണിച്ച കാര്യങ്ങള്‍ ഇന്നുള്ളവര്‍ മനഃപാഠം പഠിച്ചിച്ചു തര്‍ക്കിച്ചു നടക്കുന്നു. പൂജയും പ്രാര്‍ത്ഥനയുമെല്ലാം ബ്രഹ്മത്തിന്റെ ഓരോ മുഖം തന്നെയാണ്.
















