ചണ്ഡീഗഡ്: റോബര്‍ട്ട് വദ്ര-ഡിഎല്‍എഫ് ഭൂമിയിടപാടുമായി ബന്ധപ്പെട്ട രേഖകള്‍ കാണാനില്ലെന്ന് ഹരിയാന സര്‍ക്കാര്‍ .
ഫയലിലെ രണ്ട് പേജുകളാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ഐഎഎസ് ഉദ്യോഗസ്ഥനായ അശോക് ഖേംക സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയിലാണ് ഹരിയാന സര്‍ക്കാരിന്റെ മറുപടി.
അന്നത്തെ ഹരിയാന മുഖ്യമന്ത്രി ഭൂപിന്ദര്‍സിങ് ഹൂഡ ഇടപാടിനെക്കുറിച്ച് അന്വേഷിക്കാന്‍ അന്വേഷണക്കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ഇത് സംബന്ധിച്ച് എടുത്ത ക്യാബിനറ്റ് തീരുമാനത്തിന്റെ നോട്ടുകളാണ് ഇപ്പോള്‍ കാണാതായത്. മൂന്ന് ഐഎഎസ് ഉദ്യോഗസ്ഥരടങ്ങിയ അന്വേഷണക്കമ്മീഷന്‍ പിന്നീട് റോബര്‍ട്ട് വദ്രയ്‌ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. അന്വേഷണക്കമ്മീഷനെ നിയമിക്കുന്നത് സംബന്ധിച്ചുളള ക്യാബിനറ്റ് തീരുമാനത്തിന്റെ നോട്ടുകള്‍ കാണാതായതിനു പിന്നില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് അശോക് ഖേംക ചീഫ് സെക്രട്ടറിക്കും മുഖ്യവിവരാവകാശകമ്മീഷണര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. രേഖകള്‍ കാണാതായതിനെക്കുറിച്ച് ഹരിയാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചേക്കും.
2012ലാണ് പ്രമുഖ വ്യവസായഗ്രൂപ്പായ സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റിയും റോബര്‍ട്ട് വദ്രയുടെ ഡിഎല്‍എഫും തമ്മില്‍ വിവാദഭൂമിയിടപാട് നടന്നത്. വദ്ര തുച്ഛമായ തുകയ്‌ക്ക് വാങ്ങിയ ഭൂമി വന്‍വിലയ്‌ക്ക് സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റിയ്‌ക്ക് വില്‍ക്കുകയായിരുന്നു. ഇടപാടില്‍ അഴിമതിയുണ്ടെന്ന് കണ്ടെത്തിയ അന്നത്തെ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ അശോക് ഖേംക ഭൂമിയിടപാട് റദ്ദാക്കി. തുടര്‍ന്ന് ഹരിയാനയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ അശോക് ഖേംകയെ സസ്‌പെന്‍ഡ് ചെയ്തു.
ഇടപാടില്‍ തനിക്ക് ബന്ധമില്ലെന്ന് ഭൂപീന്ദര്‍ ഹൂഡ തെരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ പറഞ്ഞിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷയുടെ മരുമകനും ഡിഎല്‍എഫും തമ്മിലുള്ള ഇടപാടില്‍ തനിക്ക് ബന്ധമുണ്ടെന്ന് തെളിയിക്കുകയോ സര്‍ക്കാരിന്റെ ഒരിഞ്ച് ഭുമി നഷ്ടപ്പെട്ടുവെന്ന് കണ്ടെത്തുകയോ ചെയ്താന്‍ രാഷ്‌ട്രീയം വിടാമെന്നായിരുന്നു ഹൂഡയുടെ വെല്ലുവിളി.
















