ന്യൂദല്‍ഹി: ജ്യോതിഷ പഠനത്തിന്റെ പേരില്‍ മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിക്കെതിരെ ചന്ദ്രഹാസമിളക്കിയ കോണ്‍ഗ്രസ് ജവഹര്‍ലാല്‍ നെഹ്‌റുവിനും ജ്യോതിഷത്തില്‍ വിശ്വാസമുണ്ടായിരുന്നുവെന്ന രേഖ പുറത്ത് വന്നതോടെ വെട്ടിലായി.
ജ്യോതിഷ പഠനത്തിന് പ്രാമുഖ്യം നല്‍കാന്‍ വിദ്യാഭ്യാസ വകുപ്പ് ശ്രമിക്കുമെന്ന് മന്ത്രി സ്മൃതി ഇറാനി നടത്തിയ പ്രസ്താവനയെ പരിഹസിക്കുന്ന കോണ്‍ഗ്രസിന് നെഹ്‌റുവിന്റെ വിശ്വാസത്തെക്കുറിച്ചുള്ള രേഖകളോട് പ്രതികരിക്കാനാവാതെ കുഴങ്ങുകയാണ്.
സ്മൃതി മാത്രമല്ല, ജവഹര്‍ലാല്‍ നെഹ്‌റുവും ജ്യോതിഷത്തില്‍ വിശ്വസിച്ചിരുന്നതായി തെളിയിക്കുന്ന രേഖകളുമായി രംഗത്തുവന്നത് പാര്‍ലമെന്ററികാര്യ മന്ത്രി വെങ്കയ്യ നായിഡുവാണ്. കൊച്ചുമകന്‍ രാജീവ്ഗാന്ധി ജനിച്ചപ്പോള്‍ ജാതകം തയ്യാറാക്കണമെന്ന് നിര്‍ദേശിച്ച് നെഹ്‌റു കത്തെഴുതിയതിന്റെ രേഖകളാണ് നായിഡു പുറത്തുവിട്ടത്.
രാജീവ് ജനിക്കുമ്പോള്‍ മുംബൈ ജയിലില്‍ ആയിരുന്ന നെഹ്‌റു അവിടെ വച്ച് കൃഷ്ണ ഹുതീസിംങ്ങിനാണ് കത്തെഴുതിയത്. 1944 ആഗസ്റ്റ് 29നാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതു സംബന്ധിച്ച് ജയില്‍ മാനുവലില്‍ വിവരണം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊച്ചുമകന്റെ ജനനസമയവും മറ്റും കൃത്യമായി മനസിലാക്കി വേണം ജാതകം തയാറാക്കാനെന്നും നെഹ്‌റു നിര്‍ദേശിച്ചിരുന്നതായി നായിഡു വ്യക്തമാക്കി.
സമര്‍ത്ഥനായ ഒരു ജ്യോതിഷിയെക്കൊണ്ടു വേണം രാജീവിന്റെ ജാതകം കുറിക്കാനെന്നു നിര്‍ദേശിച്ച് അദ്ദേഹം ഇന്ദിരയ്‌ക്കും കത്തയച്ചതായും വെങ്കയ്യ പറഞ്ഞു. കുഞ്ഞ് ജനിച്ച കൃത്യസമയം നല്‍കിവേണം ജാതകം തയാറാക്കാനെന്നും അദ്ദേഹം ഇന്ദിരയോട് നിര്‍ദേശിച്ചിരുന്നതായും വാര്‍ത്താ സമ്മേളനത്തില്‍ കേന്ദ്രമന്ത്രിമാരായ വെങ്കയ്യ നായിഡുവും രവിശങ്കര്‍ പ്രസാദും വിതരണം ചെയ്ത കത്തിന്റെ പകര്‍പ്പില്‍ പറയുന്നു.
ജ്യോതിഷത്തില്‍ വിശ്വസിക്കുന്നത് സ്മൃതി ഇറാനിയുടെ വ്യക്തിപരമായ കാര്യമാണ്. യുപിഎ സര്‍ക്കാരില്‍ മാനവവിഭവ ശേഷി മന്ത്രിയായിരുന്ന പല്ലം രാജു ഓഫീസിലെ കസേരയുടെ സ്ഥലം പോലും നിശ്ചയിച്ചത് ജ്യോതിഷം നോക്കിയാണ്. ഇത് സര്‍ക്കാര്‍ രേഖയില്‍ ഉണ്ടെന്നും നായിഡു വെളിപ്പെടുത്തി.
മതപരിവര്‍ത്തനത്തിന്റെ പേരില്‍ അനാവശ്യമായി രാജ്യസഭാ സ്തംഭിപ്പിക്കുന്ന കോണ്‍ഗ്രസ് നേതാക്കളെയും നായിഡു കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. ലോക്‌സഭയില്‍ ഉന്നയിക്കാത്ത എന്ത് പ്രശ്‌നമാണ് രാജ്യസഭക്ക് മാത്രമായി ഉള്ളതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണമെന്നു പറഞ്ഞ നായിഡു സ്വന്തം എം പിമാരെ നിലക്കുനിര്‍ത്താന്‍ കഴിയാത്ത സോണിയാഗാന്ധിയാണ് പ്രധാനമന്ത്രിയെ ഉപദേശിക്കുന്നതെന്നും വെങ്കയ്യ നായിഡു പരിഹസിച്ചു.
















