മുംബൈ : ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയില്‍ നിന്നും രക്ഷപെട്ട് ഭാരതത്തിലെത്തിയ ആരിഫ് മജീദിന് കോളേജിലെ നാല്‍പ്പത് പേരടങ്ങുന്ന ഭീകരവാദ സംഘടനയില്‍ പ്രവര്‍ത്തിച്ചിരുന്നെന്നു വെളിപ്പെടുത്തല്‍. ആരിഫ് പഠിച്ചിരുന്ന പന്‍വേല്‍ എഞ്ചിനീയറിംങ് കോളേജില്‍, ഉറുദു ഭാഷയില്‍ നേതാവ് എന്നര്‍ത്ഥമുള്ള നക്കീബ് എന്ന പേരിലാണ് ഈ ഗ്രൂപ്പ് അറിയപ്പെട്ടിരുന്നത്.
കഴിഞ്ഞമാസം ഭാരതത്തിലെത്തിയ ആരിഫിനെ ദേശീയ അന്വേഷണ ഏജന്‍സിയും മഹാരാഷ്ട്ര ഭീകര വിരുദ്ധ സംഘവും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. ഇസ്ലാമിക് ഭീകര സംഘടനകളുമായി ഇന്റര്‍നെറ്റിലൂടെ പരിചയപ്പെട്ടയതാണ് ഇവര്‍. നക്കീബ് ഗ്രൂപ്പിലെ 40 പേരും ഭീകര സംഘടനകളെ കുറിച്ച് പഠനം നടത്തുന്നതിനായി അനേകസമയം ചെലവഴിച്ചിരുന്നെന്നും ആരീഫ് എന്‍ഐഎയെ അറിയിച്ചിരുന്നു. എന്നാല്‍ ഐഎസ്ഐഎസ് ഭീകര സംഘടനയില്‍ ചേരാന്‍ ഇവര്‍ക്ക് അവസരം ലഭിച്ചപ്പോള്‍ ഭയം മൂലം ആരിഫ് ആദ്യം പിന്മാറുകയാണുണ്ടായതെന്നും എഴുതി നല്കിയ പ്രസ്താവനയില്‍ അറിയിച്ചു. ഐഎസ്ഐഎസില്‍ പ്രവര്‍ത്തിക്കുന്ന യുവാക്കളുടെ കുടുംബത്തെ സംഘടന സംരക്ഷിക്കാമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ടെന്നും പറഞ്ഞു.
അതേസമയം ആരിഫ് പഠിച്ചിരുന്ന അഞ്ജുമന് ഇസ്ലാമ്സ് കല്‍സേകര്‍ ടെക്നിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ ഭീകര സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കോളേജ് ആന്റി ടെററിസ്റ്റ് സ്ക്വാഡിന്റെ നിരീക്ഷണം നടത്തി വരികയാണ്. അന്വേഷണ ഉദ്യോഗസ്ഥര്‍ ഇത് സംബന്ധിച്ച് കോളേജ് പ്രിന്‍സിപ്പലുമായും അടുത്തിടെ ചര്‍ച്ച നടത്തിയിരുന്നു.
ഇസ്ലാമിക് സ്റ്റേറ്റില്‍ ഭാരതത്തില്‍ നിന്നുള്ള 20 യുവാക്കള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ആരിഫ് എന്‍ഐഎയോട് വെളിപ്പെടുത്തി. ഇവരില്‍ ഭൂരിഭാഗവും ദക്ഷിണ ഭാരതത്തില്‍ നിന്നുള്ളവരാണ്. ഇവക്കെല്ലാം ഇറാഖില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം നല്‍കിയാണ് റിക്രൂട്ട് ചെയ്തിട്ടുള്ളത്. ഡോക്ടര്‍ എന്നു വിളിക്കുന്ന മൗലാന അബ്ദുള്‍ ഫഹ്മാനാണ് ഇവരെ സോഷ്യല്‍ നെറ്റ്വര്‍ക്കിംങ് സൈറ്റുവഴി ഭീകര സംഘടനകളില്‍ പ്രവര്‍ത്തിക്കാന്‍ ഇവര്‍ക്ക് പ്രേരണ നല്‍കിയത്. അതേസമയം ഡോക്ടര്‍ ഭാരതത്തില്‍ നിന്നും രക്ഷപ്പെടുന്നതിനു മുമ്പ് നിരോധിത സംഘടനയായ സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റിന്റെ (സിമി) പ്രവര്‍ത്തകനായിരുന്നുവെന്ന് എന്‍ഐഎ അറിയിച്ചു. ഇയാള്‍ രാജ്യത്തു നിന്നും ഇറാഖിലേക്ക് പത്തോളം യുവാക്കളെ റിക്രൂട്ട് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: