ആലപ്പുഴ: പക്ഷിപ്പനി രോഗപ്രതിരോധ-നിയന്ത്രണവുമായി ബന്ധപ്പെട്ട ദ്രുതകര്‍മ സംഘത്തിന്റെ അണുവിമുക്തമാക്കല്‍ പരിപാടികള്‍ ശനിയാഴ്ച പൂര്‍ത്തിയായതായി കളക്ടര്‍ എന്‍. പത്മകുമാര്‍ പറഞ്ഞു. അവലോകനയോഗത്തില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. പക്ഷികളെ സംസ്‌കരിച്ച സ്ഥലങ്ങളിലെയും ചുറ്റുവട്ടത്തുമുള്ള അണുനശീകരണപ്രവര്‍ത്തനങ്ങളാണ് പൂര്‍ത്തിയായത്. വിവരം കേന്ദ്രസര്‍ക്കാരിനെ അറിയിക്കാനുള്ള നടപടികള്‍ എടുത്തതായി ദ്രുതകര്‍മസംഘത്തിന് നേതൃത്വം നല്‍കുന്ന ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു. കേന്ദ്രസര്‍ക്കാറിന്റെ അറിയിപ്പ് ലഭിച്ചാല്‍ ദിവസങ്ങള്‍ക്കകം മേഖലയിലെ നിയന്ത്രണങ്ങള്‍ നീക്കാന്‍ കഴിയുമെന്നു കളക്ടര്‍ പറഞ്ഞു.
ജില്ലയ്‌ക്ക് പുറത്തുനിന്നുള്ള ദ്രുതകര്‍മ സംഘാംഗങ്ങളെ തിരിച്ചയച്ചു. 365 പേരെയാണ് തിരിച്ചയച്ചത്. ജില്ലയില്‍ നിന്നുള്ള മൂന്നുപേര്‍ വീതമുള്ള 12 ടീമുകളാണ് തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഉണ്ടാകുക. ഇപ്പോള്‍ അണുവിമുക്തമാക്കിയ പ്രദേശങ്ങളില്‍ എവിടെയെങ്കിലും പാരിസ്ഥിതിക പ്രശ്‌നമുണ്ടോയെന്ന് ഇവര്‍ നിരീക്ഷിച്ചുകൊണ്ടിരിക്കും. പ്രശ്‌നങ്ങള്‍ കണ്ടെത്തിയാല്‍ നേരിടാന്‍ കണ്‍ട്രോള്‍ റൂം സുസജ്ജമാണ്. ആരോഗ്യപ്രവര്‍ത്തകരുടെ സര്‍വേയും ആരോഗ്യസ്ഥിതി വിലയിരുത്തലും തുടരും. രോഗസ്ഥിരീകരണമുണ്ടായ സ്ഥലങ്ങളുടെ 10 കിലോമീറ്റര്‍ ചുറ്റളവിലെ നിരീക്ഷണം സംഘം തുടരും. വീട്ടുപക്ഷികളെ നഷ്ടപ്പെട്ടവര്‍ക്കുള്ള ധനസഹായം തിങ്കളാഴ്ച മുതല്‍ നല്‍കും.
പക്ഷിപ്പനിയുടെ ഭാഗമായി താറാവിനെ നഷ്ടപ്പെട്ട തലവടി സ്വദേശി വേഴപ്പുറത്ത് കുട്ടപ്പന് സര്‍ക്കാര്‍ ധനസഹായമായി 21,86,200 രൂപ കൊടിക്കുന്നില്‍ സുരേഷ് എംപി നല്‍കി. 11,951 താറാവുകള്‍ക്കുള്ള നഷ്ടപരിഹാരമാണ് നല്‍കിയത്. നേരത്തെ ഇദ്ദേഹത്തിന് നഷ്ടപരിഹാരത്തിന്റെ ഒരുഭാഗം നല്‍കിയിരുന്നു. ജില്ലയില്‍ 2,51,210 പക്ഷികളെയാണ് കൊന്നു സംസ്‌കരിച്ചത്. 2,50,995 മുട്ടയും 4,705 കിലോ തീറ്റയും നശിപ്പിച്ചു. നഷ്ടപരിഹാരമായി ഡിസംബര്‍ നാലുവരെ 75,59,200 രൂപ വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: