അയോധ്യ ! അത് ഇന്നൊരു വിചാരം മാത്രമല്ല, വികാരം കൂടിയാണ്. കോടാനുകോടി ജനതയുടെ പ്രാര്ത്ഥനാകേന്ദ്രമാണത്. ഭാരതത്തിന്റെ പരിവര്‍ത്തനത്തിന് തുടക്കവും ആക്കവും കൂട്ടുന്ന ശ്രദ്ധാകേന്ദ്രം.
വിദേശ അക്രമി ബാബര്‍ ശ്രീരാമജന്മസ്ഥാനക്ഷേത്രം തകര്‍ത്ത് നിര്‍മ്മിച്ച അപമാനത്തിന്റെ ചിഹ്നമായ കെട്ടിടം നിലംപൊത്തിയതിന്റെ 23-ാം വാര്‍ഷികദിനമാണ് ഇന്ന്. കഴിഞ്ഞ ഡിസംബര്‍ ആറിന്റെ സ്ഥാനത്ത് പ്രതീക്ഷാനിര്‍ഭരമായ ഡസംബര്‍ ആറാണ് ഈ വര്‍ഷത്തേത്.
അയോധ്യയില്‍ ശ്രീരാമക്ഷേത്രം പുനരുദ്ധരിക്കണമെന്നാശിക്കുന്ന, ആഗ്രഹിക്കുന്ന വ്യക്തിയും വ്യക്തികളും ഭാരതത്തിന്റെ ഭരണസാരഥ്യത്തിലെത്തിയെന്നതല്ല ഇപ്പോഴത്തെ പ്രാധാന്യം. അരനൂറ്റാണ്ടായി അയോധ്യയില്‍ ക്ഷേത്രം നിര്‍മ്മിക്കാന്‍ പറ്റില്ല, ബാബറുടെ ജീര്‍ണിച്ച കെട്ടിടം നിലനിര്‍ത്തണമെന്ന നിലപാടെടുത്ത മുഹമ്മദ് ഹാഷിം അന്‍സാരിയുടെ തിരിച്ചറിവാണ് ശ്രദ്ധേയം. അദ്ദേഹം പറയുന്നു:
”ബാബറി പള്ളിക്കായുള്ള ആവശ്യവുമായി ഇനി മുന്നോട്ടുപോകില്ല. രാമജന്മഭൂമിയിലെ ബാബറി പള്ളിയുടെ പേരിലുണ്ടായ വിഷയങ്ങളില്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ചവരെല്ലാം വലിയ ബംഗ്ലാവുകളില്‍ കഴിയുമ്പോള്‍ ഭഗവാന് രാമന് ടെന്റില്‍ കഴിയുകയാണ്. രാമന്റെ ജന്മസ്ഥാനം സ്വതന്ത്രമാകുന്നത് എനിക്ക് കാണണം. ഡിസംബര്‍ 6ന് ബാബറി മസ്ജിദ് വാര്‍ഷികത്തിന്റെ ഭാഗമായി നടക്കുന്ന പരിപാടികളിലൊന്നും പങ്കെടുക്കില്ല. ഉത്തര്‍പ്രദേശ് സര്‍ക്കാരും അസംഖാനും ബാബറി വിഷയത്തില്‍ രാഷ്ട്രീയം കളിച്ചു. ബാബറി മസ്ജിദ് ആക്ഷന്‍ കമ്മറ്റി രൂപീകരിച്ചതിനുപിന്നില്‍ അസംഖാനാണ്. എന്നാല്‍ മുലായം സിങ്ങിന്റെ രാഷ്ട്രീയലക്ഷ്യങ്ങള്‍ക്ക് അസംഖാന് കൂട്ടുനിന്ന് പലപ്പോഴും പല നിലപാടുകള്‍ സ്വീകരിച്ചു. ബാബറി സംഭവം അവസാനിച്ചെന്നും അയോധ്യയില്‍ ക്ഷേത്രം നിലനില്‍ക്കുന്നുണ്ടെന്നും അസംഖാന് കഴിഞ്ഞമാസം പറഞ്ഞിരുന്നു. കഴിഞ്ഞ അരനൂറ്റാണ്ടായി അയോധ്യയിലെ കേസിലെ പ്രധാന പരാതിക്കാരനാണ് 92കാരനായ ഞാന്‍. എന്നാല്‍ ഇനി കോടതികളിലേക്കില്ല.”
അന്‍സാരിയുടെ തിരിച്ചറിവ് ദശലക്ഷക്കണക്കായ മുസ്ലിങ്ങള്‍ക്ക് നേരത്തെ ഉള്ളതാണ്. മണ്ണടിയാന്‍ പോകുന്ന ഒരു ജീര്‍ണിച്ച കെട്ടിടത്തിനുവേണ്ടി മുസ്ലിങ്ങള്‍ കടുംപിടിത്തം പിടിക്കരുതെന്ന നിലപാട് സ്വീകരിച്ചവരാണവര്. അയോധ്യയിലെ ശ്രീരാമജന്മസ്ഥാനത്ത് പള്ളിപണിയണമെന്ന് അയോധ്യയിലെ മുസ്ലിങ്ങളെക്കാള് വാശി ഉത്തര്‍പ്രദേശിന് പുറത്തുള്ളവര്‍ക്കാണ്. പ്രത്യേകിച്ചും കേരളത്തിലും ദല്ഹിയിലുമുള്ളവര്ക്ക്. അയോധ്യ തെക്കാണോ വടക്കാണോ കിഴക്കാണോ പടിഞ്ഞാറാണോ എന്നുപോലും നിശ്ചയമില്ലാത്തവര്‍. ശ്രീരാമനെതിരെ ശബ്ദമുയര്‍ത്തിയവരാണ് യഥാര്‍ത്ഥത്തില്‍ മതവിദ്വേഷം പരത്തുന്നത്. അവരാണ് ഹിന്ദുക്കളെയും മുസ്ലിങ്ങളെയും തമ്മില്‍തല്ലിക്കാന്‍ ഏറെ പ്രയത്നിക്കുന്നത്. 1987-ലെ തിരൂര്‍ പ്രസംഗത്തില്‍ ഇഎംഎസ് പറഞ്ഞത് ‘ബാബറി പള്ളിപൊളിച്ചുമാറ്റി പ്രശ്നം തീര്‍ക്കണം’ എന്നാണ്. (മാതൃഭൂമി 1987 ജനുവരി 14)
അയോധ്യയില്‍ കേവലമൊരു ക്ഷേത്രമല്ല ലക്ഷ്യം. ദേശീയ സാംസ്കാരിക പൈതൃകത്തെ വീണ്ടെടുക്കാനുള്ള പരിശ്രമമാണത്. വിദേശ ആക്രമി തച്ചുടയ്ക്കാന്‍ നോക്കിയ പാരമ്പര്യം പുനഃസ്ഥാപിക്കാനുള്ള അദമ്യവും അഗാധവുമായ അഭിവാഞ്ച.
ആക്രമണകാരികളുടെ സ്മൃതിമന്ദിരങ്ങളേകുന്ന പ്രകോപനപരമായ പ്രതിലോമശക്തി മനസ്സിലാക്കിയാല്‍ അയോധ്യ പ്രസ്ഥാനത്തെ അനുകൂലിക്കാതിരിക്കാന്‍ ഒരു ദേശസ്നേഹിക്കും സാധ്യമല്ല. ജീവിതസായന്തനത്തില്‍ അന്‍സാരിക്കും തിരിച്ചറിവുണ്ടായത് ആഹ്ലാദകരമാണ്. അന്‍സാരി തിരിച്ചറിഞ്ഞാലും ദല്‍ഹിയിലെ ഇമാമുകളും കേരളത്തിലെ മതാന്ധന്മാരും വിട്ടുകൊടുക്കണമെന്നില്ല. ബാബറി മസ്ജിദ് ആക്ഷന്‍ കമ്മിറ്റി എന്ന പേരിലുള്ള ജഡത്തിന് അന്‍സാരിയുടെ നിലപാടറിഞ്ഞപ്പോള് ജീവന് വച്ചത് അതിന്റെ ഉദാഹരണമാണ്.
ആരുതന്നെ ഉണര്‍ന്നാലും ഉറഞ്ഞാടിയാലും അയോധ്യയില്‍ ക്ഷേത്രമല്ലാതെ മറ്റൊന്നുയരാന് പോകുന്നില്ല. അത്രയും ശക്തമാണ് ആ തീരുമാനവും വികാരവും. മറിച്ചുചിന്തിക്കുന്നവര്‍ വെറുതെ കല്ലില്‍കടിച്ച് പല്ലുകളയാതിരിക്കുന്നതാണ് നല്ലത്.
സ്വാതന്ത്ര്യസമരം ശക്തിപ്പെടുത്തുന്നതിന് ജനപങ്കാളിത്തം ഉറപ്പുവരുത്താന്‍ ഗാന്ധിജി ഉപയോഗിച്ച മന്ത്രം ശ്രീരാമനാമമാണ്. രാമരാജ്യമായിരുന്നു ഗാന്ധിജിയുടെ സ്വപ്നം. ഗാന്ധിജിയുടെ നാവില്‍ തത്തിക്കളിച്ചത് ‘രാംധുന്‍’ആണ്. ഗാന്ധിജി ശ്രീരാമനെ മുന്നില്‍ നിര്‍ത്തി വാങ്ങിത്തന്ന സ്വതന്ത്ര ഭാരതത്തില്‍ രാമനാമം രാജ്യദ്രോഹമാവുകയോ ? രാമനാമം വര്ഗ്ഗീയമാവുകയോ ? ആരെയും അത്ഭുതപ്പെടുത്തുന്നതാണത്. കേന്ദ്രമന്ത്രി സ്വാധി നിരഞ്ജന് ജ്യോതി ഭാരതത്തിലെ ഹിന്ദുവും മുസ്ലിങ്ങളും ക്രിസ്ത്യാനികളും രാമന്റെയും കൃഷ്ണന്റെയും പാരമ്പര്യത്തില്പ്പെട്ടവരാണെന്ന് ചൂണ്ടിക്കാട്ടിയത് ഇന്ന് ചൂടേറിയ ചര്‍ച്ചയാണല്ലൊ. മന്ത്രിയുടെ രാജിക്കുവേണ്ടി പാര്‍ലമെന്റ് സ്തംഭിപ്പിക്കുന്നു. ചില വിഭാഗം പത്രങ്ങള്‍ മുഖപ്രസംഗമെഴുതുന്നു. മതസംഘടനകള്‍ വെളിച്ചപ്പാടാകുന്നു.മന്ത്രിയെ വച്ചുപൊറുപ്പിക്കരുതുപോലും.
വളരെ പിന്നോക്ക സമുദായത്തില്‍പ്പെട്ട ഒരു സന്യാസിനികൂടിയായ കേന്ദ്രമന്ത്രി നടത്തിയ പ്രസ്താവന തികച്ചും വസ്തുതാപരമാണ്. അതിന്റെ പേരില്‍ ആര്‍ക്കെങ്കിലും മനപ്രയാസമുണ്ടായെങ്കില് ഖേദം പ്രകടിപ്പിച്ചിരിക്കുന്നതായി പാര്‍ലമെന്റില്‍ അറിയിക്കുകയും ചെയ്തു. ഖേദപ്രകടനം മുഖവിലയ്ക്കെടുത്ത് പാര്‍ലമെന്റ് സ്തംഭിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥനയും പ്രതിപക്ഷത്തിന് സ്വീകാര്യമായില്ല. കേരളത്തിലെ സാഹിത്യപ്രവര്‍ത്തകനായ ഹമീദ് ചേന്ദമംഗലൂരും ആര്യാടന്റെ സമാനമായ പ്രസ്താവന നടത്തിയിരിക്കുന്നു. ‘ഇന്ന് ഇന്ത്യയില്‍ ജീവിക്കുന്ന മുസ്ലിങ്ങള്‍ ഭൂരിഭാഗവും ഇന്നാട്ടുകാര് തന്നെയായിരുന്ന പൂര്വ്വതലമുറകളുടെ പിന്മുറക്കാരാണ്. അവരെ ബാബറുടെ മക്കള്‍ എന്നോ മഹമൂദ് ഗസ്നിയുടെ മക്കള്‍ എന്നോ അല്ല വിളിക്കേണ്ടത്. മധ്യകാലങ്ങളില്‍ ജീവിച്ച രാമന്റേയും ലക്ഷ്മിമാരുടെയും മക്കളണാവര്’. ഇപ്പറഞ്ഞ ചേന്ദമംഗലൂരിനെ ജീവിക്കുവാന്‍ അനുവദിക്കുമോ ആവോ ! മതവിശ്വാസമേതുമാവട്ടെ, പാരമ്പര്യവും സംസ്കാരവും തള്ളിപ്പറയുന്നത് അധാര്‍മ്മികമാണ്.
അയോധ്യപ്രശ്നം വീണ്ടും പൊങ്ങിവരുമ്പോള്‍ ഒന്നോര്‍ക്കണം. മുസ്ലിം ജനവിഭാഗത്തിന് അവിടെ ഉണ്ടായിരുന്ന കെട്ടിടത്തോട് വൈകാരികമായ കടപ്പാടുണ്ടെങ്കില്‍ മാറ്റിസ്ഥാപിക്കാന്‍ ഹൈന്ദവ സമൂഹം എന്തും ചെയ്യാമെന്നേറ്റതാണ്. മുസ്ലിങ്ങള്‍ ആഗ്രഹിക്കുംവിധം പള്ളിനിര്മ്മിക്കാനും സന്നദ്ധമായതാണ്. പക്ഷേ എല്ലാം അവഗണിച്ച് ബാഹ്യശക്തികളുടെ പ്രേരണയോടെ കലാപത്തിലേക്ക് നീങ്ങിയതാണ് പ്രശ്നം വഷളാക്കിയത്. ഇനിയും സമയമുണ്ട്. ഹിന്ദുക്കള്‍ സഹോദരന്മാരാണെന്ന കാഴ്ചപ്പാടോടെ സമീപനം സ്വീകരിക്കണം. എങ്കില്‍ പിന്നെ കോടാനുകോടി ജനങ്ങളാഗ്രഹിക്കുംവിധം അയോധ്യ പഴയ പ്രതാപത്തിലെത്തും. അതിനുള്ള സന്മനസ്സുണ്ടാകാനാണ് ഇന്നത്തെ അയോധ്യാദിനത്തില് പ്രാര്‍ത്ഥിക്കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: