ന്യൂദല്‍ഹി: പിരിച്ചുവിടുന്ന പ്ലാനിംഗ് കമ്മീഷന് പകരം സംവിധാനത്തെപ്പറ്റി നാളെ നടക്കുന്ന മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ തീരുമാനിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്സഭയെ അറിയിച്ചു. ചോദ്യോത്തരവേളയില്‍ കേന്ദ്രമന്ത്രി നല്കിയ മറുപടിക്കു പിന്നാലെയാണ് പ്രധാനമന്ത്രി അപ്രതീക്ഷിതമായി ഇടപെട്ട് മറുപടി നല്‍കിയത്.
ഇക്കാര്യത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ കൂട്ടിച്ചേര്‍ക്കാനുണ്ടെന്ന് പറഞ്ഞ് സംസാരിക്കാന്‍ എണീറ്റ പ്രധാനമന്ത്രി 7ന് വിളിച്ചിരിക്കുന്ന മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ പ്ലാനിംഗ് കമ്മീഷന്റെ പകരം സംവിധാനത്തെപ്പറ്റി ചര്‍ച്ച നടത്തുമെന്ന് വ്യക്തമാക്കി.
പ്ലാനിംഗ് കമ്മീഷന് സംബന്ധിച്ച് കുടുതല്‍ വിശദമായ ചര്‍ച്ചകള്‍ ആവശ്യമാണ്. മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ ഇതു നടക്കും. മാറുന്ന കാലത്തിനനുസരിച്ച് പ്ലാനിംഗ് കമ്മീഷന് എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് സംബന്ധിച്ച ചര്‍ച്ചകള്‍ ഇതിനു മുമ്പും നടന്നിട്ടുണ്ട്. എല്ലാം കണക്കിലെടുത്തുകൊണ്ട് പുതിയ മാതൃക രൂപീകരിക്കും, മോദി പറഞ്ഞു.
പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് മുമ്പ് പ്ലാനിംഗ് വകുപ്പ് മന്ത്രി റാവു ഇന്ദര്‍ജിത് സിങ് പ്ലാനിംഗ് കമ്മീഷനില്‍ വരുത്താന്‍ പോകുന്ന മാറ്റങ്ങളെപ്പറ്റി ലോക്സഭയില്‍ പറഞ്ഞു. സാധാരണക്കാര്‍ക്ക് ഉപകാരപ്പെടുന്ന തരത്തില്‍ സാമ്പത്തിക പരിഷ്കരണ പദ്ധതികള്‍ നടപ്പാക്കുന്ന സംവിധാനം രൂപീകരിക്കേണ്ടതുണ്ട്. പദ്ധതികളുടെ ആവിഷ്കാരം ശരിയായ രീതിയില്‍ നടക്കാത്തതുമൂലം കഴിഞ്ഞ ഒരു ദശകത്തിലധികമായി രാജ്യത്തിന്റെ വളര്‍ച്ച ശരിയായ ദിശയിലല്ല മുന്നോട്ടുനീങ്ങുന്നത്.
ഭാരതം ഇന്ന് വളര്‍ന്നു വികസിക്കുന്ന സമ്പദ് വ്യവസ്ഥയാണ്. വിദേശ നിക്ഷേപങ്ങളെ അടിസ്ഥാനമാക്കിയുള്ള നിരവധി മേഖലകളാണ് സമ്പദ് രംഗത്തെ നിയന്ത്രിക്കുന്നത്. വളര്‍ച്ചയ്ക്ക് സ്വകാര്യമേഖലയിലെ വിപ്ലവകരമായ മുന്നേറ്റം സഹായകരമാകും.
MyGov.nic.in എന്ന വെബ്സൈറ്റിലൂടെ പുതിയ പദ്ധതി നിര്‍വഹണ സംവിധാനത്തെപ്പറ്റി നിരവധി നിര്‍ദ്ദേശങ്ങള്‍ ജനങ്ങളില്‍ നിന്നും കേന്ദ്രസര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. ഇതിനു പുറമേ മുന്‍ പ്ലാനിംഗ് കമ്മീഷന് അംഗങ്ങളില്‍ നിന്നും അഭിപ്രായങ്ങള്‍ ആരാഞ്ഞിട്ടുണ്ട്. കേന്ദ്രവും സംസ്ഥാന സര്‍ക്കാരുകളും തമ്മിലുള്ള മികച്ച ബന്ധം ഉറപ്പുവരുത്തുന്നതാകും പുതിയ സംവിധാനമെന്നും കേന്ദ്രമന്ത്രി സഭയെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: