കേരളത്തില്‍ ഇന്ന് ഏറ്റവും ചൂടേറിയ ചര്‍ച്ചാവിഷയം മദ്യവും ബാറുകള്‍ തുറക്കലും മാറിമാറി വരുന്ന മദ്യനയവുമാണ്. മദ്യനിരോധനമെന്നത് ജനരക്ഷായാത്ര നടത്തുന്ന കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്റെ പ്രഖ്യാപനമായിരുന്നെങ്കിലും സ്വന്തം പ്രതിച്ഛായയില്‍ കരിനിഴല്‍ വീഴാതെ ജാഗരൂകനായിരിക്കുന്ന മുഖ്യമന്ത്രി അതേറ്റുപിടിക്കുകയായിരുന്നു.
മദ്യനയ പ്രഖ്യാപനത്തിനുശേഷം സംസ്ഥാനത്തെ 72 ബാറുകളില്‍ പഞ്ചനക്ഷത്ര പദവിയുള്ളതൊഴികെ മറ്റെല്ലാം പൂട്ടാനായിരുന്നു സര്‍ക്കാര്‍ നീക്കം. എന്നാല്‍ ഹൈക്കോടതി 33 ഫോര്‍സ്റ്റാര്‍ ബാറുകള്‍ക്ക് അനുമതി നല്കി. ബാറുകള്‍ പൂട്ടിയത് കോഴയിലേക്കുള്ള വാതില്‍ തുറക്കലായിരുന്നു. തങ്ങളുടെ ബാറുകള്‍ പൂട്ടാതിരിക്കാന്‍ ബാര്‍ മുതലാളിമാര്‍ ധനമന്ത്രിക്ക് കോടികള്‍ കോഴകൊടുത്തു എന്ന ആരോപണമാണ്, ഭരണകാര്യങ്ങളോ പക്ഷിപ്പനിയോ ഒന്നുമല്ല സഭയില്‍ ചര്‍ച്ച ചെയ്യുന്നത്. മാണിക്ക് നല്കിയ കോഴ സംബന്ധിച്ച് സിപിഎം-യുഡിഎഫ് ഒത്തുകളിയാണ് മറ്റൊരു വിവാദം. കോഴനല്കി എന്നവകാശപ്പെടുന്ന ബാര്‍ ഉടമ ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കാന്‍ വിജിലന്‍സ് തീരുമാനിച്ച സ്ഥിതിയ്ക്ക് മന്ത്രി കെ.എം.മാണിക്കെതിരെ എഫ്ഐആര്‍ തയ്യാറാക്കി കേസെടുക്കണമെന്നായിരുന്നു വിഎസിന്റെ ആവശ്യം.
ഇതാണ് വിഎസിന്റെ പാര്‍ട്ടിയായ സിപിഎം തന്നെ അട്ടിമറിച്ചത്. മാണി രാജിവച്ചില്ലെങ്കില്‍ സഭ നടത്താന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ പ്രതിപക്ഷം തന്നെയാണ് മാണിക്കെതിരെയുള്ള നടപടികള്‍ അട്ടിമറിച്ചത്. മാണിക്കെതിരായ നടപടി എന്തെന്ന് വ്യക്തമാക്കാന്‍കൂടി സമ്മതിക്കാതെ മാണിയെ രക്ഷിക്കാനായിരുന്നു ഔദ്യോഗിക പക്ഷത്തിന്റെ ശ്രമം. ഇതെല്ലാം തെളിയിക്കുന്നത് ബാറുകള്‍ കക്ഷിഭേദമില്ലാതെ രാഷ്ട്രീയ പാര്‍ട്ടികളുടെ കറവപ്പശു ആണെന്ന് തന്നെയാണ്.
നിലവാരമില്ലാത്ത 418 ബാറുകളുടെ പട്ടികയില്പ്പെട്ടിരുന്നിട്ടും ഫോര്‍ സ്റ്റാര്‍ പദവിയിലേക്കുയര്‍ത്തിയ ബാറുകളുമായി ബന്ധപ്പെട്ട 22 ഹര്‍ജികള്‍ പരിഗണിച്ച് കോടതി ഈ ബാറുകളുടെ ലൈസന്‍സ് അപേക്ഷ പരിഗണിച്ച് രണ്ടുമാസത്തിനകം നിയമാനുസൃത നടപടിയെടുക്കാന്‍ ഉത്തരവിട്ടു. ഫോര്‍സ്റ്റാര്‍ ഹെറിറ്റേജ് ബാറുകളെ നിരോധനത്തിന്റെ പരിധിയില്‍ നിന്നൊഴിവാക്കിയ വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നു. ഇപ്പോള്‍ മുഖ്യമന്ത്രി പ്രസ്താവിച്ചിരിക്കുന്നത് മദ്യനയം പുനഃപരിശോധിക്കുമെന്നാണ്. പ്രായോഗികതയും തൊഴിലാളി പ്രശ്നവും പരിഗണിച്ചാണ് നയം തിരുത്താനുള്ള മുഖ്യമന്ത്രിയുടെ നീക്കം. പക്ഷേ മദ്യ നിരോധനത്തിന്റെ വക്താവായ സുധീരന് മദ്യനയം തിരുത്തേണ്ട യാതൊരു ആവശ്യവുമില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. ഏതടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി ഇതുപറയുന്നതെന്നും സുധീരന് ചോദിക്കുന്നു. ദേശീയപാതയോരത്തെ ബിവറേജസിന്റെ മദ്യശാലകള്‍ മാറ്റണം എന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരുന്നത്. ദേശീയ-സംസ്ഥാന പാതയോരങ്ങളിലുള്ള ഷോപ്പുകള്‍ മാറ്റിസ്ഥാപിച്ച് മൂന്നാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് നവംബര്‍ 10 ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. അതിന് കാരണം വഴിയോര മദ്യശാലകള്‍ മദ്യപര്‍ക്ക് മദ്യപാനത്തിന് എളുപ്പമായ അവസരം ലഭ്യമാക്കുന്നതാണ്. ഇതുവഴി മദ്യപിച്ചുള്ള ഡ്രൈവിംഗ് വര്‍ധിക്കുകയും മദ്യപിച്ച് വണ്ടി ഓടിച്ചുണ്ടാകുന്ന അപകടങ്ങളില്‍ മരണസംഖ്യ വര്‍ധിക്കുകയും ചെയ്യുന്നു.
ബെവ്കോയുടെ കണക്കുപ്രകാരം ദേശീയ പാതയോരങ്ങളില്‍ 67 ഷോപ്പുകളും സംസ്ഥാന ഹൈവേകളില്‍ 69 ഷോപ്പുകളുമാണുള്ളത്. മദ്യനയത്തിന്റെ ഭാഗമായി പത്തുശതമാനം ബെവ്കോ ഷോപ്പുകള്‍ പൂട്ടുന്നുണ്ട്. 34 എണ്ണം പൂട്ടിയതില്‍ 14 എണ്ണം ദേശീയപാതയോരത്താണ്. ബിവറേജസ് ഷോപ്പുകള്‍ മാറ്റി സ്ഥാപിക്കുവാന്‍ പുതിയ സ്ഥലം ലഭ്യമാകാത്തതാണ് അവര്‍ നേരിടുന്ന പ്രശ്നം. കേരളം നേരിടുന്ന പ്രതിസന്ധികളില്‍ പ്രധാനമായ ഒന്നാണ് അമിതമദ്യപാനം എന്നിരിക്കിലും ഈ പ്രശ്നം സര്‍ക്കാരിന്റെയും സഭയുടെയും സമയം കവര്‍ന്നപ്പോള്‍ വിലക്കയറ്റംമൂലം ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതം ചര്‍ച്ചാവിഷയം പോലുമായില്ല. സപ്ലൈകോ വഴി നല്‍കിയിരുന്ന സബ്സിഡി സാധനങ്ങള്‍ 13 ല്‍നിന്ന് ഒന്‍പതായി കുറക്കുക മാത്രമല്ല, അവയുടെ വില വര്‍ധിപ്പിക്കുകയും ചെയ്തു. രൂക്ഷമായ വിലക്കയറ്റമുണ്ടായിട്ടും സര്‍ക്കാര്‍ നിസ്സംഗരാണ്. കണ്‍സ്യൂമര്‍ഫെഡ് അഴിമതിയുടെ കൂത്തരങ്ങാണെന്നും അതുപോലും അടച്ചുപൂട്ടാന്‍ സാധ്യത ഉണ്ടെന്നുമാണ് പ്രതിപക്ഷ ആരോപണം. ബാറുകള്‍ അടച്ചശേഷം അബ്കാരി കേസ് രജിസ്ട്രേഷനിലും വന്‍ വര്‍ധനയാണ് ഉണ്ടായത്. ഞായറാഴ്ച മദ്യനിരോധനം ഏര്‍പ്പെടുത്തിയശേഷം ശനിയാഴ്ചകളില്‍ അനുവദനീയമായതില്‍ കൂടുതല്‍ മദ്യം സൂക്ഷിക്കുകയാണ് മദ്യപാനികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: