ജലസമൃദ്ധമാണ് പെരിയാര്‍. മദ്രാസ് സംസ്ഥാനത്തെ ആയിരക്കണക്കിന് തരിശുഭൂമി ഫലഭൂയിഷ്ടമാക്കാന്‍ പെരിയാറിലെ ജലം തങ്ങള്‍ക്ക് നല്‍കണമെന്ന ആവശ്യവുമായി മദ്രാസ് സംസ്ഥാനം തിരുവിതാംകൂര്‍ മഹാരാജക്കന്മാരെ സമീപിച്ചു. തുടര്‍ന്ന് 1886 ല്‍ ശ്രീമൂലം തിരുനാള്‍ മഹാരാജാവും സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോര്‍ ഇന്ത്യ ജെ.സി. ഹനിംഗ്ടണുമായി ജലം വിട്ടുനല്‍കുന്നതിന് 999 വര്‍ഷത്തേക്ക് കരാറായി. മഹാരാജാവ് ഈയൊരു കരാറിന് നിര്‍ബന്ധിതനാവുകയായിരുന്നു. ശ്രീവിശാഖം തിരുനാള്‍ മഹാരാജാവിന്റെ കാലത്തും ഈ ഒരു ചര്‍ച്ച വന്നെങ്കിലും അദ്ദേഹം ഒപ്പിടുന്നത് മാറ്റിവച്ചു. കൃഷി ആവശ്യത്തിന് ജലസേചനത്തിനായിരുന്നു ഈ അനുമതി. 1930ല്‍ നല്കിയ വെള്ളം ഉപയോഗിച്ച് വൈദ്യുതി ഉത്പാദനം നടത്തുന്നുവെന്ന് തിരുവിതാംകൂര്‍ കണ്ടെത്തി. ഈ സംരംഭത്തില്‍ തിരുവിതാംകൂര്‍ പ്രതിഷേധിച്ചു. തുടര്‍ന്ന് നടന്ന വിപുലമായ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ആര്‍ബിട്രേഷനു വിടാന്‍ തീരുമാനമായി.
മദ്രാസ് ഹൈക്കോടതിയിലെ സര് ഡേവിഡ് ദേവദാസ് മദ്രാസിനുവേണ്ടിയും തിരുവിതാംകൂറിനുവേണ്ടി വി.എസ്. സുബ്രഹ്മണ്യ അയ്യരും ഹാജരായി. തുടര്‍ന്ന് ഭരണഘടന നിയമവിശാരദനായ സര് സി.പി.രാമസ്വാമി അയ്യര്‍ തിരുവിതാംകൂറിനു വേണ്ടിയും മദ്രാസ് സംസ്ഥാനത്തിനുവേണ്ടി അഡ്വക്കേറ്റ് ജനറല്‍ സര് അല്ലാടി കൃഷ്ണസ്വാമി അയ്യരും വാദം തുടര്‍ന്നു. ജലം നല്‍കിയത് ജലസേചനത്തിനു മാത്രമാണെന്ന് തിരുവിതാംകൂറും തങ്ങള്‍ക്ക് ലഭിച്ചജലം എങ്ങനെ വിനിയോഗിക്കണമെന്നുള്ള വിവേചനം തങ്ങള്‍ക്കുണ്ടെന്ന് മദ്രാസും വാദിച്ചു. അഭിപ്രായ സമന്വയം ഉണ്ടാകാത്ത സാഹചര്യത്തില്‍ റഫറിയായി കല്‍ക്കട്ട ഹൈക്കോടതിയിലെ ജഡ്ജായിരുന്ന സര് നളിനി രഞ്ജന്‍ ചാറ്റര്‍ജിയെ അധികാരപ്പെടുത്തി. സര് സി.പിയും അല്ലാടി കൃഷ്ണസ്വാമി അയ്യരും തന്നെ രണ്ടു സംസ്ഥാനങ്ങള്‍ക്കുവേണ്ടി ഹാജരായി. ജലം നല്‍കുന്നത് കരാര്‍ പ്രകാരം ജലസേചനത്തിനായതിനാല്, അതിനുവേണ്ടി മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ എന്ന് തീര്‍പ്പായി. അത് രണ്ടു സംസ്ഥാനങ്ങളും അംഗീകരിച്ചു.
ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുമ്പോള്‍ ഇതായിരുന്നു സ്ഥിതി. ബ്രിട്ടീഷ് ഭരണം അവസാനിച്ചപ്പോള്‍ ബ്രിട്ടീഷ് സര്‍ക്കാരും നാട്ടുരാജാക്കന്മാരുമായുള്ള എല്ലാ ഉടമ്പടികളും സ്വമേധയാ റദ്ദാക്കപ്പെടുമെന്നു പ്രഖ്യാപനമുണ്ടായി. അന്ന് മദ്രാസ് ബ്രിട്ടീഷ് ഭരണത്തിന്‍കീഴിലായിരുന്നു. 1949ല്‍ തിരുവിതാംകൂറും കൊച്ചിയും സ്ഥാപിതമായപ്പോഴുള്ള സ്ഥിതി ഇങ്ങനെയായിരുന്നു.
ലോകത്തൊരിടത്തും 999 വര്‍ഷത്തേക്ക് എന്ന ഒരു കാലയളവിലേക്ക് ഒരു കരാറും ഒപ്പിട്ട ചരിത്രമില്ല. തിരുവിതാംകൂറിലെ മഹാരാജാക്കന്മാര് ആദ്യം മുതലേ ഇപ്രകാരം ജലം നല്‍കുന്നതിന് ഒരു കരാര്‍ ഒപ്പിടാന്‍ വിസമ്മതിച്ചത് ദീര്‍ഘവീക്ഷണത്തോടെ തന്നെയാണ്. തങ്ങളുടെ കയ്യില്‍നിന്നും ഭരണാധികാരം നഷ്ടപ്പെടുമെന്നും ജനാധിപത്യസംവിധാനം നിലവില്‍ വരുമെന്നും അവരത് ഇപ്രകാരമൊക്കെ ചെയ്യുമെന്നും അന്നേ അവര്‍ കണ്ടിരുന്നു.
തുടര്‍ന്ന് 1952 ല്‍ തങ്ങള്‍ക്ക് പെരിയാര്‍ ജലം ലഭ്യമാക്കണമെന്ന ആവശ്യവുമായി മദ്രാസ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. പുതിയൊരു കരാര്‍ രൂപപ്പെടുന്നതുവരെ ജലം നല്‍കാമെന്ന നിലപാട് തിരുകൊച്ചി സര്‍ക്കാര്‍ എടുത്തു. 1952 ല്‍ കളത്തില്‍ വേലായുധന് നായര്‍ ഇറിഗേഷന്‍ മന്ത്രിയായിരുന്നപ്പോള്‍ മദ്രാസ് മുഖ്യമന്ത്രി സര് സി. രാജഗോപാലാചാരി ഒരു പുതിയ കരാര്‍ ഉണ്ടാക്കണമെന്നാവശ്യപ്പെട്ടു. അന്ന് ഒരു കരാറും ജലവിനിമയത്തിന് നിലവിലില്ലായിരുന്നു. പരസ്പര ചര്‍ച്ചയിലൂടെ ഇത് നടത്താമെന്നായി. 1954ല്‍ ഇറിഗേഷന്‍ മന്ത്രി എ. അച്യുതനും എല്ലാവശങ്ങളും പരിഗണിച്ചശേഷം കരാര്‍ തയ്യാറാക്കാമെന്ന നിലപാട് സ്വീകരിച്ചു. മുഖ്യമന്ത്രിയായിരുന്ന പട്ടവും അച്യുതനും സംസ്ഥാനത്തിന് ദോഷകരമായ ഒരു കരാറും ഒപ്പിടുന്നവരല്ലായിരുന്നു.
1956 ല്‍ കേരള പിറവി വരെ തല്‍സ്ഥിതി തുടര്‍ന്നു. എന്നാല്‍ എല്ലാറ്റിനും വിരുദ്ധമായി 1970ല്‍ സി.അച്യുതമേനോന് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ 999 വര്‍ഷത്തേക്ക് 1886 ലെ നദീജലകരാറില്‍ ഭേദഗതി ചെയ്തുകൊടുക്കുകയും ചെയ്തു. ഇതിനുപുറമെ എല്ലാ മാനദണ്ഡങ്ങളും ഒഴിവാക്കി എല്ലാ അവകാശങ്ങളും അനുബന്ധമായവ ഉള്‍പ്പെടെ അടിയറവച്ചു. ഹൈട്രോ ഇലക്ട്രിക് ഉപയോഗത്തിനു ജലം ഉപയോഗിക്കാമെന്ന അവകാശവും മദ്രാസിനു തിട്ടൂരം നല്കി. ജസ്റ്റീസ് ചാറ്റര്‍ജി നല്കിയ വിധി ഇതിലൂടെ റദ്ദായി.
ശ്രീമൂലം തിരുനാള്‍ മഹാരാജാവിനെ സമ്മര്‍ദ്ദത്തിലാക്കി നടപ്പിലാക്കിയ കരാറല്ലാതെ 1948 മുതല്‍ നിലവില്‍ വന്ന ഒരു ജനകീയ സര്‍ക്കാരും മറ്റൊരു കരാറും ഒപ്പിട്ടിരുന്നില്ല. ഭേദഗതി എന്ന രീതിയിലാണ് 1970ല്‍ തമിഴ്നാടുമായി കരാര്‍ ഒപ്പിടുന്നത്. നിലവിലില്ലാത്ത കരാറിന് എങ്ങനെയാണ് ഒരു ഭേദഗതി. അതുകൊണ്ടുതന്നെ ഇതിന് നിയമസാധുത ഇല്ല. റദ്ദാക്കപ്പെട്ട ഈ കരാര്‍ എങ്ങനെ ഈ വിധത്തില്‍ പുനര്‍ജ്ജനിച്ചു എന്നുള്ളത് ഒരു സമസ്യയായി നിലനില്ക്കുന്നു.
അഡ്വ.കെ.അയ്യപ്പന്‍പിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: