നരേന്ദ്രമോദിക്കെതിരെ നട്ടാല്‍ പൊടിക്കാത്ത പെരും നുണകള്‍ എഴുന്നെള്ളിച്ച് ജനങ്ങളെ വിഡ്ഢികളാക്കുന്ന സിപിഎമ്മിന് സ്വയം പ്രഹരമേറ്റിരിക്കുകയാണ്. മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് ആശയങ്ങളുടെ സ്വര്‍ണ്ണഖനിയെന്ന് അഭിമാനിച്ചിരുന്ന പാര്‍ട്ടിക്ക് അനുദിനം ശോഷണം സംഭവിക്കുന്നതിന്റെ പൊരുള്‍ അവര്‍ക്ക് ഇതുവരെ പിടികിട്ടിയിട്ടില്ല. എന്നാല്‍ ജനങ്ങള്‍ക്ക് അത് ആവോളം മനസ്സിലാക്കാനുമായി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പുവേളയില്‍ കണക്കുകൂട്ടിയ സകലതും പൊടുന്നനെ നഷ്ടപ്പെട്ടിട്ടും ശരിയായ ദിശയിലേക്ക് പോകാന്‍ കൂട്ടാക്കാത്ത പാര്‍ട്ടിയാണ് സിപിഎം. തങ്ങള്‍ പിടിച്ച മുയലിന് രണ്ടാണ് കൊമ്പെന്ന് ശഠിക്കുകയും അത് സകലരെയുംകൊണ്ട് അംഗീകരിപ്പിക്കുകയും ചെയ്യുകയെന്ന സൃഗാലതന്ത്രമാണ് ആ പാര്‍ട്ടി പയറ്റുന്നത്. അതിന്റെ നിരര്‍ത്ഥകത എത്രയറിഞ്ഞിട്ടും യാഥാര്‍ത്ഥ്യ ബോധത്തിലേക്കവര് വരുന്നില്ല.
അതേസമയം ആ പാര്‍ട്ടിയില്‍ വകതിരിവുള്ള ഒട്ടേറെ പേര് തങ്ങളുടെ തെറ്റ് മനസ്സിലാക്കുകയും ആത്മാര്‍ത്ഥമായ സമീപനം സ്വീകരിക്കുകയും ചെയ്യുന്നു. അതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് കഴിഞ്ഞ ദിവസം ത്രിപുര മുഖ്യമന്ത്രി നടത്തിയ ശ്രദ്ധേയമായ പരിപാടി. രാജ്യത്തെ ഓരോപ്രദേശവും ഒരേപോലെ ഉണര്‍ന്നെഴുന്നേറ്റെങ്കില്‍ മാത്രമേ മൊത്തം ഉയര്ച്ചയുണ്ടാവൂ എന്ന വിശ്വാസക്കാരനാണ് പ്രധാനമന്ത്രി. ഒരു പാര്‍ട്ടിയുടേയോ മതവിഭാഗത്തിന്റെയോ പ്രധാനമന്ത്രിയല്ല മൊത്തം രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ് താന്‍ എന്ന് അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം അദ്ദേഹം പ്രഖ്യാപിക്കുന്നുമുണ്ട്. അതിനനുസരിച്ച പ്രവര്‍ത്തന പദ്ധതികളും നടപ്പാക്കാനുള്ള വഴികളും അദ്ദേഹം വിശദീകരിക്കുന്നു. നേരിട്ടുള്ള വിദേശ നിക്ഷേപമായ എഫ്ഡിഐ എന്നതിനെ മോദി ആദ്യം രാജ്യ വികസനം (ഫസ്റ്റ് ഡവലപ്മെന്റ് ഇന്ത്യ) എന്ന് വിശേഷിപ്പിക്കുന്നതിന്റെ അന്തസ്സത്തയും മറ്റൊന്നല്ല.
നരേന്ദ്രമോദിയുടെ അത്ഭുതകരമായ ഈ കാഴ്ചപ്പാടിനനുസരിച്ച് വേണം ഭരണം മുന്നോട്ടുകൊണ്ടുപോകാന്‍ എന്ന് വിശ്വസിക്കുന്ന ഒരു മുഖ്യമന്ത്രിയാണ് ത്രിപുരയിലുള്ളത്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ഏറ്റവും ഊര്‍ജസ്വലനും ലളിത ജീവിതത്തിനുടമയുമായ മണിക് സര്‍ക്കാര്‍ എന്നും ത്രിപുരയില്‍ അനിഷേധ്യ വിജയത്തോടെ മുന്നേറുന്നതിന്റെ കാരണവും ഇതു തന്നെ. ജനങ്ങളുടെ ഉയര്‍ച്ചയാണ് അഭികാമ്യം എന്നും അതിന് ഏതറ്റംവരെയുള്ള പ്രവര്‍ത്തനം നടത്താനും സന്നദ്ധനാണ് താനെന്നും അദ്ദേഹം ജീവിതംകൊണ്ട് തെളിയിച്ചുകൊടുക്കുന്നുണ്ട്. അതുകൊണ്ടു തന്നെയാവണം അദ്ദേഹത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി മാതൃകാ പുരുഷനായത്. ഒരുതരത്തിലുള്ള രാഷ്ട്രീയ വൈരവും വെച്ചുപുലര്‍ത്താതെ നരേന്ദ്രമോദിയെ എല്ലാവിധ ആദരവോടും കൂടി അദ്ദേഹം കഴിഞ്ഞ ദിവസം ത്രിപുരയിലേക്ക് വരവേറ്റു.
ഒരു രാജ്യത്തെ സമ്പല്‍സമൃദ്ധിയിലേക്ക് നയിക്കുന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടും നിലപാടും എന്താണെന്നറിയാനുള്ള ഔത്സുക്യവും അത് പ്രവൃത്തിപഥത്തില്‍ എത്തിക്കാനുള്ള താല്‍പ്പര്യവുമാണ് മണിക്സര്ക്കാരിനുള്ളത്. കഴിഞ്ഞ ദിവസം അദ്ദേഹം നരേന്ദ്രമോദിയെ സംസ്ഥാനത്തേക്ക് ക്ഷണിച്ചതിന്റെ ഉദ്ദേശ്യവും അതുതന്നെ. തന്റെ മന്ത്രിസഭാംഗങ്ങളുമായി ഒരു കൂടിച്ചേരലിനും ഹൃദയം തുറന്നുള്ള ചര്‍ച്ചയ്ക്ക് സമയം കണ്ടെത്താനുമായിരുന്നു അത്. ജനങ്ങളുടെ ഉയര്‍ച്ചയും വളര്‍ച്ചയും അതുവഴി നാടിന്റെ വികസനവുമാണ് മണിക്സര്ക്കാര് ലക്ഷ്യമിട്ടത്. രാഷ്ട്രീയത്തിന്റെ ക്ഷുദ്രകീടങ്ങള്‍ പെറ്റുപെരുകുന്ന ഭൂമികയില്‍ വികസനവും വളര്‍ച്ചയും മരുമരീചികയാണെന്ന് അനുഭവിച്ചറിഞ്ഞ വ്യക്തിയാണ് ആ മുഖ്യമന്ത്രി. ഇക്കാര്യം മറ്റാരെക്കാളും നന്നായി അറിയുന്ന നരേന്ദ്രമോദിയെയല്ലാതെ ആരെയാണ് ത്രിപുര മുഖ്യമന്ത്രി ക്ഷണിക്കുക? രാഷ്ട്രീയത്തെക്കാളുപരി ജനതാല്‍പ്പര്യത്തിന് മുന്‍ഗണന കൊടുക്കുന്ന അപൂര്‍വം വ്യക്തികളില്‍ ഒരാളാണ് മണിക് സര്‍ക്കാര്‍. ഇക്കാര്യത്തില്‍ പുതുമയില്ലാത്തതും അതുകൊണ്ടുതന്നെയാണ്. ഇന്ത്യന്‍ മനസ്സിന്റെ താല്‍പ്പര്യം അറിഞ്ഞ് ഭരിക്കുന്ന ഒരാളായതുകൊണ്ടാണ് കമ്യൂണിസം അല്‍പ്പമെങ്കിലും അവിടെ കാണാനാവുന്നത്.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ സന്ദര്‍ശനത്തിന്റെ ഭാഗമായി എത്തിയ നരേന്ദ്രമോദിക്ക് ഊഷ്മളമായ സ്വീകരണമൊരുക്കാനും വികസന കാഴ്ചപ്പാടുകള്‍ മന്ത്രിസഭാംഗങ്ങളുമായി പങ്കിടാനും ഇതിലും പറ്റിയ മറ്റൊരു അവസരമുണ്ടാകില്ലെന്ന തിരിച്ചറിവാണ് മണിക് സര്‍ക്കാരിനെ ഇത്തരമൊരു ക്രിയാത്മക നടപടിയിലേക്ക് എത്തിച്ചത്. രാഷ്ട്രീയത്തിന്റെ അസഹിഷ്ണുതാ വൈറസുകള്‍ സജീവമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയിലെ പല നേതാക്കള്‍ക്കും അദ്ദേഹത്തിന്റെ നടപടി രുചിച്ചിട്ടില്ല. വിവിധ മാധ്യമങ്ങള്‍ വഴി അവര്‍ നടത്തിയ പ്രതികരണങ്ങളില്‍ നിന്ന് അത് വ്യക്തമാണ്. അത്തരം നേതാക്കളുടെ ദുരുപദിഷ്ടമായ പ്രവര്‍ത്തനം തന്നെയാണ് ആ പാര്‍ട്ടിക്ക് ശവക്കുഴി തോണ്ടുന്നതും.
വികസനത്തില്‍ രാഷ്ട്രീയമില്ല രാഷ്ട്രമേയുള്ളു എന്ന എന്‍ഡിഎ സര്‍ക്കാരിന്റെ നിലപാട് കൊടിയടയാളമാക്കി മുന്നേറുന്ന നരേന്ദ്രമോദിയെ സംബന്ധിച്ചിടത്തോളം ഇതില്‍ വലിയ പ്രത്യേകതയൊന്നുമില്ല. ഹൃദയം ഹൃദയത്തെ തിരിച്ചറിയുന്നു എന്ന ആപ്തവാക്യം ഇവിടെ പ്രസക്തമാണ്. രാഷ്ട്രീയം ചൂണ്ടിക്കാട്ടി അകറ്റിനിര്‍ത്തുന്നത് ഭരണാധികാരികള്‍ അതാത് പ്രദേശത്തെ ജനങ്ങളോട് ചെയ്യുന്ന കടുത്ത ദ്രോഹമാണെന്ന് സ്വയം തിരിച്ചറിയണം. അത്തരം തിരിച്ചറിവിലേക്ക് ഇന്ന് മണിക് സര്‍ക്കാരിനെ പോലുള്ളവര്‍ ഉണര്‍ന്നെഴുന്നേറ്റെങ്കില്‍ നാളെ അത്തരക്കാരുടെ സംഖ്യ ക്രമാതീതമായി വര്‍ദ്ധിക്കും. വാക്കും പ്രവൃത്തിയും സമഞ്ജസമായി സമ്മേളിച്ച് മുന്നോട്ടുപോവുമ്പോള്‍ വാചാടോപങ്ങള്‍ക്ക് എന്ത് പ്രസക്തി?
പ്രതികരിക്കാൻ ഇവിടെ എഴുതുക: