15. ശിവശക്തൈ്യക്യരൂപിണി: സൗന്ദര്യലഹരി പരാശക്തിയായ ദേവിയെ ശിവശക്തൈ്യക്യരൂപിണിയായി സ്തുതിക്കുന്ന കൃതിയാണ്. ശങ്കരഭഗവത് പാദര്‍ ശിവാനന്ദലഹരി എന്നപേരില്‍ ശിവനെ സ്തുതിക്കുന്ന നൂറു ശ്ലോകങ്ങളുള്ള ഒരു സ്‌തോത്രം രചിച്ചിട്ടുണ്ട്. അതിന്റെ ആദ്യശ്ലോകം നോക്കാം.
”കലാഭ്യാം ചൂഡാലം കൃതശശികലാഭ്യാസം നിജതപഃ
ഫലാഭ്യാം ഭക്തേഷു പ്രകടിതഫലാഭ്യാം ഭവതു മേ
ശിവാഭ്യാമ സ്‌തോകാത്രി ഭുവനശിവാഭ്യാം ഹൃദി പുനര്‍-
ഭവാഭ്യാമാനന്ദസ്ഫുരദനുഭവാഭ്യാം നതിരിയം”
(കലാരൂപികളും ചന്ദ്രക്കല ശിരോഭൂഷണമായി അണിഞ്ഞിട്ടുള്ളവരും രണ്ടുപേരും ചെയ്ത തപസ്സിന്റെ ഫലമായവരും ഭക്തര്‍ക്കു പ്രത്യക്ഷഫലമായവരും മൂന്നു ലോകങ്ങള്‍ക്കും മംഗളമായവരും ഹൃദയത്തില്‍ വീണ്ടും വീണ്ടും ആനന്ദസ്ഫുരണമായി അനുഭവപ്പെടുന്നവരും ആയ ശിവനും ശിവയ്‌ക്കും എന്റെ ഈ നമസ്‌കാരം ഭവിക്കട്ടെ. ഞാന്‍ അവരെ നമസ്‌കരിക്കുന്നു.)
വാഗ്‌ദേവതകളുടെ രചന എന്നു പ്രസിദ്ധമായ ലളിതാസഹസ്രനാമം അവസാനിക്കുന്നത്
”ശ്രീ ചക്രരാജനിലയാ ശ്രീമത് ത്രിപുരസുന്ദരീ
ശ്രീ ശിവ ശക്തൈ്യക രൂപിണീ ലളിതാംബികാ”
എന്നാണ്. ഈ മൂന്നു ശ്ലോകങ്ങളും ഇവിടെ ഉദ്ധരിച്ചത് ശ്ലോകങ്ങളുടെ ഉള്ളടക്കം താരതമ്യപ്പെടുത്താനല്ല. ശിവന്‍, ശക്തി എന്നിവയുടെ സാമരസ്യം വ്യക്തമാക്കാനാണ്. ശക്തിയെകൂടാതെ ശിവന് സ്പന്ദിക്കാന്‍പോലും കഴിയുകയില്ല എന്ന് സൗന്ദര്യലഹരിയില്‍ ആചാര്യര്‍ പറഞ്ഞു. സൗന്ദര്യലഹരി ദേവീ സ്‌തോത്രമാണ്.
ശിവസ്‌തോത്രമായ ശിവാനന്ദലഹരിയിലെ വന്ദനശ്ലോകത്തിലെ എല്ലാ സ്തുതിവചനങ്ങളും ശിവപാര്‍വതിമാരെ ഒരുമിച്ചു കണ്ടുകൊണ്ട് ദ്വിവചനത്തിലാണ്. ദേവീസ്തുതിയായ ലളിതാസഹസ്രനാമത്തില്‍ 995 നാമങ്ങള്‍കൊണ്ടു ദേവിയെ സ്തുതിച്ചുകഴിഞ്ഞ് വാഗ്‌ദേവതകള്‍ കാണുന്നത് ശ്രീചക്രബിന്ദുരൂപത്തില്‍ ശിവനോടു ചേര്‍ന്നിരിക്കുന്ന ലളിതാംബികയെയാണ്.
ശിവനും ശിവയും തമ്മിലുള്ള ബന്ധത്തെ അവിനാഭാവബന്ധം എന്നുപറയാം. ഒന്നില്ലെങ്കില്‍ മറ്റതും ഇല്ല എന്ന മട്ടിലുള്ള ബന്ധം. തീയുണ്ടെങ്കില്‍ ചൂടും ഉണ്ട് ചൂടില്ലെങ്കില്‍ തീയും ഇല്ല എന്നപോലെ. ശിവനുണ്ടെങ്കില്‍ ശക്തിയുമുണ്ട്. ശക്തിയില്ലെങ്കില്‍ ശിവനുമില്ല. ഒരിക്കലും പിരിയാതെ ചേര്‍ന്നിരുന്ന് ലോകഗതിയെ നിയന്ത്രിക്കുന്ന ശിവശക്തൈ്യക്യത്തെ കാളിദാസ കവി വന്ദിക്കുന്നത്.
”വാഗര്‍ത്ഥാ വിവ സംപൃക്തൗ വാഗര്‍ത്ഥ പ്രതിപത്തയേ
ജഗതഃ പിതരൗ വന്ദേ പാര്‍വതീപരമേശ്വരൗ”
(വാക്കും അര്‍ത്ഥവും തമ്മിലെന്നപോലെ ചേര്‍ന്നിരിക്കുന്ന ലോകപിതാക്കളായ പാര്‍വതീ പരമേശ്വരന്മാരെ ഞാന്‍ വന്ദിക്കുന്നു) എന്നാണ്. ശിവശക്തികളുടെ ഐക്യത്തില്‍ നിന്നാണ് പ്രപഞ്ചം ഉണ്ടാകുന്നതും നിലനില്‍ക്കുന്നതും.
‘മൂകാംബികാ’ എന്ന ഒന്നാം നാമത്തിന്റെ വ്യാഖ്യാനത്തില്‍ മേരുരൂപത്തിലുള്ള ശ്രീചക്രത്തിന്റെ ശിവലിംഗാകൃതിയായ ശൃംഗമായാണ് മൂകാംബികാദേവിയെ ആരാധിക്കുന്നതെന്നു പറഞ്ഞിരുന്നു. ശിവലിംഗാകൃതിയുള്ള മേരുശൃംഖത്തിന്റെ വലിപ്പം കൂടിയ ഇടതുഭാഗം ദേവിയും വലതുഭാഗം ശിവനും. രണ്ടുപേരെയും തമ്മില്‍ ബന്ധിപ്പിക്കുന്നതും പ്രപഞ്ചത്തിന്റെ നേര്‍ക്ക് ഇരുവര്‍ക്കുമുള്ള വാത്സല്യത്തിന്റെ പ്രതീകവുമായ സുവര്‍ണ രേഖ സന്താനങ്ങളായ നമ്മെ ഒരിക്കലും പിരിയാത്ത മാതാ പിതാക്കളായ ശിവശക്തികളോടു ബന്ധിക്കുന്നു.
…. തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: