പത്തനംതിട്ട: മദ്ധ്യതിരുവിതാംകൂറില്‍ ആദ്യമായി സോമയാഗം ഇളകൊള്ളൂരില്‍ ഏപ്രില്‍ 20 മുതല്‍ 26 വരെ നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇളകൊള്ളൂര്‍ ശ്രീമഹാദേവര് ക്ഷേത്രസമിതിയുടേയും വേദസാര ചാരിറ്റബിള്‍ ട്രസ്റ്റിന്റേയും ആഭിമുഖ്യത്തിലാണ് യാഗം സംഘടിപ്പിക്കുന്നത്. ക്ഷേത്രത്തിന് സമീപമുള്ള മൈതാനിയില്‍ ഏഴുദിവസത്തെ യാഗത്തിന് വിപുലമായ സൗകര്യങ്ങള്‍ ഒരുക്കും.
പത്തുലക്ഷത്തോളം ആളുകള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സോമലത എന്ന ഔഷധ സസ്യത്തിന്റെ സത്ത് ഹോമിച്ച് നടത്തുന്നയാഗം അന്തരീക്ഷത്തേയും ഭൂമിയേയും ശുദ്ധീകരിക്കുന്നതിലൂടെ പ്രദേശവാസികള്‍ക്ക് ഐശ്യര്യം പ്രദാനം ചെയ്യുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.പ്രകൃതിയും ശരീരവും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിനുകൂടിയാണ് രാജഭരണകാലം മുതല്‍ ഇത്തരം യാഗങ്ങള്‍ നടത്തുന്നത്. പങ്കെടുക്കുന്നവര്‍ക്ക് മാത്രമല്ല പ്രദേശവാസികളായ എല്ലാര്ക്കും ഇതിലൂടെ ഗുണഫലമുണ്ടാകും. ഏഴുദിവസങ്ങളിലായി പ്രത്യേക ഹോമങ്ങള്‍ക്കും പൂജകള്‍ക്കും പുറമേ വൈകുന്നേരങ്ങളില്‍ ശാസ്ത്രീയ നൃത്തരൂപമടക്കമുള്ള കലാപരിപാടികളും നടക്കും. സോമയാഗം ഇന്റര്‍നെറ്റിലൂടെ ലോകം മുഴുവന്‍ കാണുന്നതിനുള്ള സൗകര്യവും ഒരുക്കുമെന്ന് സംഘാടകര്‍ പറഞ്ഞു.
വേദസാരം ചാരിറ്റബിള്‍ ട്രസ്റ്റ് ഭാരവാഹികളായ ജെ.പ്രസന്നകുമാര്‍, അനീഷ് വി.പോറ്റി, ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് മനോഹരന്‍നായര്‍,സിനിമാ സീരിയല്‍ താരങ്ങളായ ആര്.രാജ, ഊര്‍മ്മിള ഉണ്ണി, സുബ്ബലക്ഷ്മിയമ്മാള് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു. തുടര്‍ന്ന് മണ്ണില്‍ റീജന്‍സി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഊര്‍മ്മിളാ ഉണ്ണി ഭദ്രദീപം തെളിയിച്ചു. ് സുബ്ബലക്ഷ്മിയമ്മാളിന്റെ ഗാനാര്‍ച്ചനയും നടന്നു. എന്‍എസ്എസ് താലൂക്ക് യൂണിയന് പ്രസിഡന്റ് അഡ്വ.സി.എന്‍.സോമനാഥന്‍നായര്‍, എസ്എന്‍ഡിപി യൂണിയന് പ്രസിഡന്റ് കെ.പത്മകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: