കുമരകം: കുമരകം പഞ്ചായത്തിലെ തൊഴിലുറപ്പു പദ്ധതിയില്‍ ജോലിയെടുക്കുന്ന സ്ത്രീകളെ സിപിഎം നേതൃത്വം ഭീഷണിപ്പെടുത്തുന്നു. പാര്‍ട്ടി ആഹ്വാനം ചെയ്യുന്ന പരിപാടികളില്‍ പങ്കെടുക്കാത്ത സ്ത്രീകള്‍ക്ക് തൊഴിലുറപ്പ് പദ്ധതിയില്‍ പണിയെടുക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞാണ് ഭീഷണി. സിപിഎമ്മില്‍ നിന്ന് നൂറുകണക്കിന് ആളുകള്‍ ബിജെപിയില്‍ ചേര്‍ന്നതില്‍ വിറളിപൂണ്ടാണ് സിപിഎം ഈ രീതിയില്‍ ഭീഷണിപ്പെടുത്തുന്നത്.
സിപിഎം കോട്ടയം ഏരിയാ സമ്മേളനം കുമരകത്ത് നടത്താന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ആളുകളുടെ കൊഴിഞ്ഞുപോകല്‍ സിപിഎമ്മിന് തലവേദന ആയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സമ്മേളനത്തിന്റെ പ്രകടനത്തില്‍ പങ്കെടുക്കാത്തവരെ തൊഴിലുറപ്പു പദ്ധതിയില്‍ ജോലികൊടുക്കില്ലെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നത്.
കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ തൊഴിലുറപ്പു പദ്ധതിയെ പഞ്ചായത്തിന്റെ പരിപാടിയായി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് സിപിഎം ഭരിക്കുന്ന സ്ഥലങ്ങളില്‍ ജനങ്ങളെ വഞ്ചിക്കുന്നത്. എന്നാല്‍ കുമരകത്ത് ബിജെപി ശക്തമായ സാഹചര്യത്തില്‍ സിപിഎമ്മിന്റെയും ജനവഞ്ചന ജനങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. ക്ഷേത്രാചാര ചടങ്ങുകള്‍ക്ക് പരസ്യമായ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന സിപിഎം ഇപ്പോള്‍ ശ്രീനാരായണ ഗുരുവിന്റെ ചരിതം നാടകമായി ഏരിയാ സമ്മേളനത്തോടനുബന്ധിച്ച് അവതരിപ്പിച്ച് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ശ്രമിക്കുകയാണ്.
പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാത്തതിന്റെ പേരില്‍ തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തില്ലെന്ന് പറഞ്ഞ് സിപിഎം ഭീഷണി മുഴക്കുന്നതില്‍ ഭയന്ന് ജനങ്ങള്‍ ബിജെപി നേതൃത്വത്തിന് പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: