രാജ്യമെമ്പാടുമുള്ള പോലീസ് മേധാവികളുടെയും അന്വേഷണ ഏജന്‍സി തലവന്മാരുടെയും യോഗം എത്തിച്ചേര്‍ന്ന നിഗമനങ്ങള്‍ ഏറെ പ്രാധാന്യമുള്ളതാണ്. ഇമ്മാതിരി യോഗങ്ങള്‍ തലസ്ഥാനമായ ദല്‍ഹിയില്‍ മാത്രം ചേരുകയാണ് പതിവ്. എന്നാല്‍ ആ പതിവ് തെറ്റിച്ചുകൊണ്ട് പുതിയൊരു കീഴ്വഴക്കമാണ് കേന്ദ്രസര്‍ക്കാര്‍ സൃഷ്ടിച്ചിരിക്കുന്നത്. വടക്കു കിഴക്കന്‍ സംസ്ഥാനമായ അസമിലെ ഗുവാഹത്തിയായിരുന്നു യോഗത്തിന്റെ വേദി.
ഭീകരവാദികളുടെയും നുഴഞ്ഞുകയറ്റക്കാരുടെയും സ്വാധീനം ഏറെയുള്ള അസമില്‍ യോഗംചേര്ന്നുവെന്ന് മാത്രമല്ല സുപ്രധാനമായ വിലയിരുത്തലുകളും നടത്തിയിരിക്കുന്നു. ഇത് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കാകെ ആത്മവിശ്വാസം നല്‍കുകയും സുരക്ഷാബോധം സൃഷ്ടിക്കുകയും ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല. കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ആദ്യദിവസവും രണ്ടാം ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയും യോഗത്തില്‍ പങ്കെടുത്തതും പ്രത്യേകതയാണ്. ഗുജറാത്തിലും യുപിയിലും മുഖ്യമന്ത്രിമാരായി ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്തവരാണിരുവരും എന്നതും പ്രാധാന്യമര്‍ഹിക്കുന്നു. അവരുടെ അനുഭവങ്ങള്‍ പങ്കുവച്ചതും മാറിയ സാഹചര്യത്തില്‍ ക്രമസമാധാനപാലനവും രാജ്യസുരക്ഷയും കൈകാര്യംചെയ്യാന്‍ പോലീസിന്റെ പ്രവര്‍ത്തനവും പരിശീലനവും ആധുനികവല്‍ക്കരിക്കുന്നതു സംബന്ധിച്ച് ഏറെ ഗൗരവത്തില്‍ ചര്‍ച്ച ചെയ്തുവെന്നതും ശ്രദ്ധേയമാണ്. സാധാരണ ഇമ്മാതിരി യോഗങ്ങള്‍ ചടങ്ങായി പര്യവസാനിക്കുകയാണ് പതിവ്. അതില്‍ നിന്നും ഭിന്നമായി നാനാവിധ പ്രശ്നങ്ങള്‍ സംബന്ധിച്ച് പ്രത്യേകം പ്രത്യേകം ചര്‍ച്ചയും നിഗമനങ്ങളും തീരുമാനങ്ങളും കൈക്കൊള്ളുകയും ചെയ്തിരിക്കുകയാണ്.
ഭീകരസംഘടനകളായ ഇസ്ലാമിക് സ്റ്റേറ്റ്, അല്‍ഖ്വയിദ എന്നിവര്‍ രാജ്യത്ത് കനത്ത സുരക്ഷാ വെല്ലുവിളിയാണ് ഉയര്‍ത്തുന്നതെന്ന് ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടര്‍ ആസിഫ് ഇബ്രാഹിം നടത്തിയ നിരീക്ഷണം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഭാരതത്തിന്റെ അതിര്‍ത്തിപ്രദേശങ്ങളില്‍ ഭീകരസംഘടനകളുടെ ആക്രമണം ശക്തമായിക്കൊണ്ടിരിക്കുന്ന സാചര്യത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഇനിയും ശക്തമാക്കണമെന്നാണ് ഇന്റലിജന്‍സ് മേധാവിയുടെ നിര്‍ദ്ദേശം. അല്‍ഖ്വയ്ദയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരസംഘടന ഭാരതത്തെയാണ് ലക്ഷ്യം വയ്ക്കുന്നത്. അഫ്ഗാനിസ്ഥാന്റെയും പാക്കിസ്ഥാന്റെയും പിന്തുണയോടെയാണ് ഈ സംഘടന രാജ്യത്ത് പ്രവര്‍ത്തനം നടത്തിവരുന്നത്. ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയിലേക്ക് ഭാരതത്തില്‍നിന്നുള്ള യുവാക്കളെ റിക്രൂട്ട് ചെയ്തത് രാജ്യത്തിന്റെ സുരക്ഷയ്ക്കാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഷഹീന് ടങ്കി, ഫഹദ് ഷെയ്ഖ്, അമന് ടണ്ടല് എന്നിവരെയാണ് ഇസ്ലാമിക് ഭീകര സംഘടനയിലേക്ക് റിക്രൂട്ട് ചെയ്തിട്ടുള്ളത്. ഇവര്‍ ദക്ഷിണ ഏഷ്യയിലെ വിശുദ്ധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനെന്ന പേരിലാണ് രാജ്യം വിട്ടത്. ഇവരെ കാണാതായതിനുശേഷം നാലുപേരും സുന്നി ഭീകരസംഘടനയില്‍ ചേര്‍ന്നെന്ന സംശയത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ പ്രവര്‍ത്തിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.
സോഷ്യല്‍ നെറ്റ്വര്‍ക്കിംങ് സൈറ്റുകള്‍ വഴിയാണ് ഭീകര സംഘടനകള്‍ യുവാക്കളെ ആകര്‍ഷിക്കുന്നതെന്ന് യോഗം വിലയിരുത്തുകയുണ്ടായി. നാട്ടുമ്പുറങ്ങള്‍ കേന്ദ്രീകരിച്ചാണ് ഭീകര സംഘടനകള്‍ പ്രവര്‍ത്തനം നടത്തിവരുന്നത്. പാക്കിസ്ഥാന് പിന്തുണയോടെയാണ് ഇവര്‍ ഭാരതത്തില്‍ പ്രവര്‍ത്തിച്ചുവരുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു. ഇതെല്ലാം കണക്കിലെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗം ഏറെ പ്രശംസിക്കപ്പെട്ടു. ഉദ്യോഗസ്ഥര്‍ എഴുതി തയ്യാറാക്കിക്കൊടുക്കുന്ന പ്രസംഗം വള്ളിപുള്ളി തെറ്റാതെ വായിച്ചുതീര്‍ത്ത് ചടഞ്ഞിരിക്കുന്ന പതിവ് കാഴ്ചയല്ല പ്രധാനമന്ത്രിയില്‍ നിന്നുണ്ടായത്. പോലീസുകാര്‍ക്ക് ആത്മവിശ്വാസവും സുരക്ഷിതബോധവും പകരുന്നതായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍ ഓരോന്നും. സാധാരണക്കാരുടെ സംരക്ഷണത്തിനായി രാപ്പകള്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്ന പോലീസുകാര്‍ക്ക് അര്‍ഹതപ്പെട്ട അംഗീകാരവും ബഹുമാനവും നല്‍കണമെന്ന പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശവും പ്രധാനപ്പെട്ടതാണ്. പോലീസിന്റെ പ്രവര്‍ത്തനത്തില്‍ ആധുനികവല്‍ക്കരണത്തിന്റെ അനിവാര്യത ബോധ്യപ്പെട്ട പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. അദ്ദേഹത്തിന്റെ വാക്കുകളില്‍നിന്നും അത് വ്യക്തവുമാണ്.
രാജ്യത്തിനാവശ്യം സ്മാര്‍ട്ട് പോലീസിനെയാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞിരിക്കുന്നു എന്നതുതന്നെ അതിന്റെ ഉദാഹരണമാണ്. ശക്തമായ രഹസ്യാന്വേഷണ സംവിധാനമുണ്ടെങ്കില്‍ സര്‍ക്കാരിന് മുന്നോട്ടുപോകുവാന്‍ ആയുധങ്ങളോ പടക്കോപ്പുകളോ ആവശ്യമില്ലെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ഉയര്‍ന്ന രഹസ്യാന്വേഷണ സംവിധാനത്തിന് വലിയ പ്രാധാന്യമുണ്ട്. ആഭ്യന്തര സുരക്ഷാസംവിധാനത്തിന്റെ ആണിക്കല്ല് നല്ല രഹസ്യാന്വേഷണ സംവിധാനമാണ്. ആയുധങ്ങളുടെ ശക്തിയല്ല മറിച്ച് ആയുധങ്ങള്‍ കൈകാര്യം ചെയ്യുന്നവരുടെ മനോഭാവമാണ് പ്രധാനപ്പെട്ടതെന്നും പ്രധാനമന്ത്രി പറയുമ്പോള്‍ അതിലൊരു സത്യമുണ്ട്. രാജ്യത്തെ നിയമവ്യവസ്ഥയ്ക്കും പരിപാലനത്തിനും സേന ആവശ്യമാണ്. പോലീസ്സേനയ്ക്കുവേണ്ടി ജീവന് ബലിനല്‍കിയവരെ മറക്കാനാകില്ല. അവരുടെ ബലിദാനത്തെ ഒരിക്കലും പാഴാക്കാനാവില്ല. പോലീസിനെക്കുറിച്ചുള്ള മോശം വാര്‍ത്തകള്‍ക്കാണ് മാധ്യമങ്ങള്‍ പ്രാധാന്യം നല്‍കുന്നതെന്നും നടപ്പാക്കിയ നല്ല കാര്യങ്ങളെക്കുറിച്ച് പോലീസുകാരും ജനങ്ങളെ ബോധവല്ക്കരിക്കുന്നില്ലെന്നതും വിമര്‍ശനമായല്ല വിലയിരുത്തലായി കാണേണ്ടതാണ്. എല്ലാംകൊണ്ടും ഇത്തവണത്തെ പോലീസ് മേധാവികളുടെ ഒത്തുചേരല്‍ വ്യത്യസ്തത നിറഞ്ഞതായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: