സര്‍വമാന ജനങ്ങള്‍ക്കും ജീവിതവഴികാട്ടിയാകാന് ഉതകുന്ന തിരുക്കുറള്‍ രചിച്ച തിരുവള്ളുവര്‍ക്കും ദേശസ്നേഹം പരിധിയില്ലാതുയര്ത്തിയ ഭാരതീയാര്ക്കും ദേശീയാംഗീകാരം ലഭിക്കാന്‍ പോകുന്നു. ഇരുവരുടെയും കൃതികള്‍ ദേശീയഭാഷകളിലെല്ലാം പ്രത്യേകിച്ച് കേന്ദ്രീയ വിദ്യാലയങ്ങളില്‍ പഠിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്.
കേന്ദ്ര മാനവ വിഭവശേഷി വകുപ്പുമന്ത്രി സ്മൃതി ഇറാനി കേന്ദ്രസഹമന്ത്രി പൊന്‍രാധാകൃഷ്ണനെ ഇക്കാര്യം അറിയിച്ചപ്പോള്‍ ലോകമെമ്പാടുമുള്ള തമിഴ് വംശജര്‍ക്ക് അതിരില്ലാത്ത അഭിമാനമാണുയര്ത്തിയിട്ടുള്ളത്.
ദല്‍ഹി തമിഴ്സംഘം, ഓള് തമിഴ്നാട് ടീച്ചേഴ്സ് ഫെഡറേഷന് എന്നീ സംഘടനാ പ്രതിനിധികള്‍ക്കൊപ്പമാണ് പൊന്രാധാകൃഷ്ണന് സ്മൃതി ഇറാനിയെ കണ്ടത്. എല്ലാ കേന്ദ്രസര്‍വ്വകലാശാലകളിലും തമിഴ്സാഹിത്യസൃഷ്ടികള് പാഠ്യവിഷയമാക്കുമെന്നാണ് തമിഴ് സംഘത്തെ കേന്ദ്രമന്ത്രി അറിയിച്ചിട്ടുള്ളത്.
ദേശ, ഭാഷാന്തര വ്യത്യാസമില്ലാതെ രാജ്യത്തെ എല്ലാ വിഭാഗങ്ങളെയും ഒന്നായി കാണാനും തുല്യപരിഗണന നല്‍കാനുമുള്ള പ്രധാനമന്ത്രിയുടെ താല്പര്യവും നിര്‍ദ്ദേശവും ഈ തീരുമാനത്തിന്റെ പിന്നിലുണ്ട്. എല്ലാ സൃഷ്ടികളോടും കിടപിടിക്കുന്നതും മുന്തിനില്ക്കുന്ന കൃതികള്‍ തമിഴിലുണ്ടെങ്കിലും ഇതുവരെ വേണ്ടത്ര പരിഗണന ലഭിച്ചിരുന്നില്ല.
തമിഴ്ഭാഷയ്ക്കും സാഹിത്യത്തിനും തമിഴ്നാടിന് മൊത്തമായും നല്കുന്ന ദേശീയ അംഗീകാരമാണ് ഇതെന്ന കാര്യത്തില്‍ സംശയമില്ല. രാജ്യസഭയില്‍ ബിജെപി അംഗം തരുണ്‍ വിജയ് ഇത് സംബന്ധിച്ച് ഒരു ചോദ്യം ഉന്നയിച്ചപ്പോള്‍ എല്ലാവിഭാഗം അംഗങ്ങളില്‍നിന്നും പിന്തുണ ലഭിച്ചിരുന്നു. മന്ത്രിയുടെ മറുപടിയും ക്രിയാത്മകമായിരുന്നു. തുടര്‍ന്നാണ് പൊന്‍ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ നിവേദനം നല്‍കിയിട്ടുള്ളത്.
കവിയും തത്വചിന്തകനുമായ തിരുവള്ളുവരും സ്വാതന്ത്ര്യസമരസേനാനിയും സാമൂഹ്യ പരിഷ്ക്കര്ത്താവുമായിട്ടുള്ള സുബ്രഹ്മണ്യഭാരതിയും തമിഴകത്തിനും മനുഷ്യരാശിക്കാകമാനവും നല്‍കിയിട്ടുള്ള സംഭാവനകള്‍ അളവറ്റതാണ്.
പ്രശ്നങ്ങളെന്തുമാകട്ടെ അതിന് പരിഹാരം കണ്ടെത്താന്‍ കഴിയുന്ന അമൂല്യമായ സൃഷ്ടിയാണ് തിരുക്കുറള്‍. ഏത് ദൗര്‍ബല്യത്തിലും അത് ശക്തിപകരും. ഏത് കൂരിരുട്ടിലും പ്രകാശം നല്കുന്ന തിരുക്കുറള്‍ ഭാരതീയ ഭാഷകളില്‍ മാത്രമല്ല നിരവധി വിദേശഭാഷകളിലും മൊഴിമാറ്റം നടത്തിയിട്ടുണ്ട്.
എന്നിട്ടും 1330 കുറളുകള്‍ അടങ്ങിയ തിരുക്കുറളിന് ദേശീയാംഗീകാരം ലഭിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. സ്വതന്ത്രഭാരതത്തിന്റെ 67 വര്‍ഷത്തെ ഭരണത്തിനിടയില്‍ അങ്ങനെ ഒരാവശ്യം ഉന്നയിക്കാനോ അര്‍ഹിക്കുന്ന പരിഗണന നല്കാന് ഭരണാധികാരികള്‍ക്കോ സാധിച്ചിട്ടില്ലെന്നത് ലജ്ജാകരം മാത്രമല്ല സങ്കടപ്പെടുത്തുന്നതും തന്നെയാണ്.
അതുപോലെ തന്നെയാണ് സുബ്രഹ്മണ്യഭാരതിയുടെ കാര്യത്തിലും സംഭവിച്ചത്. മഹാകവി മാത്രമല്ല ഭാരതീയാര്‍. മഹാത്മാഗാന്ധി, ബാലഗംഗാധര തിലകന്, മഹര്‍ഷി അരവിന്ദന് തുടങ്ങിയവരുടെ ഗണത്തിലോ അതിനു മുകളിലോ അദ്ദേഹത്തിന് സ്ഥാനമുണ്ട്. കറയറ്റ തത്വജ്ഞാനിയാണദ്ദേഹം. ഉന്നതചിന്തകന്, പത്രാധിപര്‍ എന്നനിലയില്‍ ശോഭിച്ച ഭാരതീയാര്‍ ജനങ്ങളെ ദേശഭക്തരാക്കുന്നതില് വഹിച്ച പങ്ക് നിസ്തുലമാണ്.
‘സ്വദേശമിത്രം’ദിനപത്രവും ‘ഇന്ത്യ’എന്ന തമിഴ് വാരികയും അദ്ദേഹത്തിന്റെ പത്രാധിപത്യത്തിലാണ് വെളിച്ചംകണ്ടത്.‘ബാലഭാരതം’എന്ന ഇംഗ്ലീഷ് പത്രവും അദ്ദേഹം നടത്തി.
ദേശഭക്തിയും സ്വാതന്ത്ര്യവാഞ്ഛയും പ്രോജ്വലിപ്പിക്കുന്ന കവിതകളാല്‍ ഇവ സമ്പന്നമായിരുന്നു. രാജ്യം ഇതുവരെ ഭാരതീയാരുടെ മേന്മകള് വേണ്ടത്ര പരിചയപ്പെട്ടില്ലെന്നതാണ് നേര്. അതിനൊരു പരിഹാരം ഉണ്ടാകാന്‍ പോകുന്നത് സ്വാഗതാര്‍ഹമാണ്.
തമിഴ് മഹാന്മാര്ക്കും തമിഴിലെ മികച്ച സൃഷ്ടികള്‍ക്കും ദേശീയാംഗീകാരം ലഭിക്കണമെന്നാഗ്രഹിച്ച് അതിനായി പരിശ്രമിക്കാന്‍ സംഘടനകളും വ്യക്തികളുമുണ്ട്. എന്നാല്‍ മലയാളത്തിന്റെ മഹാരഥന്മാരെയും മികച്ചസൃഷ്ടികളെയും ദേശീയതലത്തില്‍ അവതരിപ്പിക്കാന്‍ ആരുമില്ലേ എന്ന ചോദ്യം ഇന്ന് പ്രസക്തമാണ്.
മഹര്‍ഷിവര്യനായ നവോത്ഥാനത്തിന്റെ നായകന് ശ്രീനാരായണഗുരു ഇതുവരെയും രാജ്യം മുഴുവന്‍ ആരാധിക്കുന്ന അവസ്ഥയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല.
നാലര പതിറ്റാണ്ടിന് മുമ്പ് കോഴിക്കോട് നടന്ന ഭാരതീയ ജനസംഘത്തിന്റെ അഖിലേന്ത്യാ സമ്മേളന നഗരി ശ്രീനാരായണ ഗുരുദേവന്റെ നാമത്തിലായപ്പോള് മുതല്‍ ദേശീയജനത ഗുരുവിന്റെ മഹത്വം അറിയാന്‍ ശ്രമിച്ചിട്ടുണ്ട്. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രതിദിനശാഖയിലെ പ്രാതഃസ്മരണയിലെ മഹാന്മാരുടെ പട്ടികയില്‍ ഗുരുദേവനെ സ്മരിക്കുന്നു.
എന്നാല്‍ മറ്റ് സംഘടനകളും സ്ഥാപനങ്ങളും ദേശീയതലത്തില്‍ ഇതൊരു ശീലമാക്കിയിട്ടില്ലെന്നത് വലിയൊരു അപരാധം തന്നെയാണ്. മലയാള ഭാഷാ പിതാവാണ് തുഞ്ചത്തെഴുത്തച്ഛന്‍. എഴുത്തച്ഛനെയും വേണ്ടപോലെ അവതരിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല.
എഴുത്തച്ഛന്റെ ജന്മദേശമെന്ന് കരുതപ്പെടുന്ന തിരൂരില്‍ സമുചിതമായ സ്മാരകവും പ്രതിമയും സ്ഥാപിക്കുന്നതിനു പോലും അനുവദിക്കാത്ത മാനസികാവസ്ഥയുള്ള മലയാളി, മനോഭാവം മാറ്റി ഭാഷാ പിതാവിനുവേണ്ടി വാദിക്കുമെന്ന് ഊഹിക്കുകപോലും വേണ്ട.
ചട്ടമ്പിസ്വാമികളും, അയ്യങ്കാളിയും, കുമാരനാശാനുമെല്ലാം ദേശീയ ജനതയുടെ പ്രിയങ്കരരായി, ആരാധ്യപുരുഷന്മാരായി മാറണമെങ്കില്‍ അവരെ അറിയാനും അറിയിക്കാനും സംവിധാനമുണ്ടാകേണ്ടതുണ്ട്. അതിനുവേണ്ടി വാദിക്കാനുള്ള കഴിവും താല്പര്യവുമാണ് ഇന്ന് മലയാളത്തിന്റെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: