എച്ച്5എന്‍1 വൈറസ് അപകടകാരിയാണ്. ഇതിന് വായുവിലൂടെ സസ്തനികളില്‍ എത്താമെന്നത് തന്നെയാണ് രോഗത്തെയും വൈറസിനെയും അപകടകാരിയാക്കുന്നത്.
എച്ച്5 എന്നത് പക്ഷിപ്പനി വൈറസിന്റെ വിവിധ ഇനങ്ങളില്‍ അഞ്ചാമത്തേതായ ഹെമാഗ്ലൂട്ടിനിന്‍ (എച്ച്) എന്ന പ്രോട്ടീന്‍ ഉല്പാദിപ്പിക്കുന്നതും എന്‍1 എന്നാല്‍ ന്യൂറാമിനിഡേയ്സ് (എന്‍) ഒന്നാമന് പ്രോട്ടീന്‍ ഉല്പാദിപ്പിക്കുവാന് ശേഷിയുള്ളതും. ഇത്തരം വൈറസിനെ ജൈവായുധമാക്കി ഉപയോഗിക്കുന്നതായും തെളിഞ്ഞിട്ടുണ്ട്. പക്ഷിപ്പനി വൈറസിന് വിവിധതരം ഇനങ്ങളുണ്ട്. ഇതില്‍ എച്ച്1എന്‍1 സ്പാനിഷ് പനിയും എച്ച്2എന്‍2 ഏഷ്യന്‍ പനിയും എച്ച്3എന്‍2 ഹോങ്കോങ് പനിയും എച്ച്5എന്‍1 പക്ഷിപ്പനിയും പടര്ത്തുന്നുവയാണ്.
പക്ഷിപ്പനി ബാധിക്കുന്ന മനുഷ്യരില്‍ പകുതിയിലധികം പേരും മരിക്കും. മനുഷ്യനെ ബാധിക്കുന്ന പക്ഷിപ്പനി വൈറസുകള്‍ പകര്‍ച്ചപ്പനി ഉണ്ടാക്കുന്ന വൈറസ് എ ഉപവിഭാഗത്തില്പ്പെടുന്നവയാണ്.
എച്ച്5എന്‍1 വൈറസ്പനി പക്ഷികളിലാണ് അതിവേഗം പടര്‍ന്നുപിടിക്കുക. പ്രത്യേകിച്ചും ദേശാടനപക്ഷികളിലും വളര്ത്തുപക്ഷികൡലും താറാവിലും കോഴിയിലും ടര്‍ക്കികളിലും ‘നോര്‍ത്ത് അമേരിക്കന്‍’ പക്ഷിപ്പനിയെന്ന എച്ച്5എന്‍1 വൈറസ് പരത്തുന്ന പകര്‍ച്ചപ്പനി ഞെടിയിടയില്‍ എത്തിച്ചേരും. പക്ഷിപ്പനി വാക്സിന് നല്‍കാത്ത വളര്‍ത്തുപക്ഷികള്‍ പെട്ടെന്ന് ചത്തൊടുങ്ങും.
1966 മുതല്‍ തന്നെ എച്ച്5എന്‍1 പക്ഷിപ്പനി കാനഡയിലെ ഓണ്‍ടാറിയോയിലെ ടര്‍ക്കി പക്ഷികളില്‍ കണ്ടെത്തിയിട്ടുണ്ട്. എച്ച്7എന്‍9 എന്ന വൈറസ് പനി 2014 ല്‍ ലോകത്ത് 309 ആളുകളില്‍ പിടിപെടുകയും 70 പേര്‍ക്കെങ്കിലും മരണം സംഭവിച്ചിട്ടുമുണ്ട്.
2006 ല്‍ ഭാരതത്തില്‍ പക്ഷിപ്പനി ബാധിച്ച 6.4 ദശലക്ഷം പക്ഷികളെയാണ് കൊന്നൊടുക്കിയത്. ചിന്നിച്ചിതറി വളരുന്ന തൂവല്‍, കനംകുറഞ്ഞ തൊണ്ടോടുകൂടിയ മുട്ട, അവശത, മുട്ടയിട്ടുകൊണ്ടിരിക്കുന്ന കോഴിയും താറാവും മുട്ടയിടല്‍ പൊടുന്നനെ നില്ക്കുക, തീറ്റയെടുക്കാതിരിക്കുക, തലയിലെ പൂവിന് ചുവന്ന-നീല നിറം, പച്ചനിറത്തില്‍ കാഷ്ഠിക്കുക, തലഭാഗം ചെറുതായി വീര്‍ത്തിരിക്കുക, പുറകിലേക്ക് മറിഞ്ഞുവീഴുക, മൂക്കില്നിന്നം രക്തത്തോടുകൂടിയ സ്രവം, നടക്കാനും നില്ക്കാനുമുള്ള ശേഷി കുറയുക, കാലിലും ശരീരഭാഗങ്ങളിലും രക്തം കട്ടപിടിക്കുക, വയറിളക്കം, ശ്വാസതടസം, പെട്ടെന്നുള്ള മരണം, കോഴികളില്‍ കൂവാനുള്ള ശേഷി നഷ്ടപ്പെടുക, മൂക്കില്‍നിന്നും നിലയ്ക്കാത്ത സ്രവം ഉണ്ടാകുക എന്നിവയാണ് വളര്‍ത്തുപക്ഷികളില്‍ എച്ച്5എന്‍1 വൈറസ്ബാധയെത്തുടര്ന്നുണ്ടാകുന്ന രോഗലക്ഷണങ്ങള്‍.
അസുഖം ബാധിച്ചാല്‍ മൂന്നുമുതല്‍ അഞ്ച് ദിവസത്തിനുള്ളില്‍ മരണം സംഭവിക്കും. വളര്‍ത്തുപക്ഷികളുടെ കാഷ്ഠം, സ്രവങ്ങള്‍, സ്പര്‍ശനം, വെള്ളം എന്നുതുടങ്ങി വായുവിലൂടെവരെ ഒരു പക്ഷിയില്‍നിന്നും പക്ഷിപ്പനി മറ്റ് പക്ഷികളിലേക്ക് പടരും.
2006 ഫെബ്രുവരിയില്‍ ഭാരതത്തില്‍ പക്ഷിപ്പനി ആദ്യം റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയിലെ നന്ദുര്‍ബാര്‍ ജില്ലയിലെ ഹാരാപ്പൂര് എന്ന സ്ഥലത്തെ കോഴിവളര്ത്തുകേന്ദ്രത്തിലാണ്. അന്ന് സര്‍ക്കാര്‍ നല്കിയ മുന്നറിയിപ്പുകളൊന്നും ഗ്രാമവാസികള്‍ ചെവികൊണ്ടില്ല.
അതുകൊണ്ടുതന്നെ എച്ച്5എന്‍1 വഴി പടര്‍ന്നുപിടിച്ച പകര്‍ച്ചപ്പനി മഹാരാഷ്ട്രയിലെ കോഴികളില്‍ ബഹുഭൂരിപക്ഷത്തിന്റെയും ജീവന് പനിമൂലം നഷ്ടപ്പെടുത്തി. അന്ന് 2,53,000 കോഴികളെയും 5,87,000 മുട്ടകളും അഞ്ച് ദിവസത്തിനുള്ളില്‍ മഹാരാഷ്ട്രയില്‍ പൂനയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയുടെ നിര്‍ദ്ദേശപ്രകാരം നശിപ്പിക്കേണ്ടതായിവന്നു. തമിഴ്നാട്ടിലും ജമ്മു-കശ്മീരിലും തത്തുല്യമായ രീതിയില്‍ വളര്‍ത്തുപക്ഷികളായ കോഴിയും താറാവും പക്ഷിപ്പനിമൂലം ചത്തൊടുങ്ങി.
എച്ച്5എന്‍1 വൈറസിന് അതിവേഗം ജനിതകമാറ്റം സംഭവിക്കാവുന്നതാണ്. ആയതിനാല്‍ നമ്മുടെ പ്രതിരോധ മരുന്നുകള്‍ ഈ വൈറസിന് ഏല്ക്കാതെവരും. ദശലക്ഷക്കണക്കിന് വളര്‍ത്തുപക്ഷികളാണ് ഇക്കാരണംകൊണ്ട് ചത്തുമലക്കുക.
2007 ല്‍ സൗത്ത് കൊറിയ, വിയറ്റ്നാം, ജപ്പാന്, തായ്ലാന്റ്, ഇന്തോനേഷ്യ, മലേഷ്യ, ചൈന, ഇറാക്ക്, ഉക്രൈന്, ഈജിപ്ത്, കുവൈറ്റ്, ബംഗ്ലാദേശ്, സൗദി അറേബ്യ, നേപ്പാള്‍, ഘാന, ഭൂട്ടാന്, ആസ്ട്രിയ, ബള്‍ഗേറിയ, സ്പെയിന് തുടങ്ങി 80-ലധികം സ്ഥലങ്ങളില്‍ എച്ച്5എന്‍1 വൈറസ്ബാധമൂലം വളര്‍ത്തുപക്ഷികള്‍ ചത്തൊടുങ്ങിയിട്ടുണ്ട്. വളര്‍ത്തുപക്ഷികളെ കൂടാതെ പൂച്ചകള്‍, മനുഷ്യര്‍, കാട്ടുപക്ഷികള്‍, ദേശാടനപക്ഷികള്‍, മയിലുകള്‍, കഴുകന്, അരയന്നം എന്നിവയെയും എച്ച്5എന്‍1 വൈറസ് ബാധിക്കുമെന്ന് ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2008 ജൂണ്‍ മാസത്തില്‍ ചൈന, ഇൗജിപ്ത്, ഇന്തോനേഷ്യ, പാക്കിസ്ഥാന്, വിയറ്റ്നാം എന്നിവിടങ്ങളില്‍ എച്ച്5എന്‍1 പക്ഷിപ്പനി പടര്‍ന്നുപിടിച്ചിരുന്നു.
1997 ല്‍ ഗാങ്ങ്ഡോങ്ങ് എന്ന സ്ഥലത്ത് ചൈനയിലാണ് ആദ്യമായി എച്ച്5എന്‍1 വൈറസ്ബാധ മനുഷ്യനെ ബാധിച്ചത്. ഹോങ്ങ്കോങ്ങില്‍ 1997 ല്‍ 18 മനുഷ്യര്‍ക്ക് പക്ഷിപ്പനി രോഗം വരികയും ആറ് പേര് മരിക്കുകയും ചെയ്തു. 2013 ജൂലായ് മാസത്തില്‍ ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം ഇതുവരെ 630 ആളുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.
അതില്‍ 375 പേര് 2003 മുതല്‍ 2013 വരെയുള്ള കാലഘട്ടത്തില്‍ മരിച്ചിട്ടുണ്ട്. രോഗം ബാധിച്ചവരില്‍ 60 ശതമാനം പേരും മരണമടയുവാന്‍ സാധ്യതയുണ്ട്. ഒരു മനുഷ്യനില്‍നിന്നും മറ്റ് മനുഷ്യരിലേക്ക് രോഗം പകരുവാന്‍ സാധ്യത കുറവാണ്. പക്ഷികള്‍ വഴിയാണ് രോഗം മനുഷ്യനില്‍ എത്തുന്നതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
മനുഷ്യനിലെ പകര്‍ച്ചപ്പനിക്കും പക്ഷികളിലെ പകര്‍ച്ചപ്പനിക്കും കാരണമാകുന്നത് ഓരോ വൈറസിന്റെ ജനിതികമാറ്റം വന്ന വിവിധ വൈറസുകള്‍ മൂലമാണ്. പക്ഷി പകര്‍ച്ചപ്പനിക്ക് കാരണമാകുന്നത് എ എന്ന ഉപ ഇനത്തില്‍പ്പെട്ട വൈറസ് വഴിയാണ്. ഈ വൈറസിന് ജനിതകമാറ്റം വന്ന മറ്റൊരു ഇനമാണ് മനുഷ്യനില്‍ പകര്‍ച്ചപ്പനിക്ക് കാരണമാകുന്നത്. മനുഷ്യനിലെ പക്ഷിപ്പനിയുടെ രോഗലക്ഷണങ്ങള്‍ കടുത്ത പനി, ചുമ, തൊണ്ടവേദന, പേശിവേദന, ചെങ്കണ്ണ്, ന്യുമോണിയ, ശ്വാസതടസ്സം എന്നിവയാണ്. രോഗംബാധിച്ച കോഴിയില്‍നിന്നും താറാവില്നിന്നും മനുഷ്യനില്‍ എച്ച്5എന്‍1 പക്ഷിപ്പനിയെത്താവുന്നതാണ്. തുപ്പല്, കാഷ്ഠവും സ്രവങ്ങളുമാണ് രോഗം പടരുവാന്‍ ഇടയാക്കുന്നത്.
ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, പസഫിക് രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ 15 രാജ്യങ്ങളില്‍ 2003 നുശേഷം മനുഷ്യനില്‍ പക്ഷിപ്പനി ഉണ്ടായെങ്കിലും 2014 ജനുവരിയിലാണ് മനുഷ്യനിലെ പക്ഷിപ്പനി കാനഡയില്‍ റിപ്പോര്‍ട്ട് ചെയ്തത്.
മനുഷ്യനിലെ പക്ഷിപ്പനി 40 വയസ്സിന് താഴെയുള്ളവരെയാണ് കൂടുതല്‍ ബാധിക്കുക. മരണസംഖ്യ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് 10 വയസിനും 19 വയസിനും മധ്യേ പ്രായമായവരിലാണ്.
എച്ച്5എന്‍1 വൈറസ് കൂടാതെ എച്ച്7എന്‍9 എന്ന എ വിഭാഗത്തില്‍പ്പെട്ട പക്ഷിപ്പനി വൈറസും മനുഷ്യനില്‍ രോഗമുണ്ടാക്കുന്നവയാണ്. നിരന്തരമായ മൂക്കൊലിപ്പും വയറുവേദനയും പെട്ടെന്നുള്ള ശ്വാസമെടുപ്പും വയറിളക്കവും പക്ഷിപ്പനിയുടെ മനുഷ്യനിലെ മറ്റ് രോഗലക്ഷണങ്ങളാണ്. വീട്ടില്‍ വളര്‍ത്തുന്ന കോഴികളിലും താറാവുകളിലും ടര്ക്കികോഴികളിലും എച്ച്5എന്‍1 നിയന്ത്രിക്കുവാന്‍ വാക്സിനുകള്‍ ഫലപ്രദമാണ്. രോഗബാധിതരായ പക്ഷികളില്‍പ്പോലും വാക്സിനുകള്‍ ഗുണഫലങ്ങള്‍ നല്‍കുന്നുണ്ട്.
പക്ഷിപ്പനി വൈറസുകളില്‍ മിക്കവാറും ഇനങ്ങള്‍ വാക്സിനുകള്‍ക്കെതിരെ പ്രതിരോധശേഷിയുള്ളവയാണ്. ഇവയില്‍ നിരന്തരമായി ജനിതകമാറ്റം സംഭവിക്കുന്നതിനാലാണിത്. ജനിതകമാറ്റം സംഭവിച്ച വൈറസുകളില്‍ വാക്സിന്റെ പ്രവര്‍ത്തനം സംശയജനകമാണ്.
പക്ഷിപ്പനി തടയുവാന്‍ വളര്‍ത്തുപക്ഷികളുടെ കൂടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. കൂടുകളില്‍ കൂടുതല്‍ വായുസഞ്ചാരം വേണം. കുടിക്കുവാന്‍ കൊടുക്കുന്ന ജലം ശുദ്ധമായിരിക്കണം.
രോഗലക്ഷണങ്ങള്‍ കാണുന്ന പക്ഷികളെ കത്തിച്ചുകളയണം. ചാരം ജലത്തില്‍ ചെന്നുചേരരുത്. കാഷ്ഠവും കൂട് വൃത്തിയാക്കി കിട്ടുന്ന മാലിന്യങ്ങളും ആഴത്തില്‍ കുഴിച്ചുമൂടണം. രോഗം ബാധിച്ച് ചത്ത താറാവിനെയും കോഴിയെയും കാക്കയോ പൂച്ചയോ പട്ടിയോ മറ്റ് മൃഗങ്ങളോ തിന്നുവാന്‍ ഇടവരരുത്.
അസുഖം ബാധിച്ച പക്ഷികളുടെ കൂട് സന്ദര്‍ശിക്കുന്നതും കാഷ്ഠത്തില്‍ ചവിട്ടുന്നതും ഒഴിവാക്കണം. പക്ഷികളുടെ കൂടിനരികില്‍ പോകുമ്പോള്‍ മാസ്ക്ക് ധരിച്ചിരിക്കണം. കൂട് സന്ദര്‍ശിച്ച് പക്ഷികള്‍ക്ക് തീറ്റകൊടുത്തതിനുശേഷം കയ്യും കാലും അണുനാശിനി ഉപയോഗിച്ച് കഴുകി വൃത്തിയാക്കണം.
കോഴി-താറാവ് വളര്‍ത്തലിലും വില്‍പ്പനയിലും ഏര്‍പ്പെട്ടിരിക്കുന്നവര്‍ ഇടയ്ക്കിടെ ശരീരംമാത്രമല്ല വസ്ത്രങ്ങളും കഴുകി വൃത്തിയാക്കണം. വളര്‍ത്തുപക്ഷികളെ പക്ഷിപ്പനിയുടെ ഈ കാലഘട്ടത്തില്‍ തീറ്റതേടുവാന് തുറന്നുവിടുന്നത് രോഗം പടരാന്‍ അവസരമൊരുക്കും.
വൃത്തിയായ കൂട്ടില്‍ അടച്ചിട്ട് വളര്‍ത്തുന്നതായിരിക്കും നല്ലത്. രോഗം ബാധിച്ച കോഴിയുടെയും താറാവിന്റെയും വില്‍പ്പന നടത്തരുത്. ചത്ത വളര്‍ത്തുപക്ഷികളുടെ ജഡം ശാസ്ത്രീയമായി സംസ്ക്കരിക്കണം.
മഴയില്‍ അവിടെനിന്നും ഒലിച്ചിറങ്ങുന്ന വെള്ളം മറ്റ് ജലസ്രോതസ്സുകളുമായി കൂട്ടിക്കലരരുത്. അസുഖം വരാത്ത പക്ഷികളില്‍ പ്രതിരോധ വാക്സിന് കുത്തിവെപ്പ് നടത്തണം.
പക്ഷിപ്പനി സാമൂഹ്യവിപത്തായതിനാലും മനുഷ്യനില്‍ പകരുവാന്‍ സാധ്യതയുള്ളതിനാലും സര്‍ക്കാര്‍ പക്ഷിപ്പനി നിയന്ത്രിക്കുവാന്‍ സത്വര നടപടി സ്വീകരിക്കണം. ഇതിനായി കേന്ദ്രസര്‍ക്കാരിന്റെ സഹായം അഭ്യര്‍ത്ഥിക്കണം.
പനി നിയന്ത്രിക്കുവാന്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ പറയുന്നത് ജനങ്ങള്‍ അനുസരിക്കണം. വളര്‍ത്തുപക്ഷികളുമായുള്ള സമ്പര്‍ക്കം കഴിവതും നാം ഒഴിവാക്കണം. എച്ച്5എന്‍1 വൈറസ്ബാധ നേരിട്ടോ അല്ലാതെയോ മനുഷ്യനെ ബാധിക്കുമെന്നതിനാല്‍ ജനങ്ങള്‍ രോഗബാധയെക്കുറിച്ച് ബോധവാന്മാരായിരിക്കണം.
പക്ഷികാഷ്ഠം, സ്രവങ്ങള്‍, തുപ്പല് എന്നിവയിലൂടെ എച്ച്5എന്‍1 പകരുന്നതുപോലെ പക്ഷികളുടെ രക്തത്തിലൂടെയും പക്ഷിപ്പനി പകരാവുന്നതാണ്. ദേശാടനപ്പക്ഷികളും മറ്റു പക്ഷികളും കൂടുകൂട്ടിയിരിക്കുന്ന മരങ്ങളുടെ അടിയിലൂടെ സഞ്ചരിക്കാതിരിക്കുന്നതാണ് നല്ലത്. ശരിയായി പാചകം ചെയ്യാത്ത കോഴി, താറാവ്, മറ്റ് പക്ഷികള്‍ എന്നിവയുടെ ഇറച്ചി കഴിക്കുന്നത് അപകടമാണ്.
പക്ഷിപ്പനി ബാധിക്കുന്ന മനുഷ്യര്‍ക്ക് വൈറസ് പ്രതിരോധമരുന്നായ ഓസെല്ട്ടമിവിര് എന്ന മരുന്ന് ഫലപ്രദമാണ്. പക്ഷിപ്പനി വരാതിരിക്കാനുള്ള വാക്സിന് കണ്ടുപിടിച്ചിട്ടുണ്ടെങ്കിലും അധികം പ്രചാരത്തിലില്ലെന്നതാണ് വാസ്തവം.
പക്ഷിപ്പനിയുടെ വെളിച്ചത്തില്‍ പക്ഷിക്കൂടുകളും വളര്ത്തുസ്ഥലങ്ങളും 5 ശതമാനം വീര്യമുള്ള സോഡിയം ഹൈപ്പോക്ലോറൈറ്റ് 1:5 എന്ന അനുപാതത്തില്‍ വെള്ളം ചേര്‍ത്ത് വൃത്തിയാക്കേണ്ടതാണ്. 70 ശതമാനം ക്ലോറിന്‍ ഉല്പാദിപ്പിക്കാന് കഴിയുന്ന ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗിച്ച് രോഗസാധ്യതയുള്ള സ്ഥലങ്ങളിലെ കുളിമുറികളും കക്കൂസുകളും വൃത്തിയാക്കണം.
ഇതിനായി ഏഴ് ഗ്രാം ബ്ലീച്ചിംഗ് പൗഡര്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ലഭിക്കുന്ന ലായിനി ഉപയോഗിക്കാവുന്നതാണ്. ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗിക്കാന്‍ കഴിയാത്ത ഇടങ്ങളില്‍ മേശകളും ഉപകരണങ്ങളും വൃത്തിയുള്ള മറ്റ് സ്ഥലങ്ങളും 70 ശതമാനം വീര്യമുള്ള ആല്‍ക്കഹോള്‍ പഞ്ഞിയില്‍ മുക്കി തുടച്ചുവൃത്തിയാക്കേണ്ടതാണ്. എച്ച്5എന്‍1 രോഗം പടരാതിരിക്കാന്‍ രോഗബാധിതമായ പ്രദേശങ്ങളിലെ യാത്ര ഒഴിവാക്കുക, പക്ഷിവളര്ത്തുകേന്ദ്രങ്ങളുടെ വൃത്തി ഉറപ്പാക്കുക, വളര്‍ത്തുപക്ഷികളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക, കോഴി-താറാവ് ഇറച്ചി വില്‍പ്പന നിയന്ത്രിക്കുക, കോഴി-താറാവ് എന്നിവ വളര്‍ത്തുന്നവരും വില്‍പ്പന നടത്തുന്നവരും പക്ഷിപ്പനി പ്രതിരോധ കുത്തിവെപ്പ് നടത്തുക, അസുഖംമൂലം ചത്ത പക്ഷികളുടെ ജഡം മറവുചെയ്യുന്ന പ്രദേശത്ത് രണ്ടുവര്‍ഷം വരെ എച്ച്5എന്‍1 വൈറസിന് അതിജീവിക്കാനാകുമെന്ന് നാം മനസ്സിലാക്കണം. എച്ച്5 എന്‍1 പ്രതിരോധിക്കുവാന്‍ ഉപയോഗിച്ചിരുന്ന അമാന്റഡൈള്, റിമാന്റഡൈള് എന്നീ രണ്ട് മരുന്നുകള്‍ക്കും ഈ വൈറസിനെ നശിപ്പിക്കാനാകില്ല. ജനിതകമാറ്റം വന്നതിനാലാണിത്.
ഒഡെല്ട്ടാവീര്, സെനാമാവിര് എന്നീ മരുന്നുകള്‍ എച്ച്5എന്‍1 വൈറസ് പ്രതിരോധിക്കാനാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മരുന്നുകളുടെ ലഭ്യതക്കുറവും ഫലപ്രദമില്ലായ്മയും മനസ്സിലാക്കി മനുഷ്യനില്‍ രോഗം വരാതെ സൂക്ഷിക്കുന്നതാണ് രോഗംവന്നതിനുശേഷം ചികിത്സിക്കുന്നതിലും നല്ലത്.
അതുകൊണ്ട് പക്ഷിപ്പനി മനുഷ്യനില്‍ എത്താതിരിക്കുവാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളും മരുന്നും സര്‍ക്കാര്‍ ലഭ്യമാക്കണം. ഒരു വന്‍വിപത്ത് ഒഴിവാക്കുവാന്‍ ജനങ്ങളും സഹകരിക്കണം. സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട.
പ്രതികരിക്കാൻ ഇവിടെ എഴുതുക: