ആധുനിക ദേശീയത നാമ്പെടുക്കുന്നതിനുമുമ്പ് പാശ്ചാത്യ അധിനിവേശത്തിനെതിരായ സമരങ്ങള്‍ ഭാരതത്തിന്റെ പലഭാഗങ്ങളിലും ഉയര്‍ന്നുവരികയുണ്ടായി. ഇക്കാലത്ത് സ്വന്തം പ്രശ്നങ്ങളായിരുന്നു പല രാജാക്കന്മാരെയും അലോസരപ്പെടുത്തിയിരുന്നത്. എന്നാല്‍ അവരവരുടെ രാജ്യസ്നേഹത്തിനോ ദേശാഭിമാനത്തിനോ യാതൊരു കളങ്കവുമുണ്ടായിരുന്നില്ല.
സ്വകാര്യ പ്രശ്നങ്ങള്‍പോലും രാജ്യാധികാരം, നികുതിപിരിവിനുള്ള അധികാരം, ഭൂമികയ്യടക്കല് തുടങ്ങിയവ നാട്ടുരാജ്യങ്ങളെ വിദേശവിരുദ്ധ, ബ്രിട്ടീഷ്വിരുദ്ധ പോരാട്ടങ്ങളിലേക്ക് തള്ളിവിട്ടു. ദേശീയതയുടെ സമ്പൂര്‍ണ്ണത ഉണ്ടാകുന്നതിനുമുമ്പുള്ള സ്വാതന്ത്ര്യാവേശം സംഘട്ടനങ്ങളിലും സമരസന്നാഹങ്ങളിലും സൈനിക മുന്നേറ്റങ്ങളിലും അവസാനിച്ചു. ഇതിന് ആയിരക്കണക്കിനുവരുന്ന അനുയായികളുടെ പിന്തുണ ഉണ്ടായിരുന്നു. ജാതിമതഭേദമെന്യേ ഇത്തരം പോരാട്ടങ്ങളുടെ ചരിത്രത്തില്‍ അദ്വിതീയ സ്ഥാനമാണ് കേരള സിംഹമായി ചരിത്രം വാഴ്ത്തുന്ന കേരളവര്‍മ്മ പഴശ്ശിരാജയ്ക്ക് ഉള്ളത്.
ഒന്നാം സ്വാതന്ത്ര്യസമരത്തിന് (1857) അരനൂറ്റാണ്ടു മുമ്പ് അരങ്ങേറിയ പഴശ്ശിവിപ്ലവം സ്വാതന്ത്ര്യസമരചരിത്രത്തില്‍ സുവര്ണ്ണലിപികളില് അടയാളപ്പെടുത്തേണ്ട അധ്യായമാണ്. 1857 മേയ് പത്തിന് മീററ്റില്‍ പൊട്ടിപ്പുറപ്പെട്ട സമരത്തിന് അരനൂറ്റാണ്ട് മുമ്പാണിത്. പാഠപുസ്തകങ്ങളില്‍ ഇന്നും ഇത്തരം ചരിത്രനിര്‍മ്മാണത്തിന് മാറ്റമൊന്നും വന്നിട്ടില്ല. ഇതില്‍ 1857ലെ സമരത്തിന്റെ തുടക്കക്കാരനായ മംഗള്‍പാണ്ഡെ അടക്കമുള്ള നേതാക്കളെ (ഝാന്‍സി റാണി ലക്ഷ്മിഭായി, താന്തിയാതോപ്പി, നാനാസാഹേബ്) ഭാരത സ്വാതന്ത്ര്യസമരചരിത്രത്തിലെ ആദ്യകാല ധീരസാഹസികരായി നാം കരുതിവരുന്നു. സ്വാതന്ത്ര്യാനന്തരം മൗലിക ഗവേഷണം പുരോഗമിച്ചതോടെ സ്വാതന്ത്ര്യസമര ചരിത്രത്തിന്റെ അടിസ്ഥാന ശിലകള്‍ മാറ്റിമറിക്കപ്പെട്ടു. ഈ സാഹചര്യത്തിലാണ് നാം പഴശ്ശികേരളവര്മ്മയുടെ 1805 നവംബര്‍ 30തിന്റെ ആത്മത്യാഗത്തെ കാണേണ്ടത്.
വടക്കേ മലബാറിലെ തലശേരി ഡിവിഷനില്‍പ്പെട്ട മട്ടന്നൂര്‍- കൂത്തുപറമ്പ് റോഡിലെ പഴശ്ശി ആസ്ഥാനമാക്കി വാണിരുന്ന തമ്പുരാനായിരുന്നു പഴശ്ശിരാജാവ്. കുരുമുളകും മറ്റ് സുഗന്ധവ്യഞ്ജനങ്ങളും തഴച്ചുവളര്‍ന്നിരുന്ന മലബാറിലെ കോട്ടയം യഥാര്‍ത്ഥത്തില്‍ സാമൂതിരിയുടെ പടിഞ്ഞാറെ കോവിലകത്തില്പ്പെട്ട രാജകുടുംബമായിരുന്നു. മൈസൂര്ഭരണകാലത്ത് സീനിയര്‍ രാജാവ് തിരുവിതാംകൂറില്‍ അഭയം തേടി, മറ്റു മലബാര്‍ രാജാക്കന്മാരെപോലെ. തിരുവനന്തപുരത്തെ ധര്‍മ്മരാജാവ് ഇങ്ങനെ അഭയം തേടിയെത്തിയ രാജാക്കന്മാര്ക്ക് 26 വര്‍ഷം 1766-1792 ആതിഥ്യം അരുളി.
കേരളവര്‍മ്മ പഴശ്ശിരാജ തിരുവിതാംകൂറില്‍ അഭയംതേടാതെ നാട്ടില്‍നിന്ന് മൈസൂര്‍ സുല്ത്താന്മാര്ക്കെതിരെ പൊരുതി. ഇംഗ്ലീഷുകാരെ പുറത്താക്കാന്‍ ഫ്രഞ്ചുകാര്‍ തുനിഞ്ഞപ്പോള്‍ അയ്യായിരം വരുന്ന നായര്പട്ടാളക്കാരെ ഇംഗ്ലീഷുകാര്ക്കുവേണ്ടി പഴശ്ശി അയച്ചു. പക്ഷേ കുറുമ്പ്രനാട് രാജാവുമായുള്ള തര്‍ക്കത്തില്‍ പഴശ്ശിയെ ഇംഗ്ലീഷുകാര്‍ സഹായിച്ചില്ല. ഈ വഞ്ചന പഴശ്ശിക്ക് ക്ഷമിക്കാവുന്നതിനുമപ്പുറമായിരുന്നു. ഇതാണ് ഇംഗ്ലീഷുകാര്‍ക്കെതിരെ പടപൊരുതാന്‍ പ്രേരിപ്പിച്ച വസ്തുത. പതിനെട്ടാം നൂറ്റാണ്ടില്‍ ഇതുപോലുള്ള പ്രശ്നങ്ങള്‍ മൂലമായിരുന്നു ഒട്ടുമുക്കാല്‍ രാജാക്കന്മാരും വിദേശികള്‍ക്കെതിരെ തിരിഞ്ഞ് യുദ്ധംചെയ്തിരുന്നത്. ബുണ്ടേല രാജാവായിരുന്ന മഹാറാണ പ്രതാപ്സിംഗ് യുദ്ധംചെയ്തതും ഇത്തരം അനുചിതമായ ഇരട്ടത്താപ്പിനെതിരായിട്ടായിരുന്നു.
1792 മാര്‍ച്ച് 18ന് ഒപ്പിട്ട ശ്രീരംഗപട്ടണമുടമ്പടി പ്രകാരം ജോയിന്റ് കമ്മീഷണര്‍മാര്‍ വന്ന് മലബാറിലെ രാജാക്കന്മാര്ക്ക് പെന്ഷന് അനുവദിച്ചപ്പോഴും പഴശ്ശിയെ ഇംഗ്ലീഷുകാര്‍ അവഗണിച്ചു. ടിപ്പുവിനെ പരാജയപ്പെടുത്തുന്നതില്‍ പഴശ്ശിയുടെ സഹായം ഇംഗ്ലീഷുകാര്‍ക്ക് നിര്‍ണ്ണായകമായിരുന്നു, വിശിഷ്യ 1791-92 കാലത്തെ യുദ്ധത്തില്‍. ഇതിനിടയില്‍ ബ്രിട്ടീഷ് കളക്ടറുടെ പ്രഖ്യാപനം വന്നു. മലബാര്‍ മുഴുവന്‍ തങ്ങളുടേതാണെന്നും പഴയ രാജാക്കന്മാരെല്ലാം തങ്ങളുടെ കീഴിലുള്ള ഉദ്യോഗസ്ഥന്മാരാണെന്നും. ഇത് കേരളവര്‍മ്മ പഴശ്ശിക്ക് ഒട്ടും താങ്ങാനായില്ല. താന്‍ തുല്യശക്തികളായി കണ്ടിരുന്ന ഇംഗ്ലീഷുകാരുടെ വഞ്ചനയ്ക്കെതിരെ പടപൊരുതാന്തന്നെ പഴശ്ശി രാജാവ് തീരുമാനിച്ചു. ഇതിന് കുറിച്യരുടെയും കുറുമ്പ്രരുടെയും പിന്തുണയും ലഭിച്ചു പഴശ്ശിക്ക്.
കുറുമ്പ്രനാട്ടിലെ വീരവര്‍മ്മ രാജാവിനെ ഇംഗ്ലീഷുകാര്‍ കോട്ടയം രാജാവായി അംഗീകരിച്ചതും പ്രശ്നം വഷളാക്കി. കരംപിരിക്കുവാന് വന്നവരെ പഴശ്ശി വിരട്ടിയോടിക്കുകയും പഴശ്ശിയുടെ ഉദ്യോഗസ്ഥര്‍ അവരെ ഗളഹസ്തം ചെയ്യുകയും ചെയ്തു. ഇത്തരം കലാപങ്ങളില്‍ നൂറുകണക്കിന് ഇംഗ്ലീഷുകാര്‍ കൊല്ലപ്പെട്ടു. 1797 മാര്‍ച്ച് 9 മുതല്‍ 11 വരെയുള്ള പോരാട്ടത്തില്‍ ഇംഗ്ലീഷുകാര്‍ നിശ്ശേഷം പരാജയപ്പെട്ടു. പഴശ്ശിയുടെ ഗറില്ലായുദ്ധതന്ത്രം ഇംഗ്ലീഷുകാര്‍ക്ക് വശമില്ലായിരുന്നു. വയനാട്ടിലെ പെരിയ ചുരത്തില്‍ നടന്ന യുദ്ധത്തില്‍ 1100 ഇംഗ്ലീഷ് സൈനികരെയാണ് പഴശ്ശി തോല്പിച്ചത്. ഇതറിഞ്ഞ ബോംബെ ഗവര്‍ണര്‍ ജോനാഥന് ഡങ്കണ്‍ മലബാറിലെത്തി പഴശ്ശി രാജാവിനെ കുറുമ്പ്രനാട്ടിന്റെ അധിപനായി വീണ്ടും വാഴിച്ചു. 1797 ജൂലൈ 23നായിരുന്നു ഇത്.
ഒരു യുദ്ധതന്ത്രമായിരുന്നു ഇതെന്ന് പിന്നീട് മനസിലായി. അതില്‍ പഴശ്ശിവീണു. ഇംഗ്ലീഷുകാര്‍ കൂടുതല്‍ തയ്യാറെടുപ്പുകള്‍ക്കായി സമയം കണ്ടെത്തുകയായിരുന്നു. ഗവര്‍ണര്‍ ഡങ്കണ്‍ ഒരു കാര്യം മനസ്സിലാക്കി. പഴശ്ശിയെ ശത്രുവാക്കിയാല്‍ ഫ്രഞ്ചുകാരുമായും ടിപ്പുവുമായും ചേര്‍ന്ന് ഇംഗ്ലീഷുകാരെ വകവരുത്തുമെന്ന്. അതാണ് പഴശ്ശിയുമായുള്ള ഒന്നാംകലാപത്തെ ഡങ്കണ്‍ തടഞ്ഞത്. 1799ല്‍ ടിപ്പു മരിച്ചതോടെ ഒരുശത്രു ഇംഗ്ലീഷുകാര്ക്കില്ലാതായി. താത്കാലിക യുദ്ധവിരാമം രണ്ടുകൂട്ടരും കൂടുതല്‍ തയ്യാറെടുപ്പുകള്‍ക്കായി വിനിയോഗിച്ചു. ഗറില്ലാ യുദ്ധക്രമം പഴശ്ശിയെ അജയ്യനാക്കി. ഇംഗ്ലീഷുകാര്‍ മാപ്പുസാക്ഷികളും.
പില്ക്കാലത്തെ വാട്ടര്‍ലൂ യുദ്ധത്തിലെ വീരനായകനായി ശോഭിച്ച ആര്‍തര്‍ വെല്ലസ്ലി (വെല്ലിംഗ്ടണ്‍ പ്രഭു) യെയാണ് പഴശ്ശിയെ നേരിടാന്‍ ഇംഗ്ലീഷുകാര്‍ നിയോഗിച്ചത്. വയനാട് തന്റേതെന്ന നിലപാടില്‍ നിന്ന് പഴശ്ശി പിന്നോട്ടുപോയില്ല. എമ്മന് നായരെ ഇംഗ്ലീഷുകാര്‍ വിലയ്ക്കെടുത്തുവെങ്കിലും പഴശ്ശിയുടെ മറ്റ് അനുയായികളായിരുന്ന കണ്ണവത്ത് ശങ്കരന് നമ്പ്യാര്‍, ഇടച്ചന കുങ്കന്, കൈതേരി അമ്പുനായര്, തലയ്ക്കല്‍ ചന്തു എന്നിവര്‍ പഴശ്ശിയോടൊപ്പം നിന്ന് പയറ്റി. ചാത്തപ്പന് നമ്പ്യാര്‍, ചോയന്‍ ചന്തു എന്നിവരെ 1801 ജൂലൈ 28ന് ഇംഗ്ലീഷുകാര്‍ തടവിലാക്കി കൊന്നു. കണ്ണഞ്ചേരി നമ്പ്യാര്‍, കണ്ണവത്ത് ശങ്കരന് നമ്പ്യാര്‍, കല്ലുചാമ, കുഞ്ഞപ്പന്, റഹ്മാന് എന്നീ അഞ്ചുപേരെയും ചന്തയില്‍ വച്ച് 1801 നവംബര്‍ 21 ന് ഇംഗ്ലീഷുകാര്‍ തൂക്കിലേറ്റി.
ഇതുകൊണ്ടൊന്നും പഴശ്ശി കുലുങ്ങിയില്ല. വെല്ലസ്ലി ഇംഗ്ലീഷ് കമ്പനിക്ക് എഴുതി ‘പഴശ്ശി ജീവിച്ചിരിക്കുന്നിടത്തോളം മലബാര്‍ കലാപം തീര്‍ന്നുവെന്ന് കരുതാന്‍ വയ്യ’.
കേണല്‍ സ്റ്റീവണ്‍സണ്‍, മേജര്‍ മാക്ലിയോര്ഡ്, ആര്‍തര്‍ വെല്ലസ്ലി എന്നിവര്‍ തോല്‍വി സമ്മതിച്ചു പഴശ്ശിയുടെ മുന്നില്‍. 1804 ല്‍ തോമസ് ഹാര്‍വി ബാബര്‍ വന്നതോടെ ഇംഗ്ലീഷുകാര്‍ ചുവടുമാറ്റി. യുദ്ധരംഗത്ത് നേടാന്‍ പറ്റാത്തത് വളഞ്ഞവഴിയില്‍ കൂടിയാകാമെന്നവര് തീര്‍ച്ചപ്പെടുത്തി. എമ്മന്‍നായരുടെ സഹായത്തോടെ പുല്‍പ്പള്ളിയില്‍ നടന്ന 15 മണിക്കൂര്‍ നീണ്ട യുദ്ധത്തില്‍ പഴശ്ശിത്താവളം ഇംഗ്ലീഷുകാര്‍ വളഞ്ഞു.
രക്ഷപ്പെടാന്‍ മാര്‍ഗ്ഗമില്ലാതായപ്പോള്‍ ഇംഗ്ലീഷുകാര്‍ പിടികൂടുന്നതിന് മുമ്പ് തന്റെ വജ്രമോതിരം വിഴുങ്ങി കേരളവര്‍മ്മ ജീവത്യാഗം ചെയ്തു. കളക്ടര്‍ ബാബര്‍ക്ക് പഴശ്ശിയുടെ മൃതശരീരം മാത്രമേ കാണാന്‍ കിട്ടിയുള്ളൂ. ചരിത്രപരമായ ഈ വസ്തുതയെ മറച്ചുപിടിച്ച് പഴശ്ശിയെ വെടിവച്ചിട്ടുവെന്ന് പഴശ്ശിരാജാ സിനിമയില്‍ കാണിച്ചത് അപരാധമാണ്. കറുമ്പനും കുറിയവനുമായ പഴശ്ശിയെ വെളുത്ത് സുന്ദരനായി ഉയര്‍ന്ന പൊക്കത്തോടെ അവതരിപ്പിച്ചതും ചരിത്രത്തോടും ചരിത്രവ്യക്തിത്വത്തോടുതന്നെയും നീതിപുലര്‍ത്തുന്നതല്ല. വിദ്യാഭ്യാസമുള്ളവര്‍ ഇങ്ങനെ ചരിത്രത്തെ തെറ്റായി വ്യാഖ്യാനിക്കുന്നത് കടുംകൈയ്യാണ്.
കേരളക്കരയില്‍ പല വിദേശവിരുദ്ധ സമരങ്ങള്‍ നടന്നിട്ടുണ്ട്. കുടമണ്‍പിള്ളയുടെ നേതൃത്വത്തില്‍ 1721 ഏപ്രില്‍ 14ന് നടന്ന ആറ്റിങ്ങല്‍ കലാപത്തില്‍ കൊല്ലപ്പെട്ട ഇംഗ്ലീഷുകാരുടെ സംഖ്യ, പ്ലാസിയുദ്ധത്തില്‍ കൊല്ലപ്പെട്ടതിനെക്കാള്‍ എത്രയോ ഇരട്ടിയാണ്. പ്ലാസിയെ ഇംഗ്ലീഷ് ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായി കരുതുമ്പോള്‍ ആറ്റിങ്ങല്‍ കലാപം ഇന്നും വിസ്മൃതിയില്‍ തന്നെയാണ്. ചരിത്രകാരനായ കെന്നഡി ഏഷ്യന്‍ നവോത്ഥാനത്തിന്റെ പ്രതീകമായി 1904-05 ലെ റഷ്യ-ജാപ്പനീസ് യുദ്ധത്തെയും അതില്‍ ഏഷ്യന്‍ രാജ്യമായ ജപ്പാന്റെ റഷ്യയുടെ മേലുള്ള വിജയത്തെയും വാഴ്ത്തുമ്പോള്‍ 1741 ആഗസ്റ്റ് 10ന് കുളച്ചല്‍ യുദ്ധത്തില്‍ തിരുവിതാംകൂര്‍ മഹാരാജാവ് മാര്‍ത്താണ്ഡവര്‍മ്മ സൈനികമായി ഡച്ചുകാരെ തോല്പിച്ചതും ചരിത്രകാരന്മാര് മറന്നു.
കുളച്ചലിലെ ഈ യുദ്ധസ്മാരകം കണ്ടാല്‍ മാത്രംമതി ഈ അതിപ്രധാന യുദ്ധത്തോടുള്ള നാട്ടുകാരുടെ പ്രതികരണം വ്യക്തമാകാന്‍. ആധുനിക ലോകചരിത്രത്തില്‍ ആദ്യമായി ഒരു പാശ്ചാത്യ നാവികപ്പടയെ തോല്പിച്ചത് മാര്‍ത്താണ്ഡവര്‍മ്മ എന്ന തിരുവിതാംകൂര്‍ നാട്ടുരാജാവാണ് എന്ന വസ്തുത നിലനില്ക്കുന്നു. സൈനിക മുന്നേറ്റങ്ങളുടെ പ്രയാണത്തില്‍ മുഖ്യകഥാപാത്രങ്ങളായിരുന്നു മാര്‍ത്താണ്ഡ വര്‍മ്മയും വേലുത്തമ്പിയും പഴശ്ശിരാജാവും. പഴശ്ശിസ്മരണ പുതുക്കുന്ന ഈ അവസരത്തില്‍ പുല്‍പ്പള്ളിയില്‍ പഴശ്ശി സ്മാരകം ഉയരുന്നത് ശുഭോദര്‍ക്കമാണ്.
(കേരള പഠന കേന്ദ്രം ഡയറക്ടറാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: