ഉന്മാദലഹരി നുരയുന്ന ചില്ലുപാത്രങ്ങള്‍, നൊമ്പരച്ചൂടുള്ള കണ്ണീര്‍ത്തുള്ളികള്‍ നിറച്ച തളികകള്‍..
ക്രിക്കറ്റിന്റെ സമ്മോഹന ഭൂവില്‍ നിന്ന് ആരാധര്‍ പെറുക്കിയെടുക്കും ഇവയൊക്കെ. മാന്യമാരുടെ കളിയുടെ ഇഷ്ടക്കാര്‍ക്ക് ഫിലിപ്പ് ഹ്യൂസ് എന്ന ആസ്‌ട്രേലിയക്കാരന്‍ വിളമ്പിയത് ഇതിലേതാണ്.
കുറച്ചുകാലത്തിനുള്ളില്‍ രണ്ടും ഹ്യൂസ് പങ്കുവച്ചെന്നു പറയാം. അനുപമമായ പ്രതിഭാവിലാസംകൊണ്ട് എതിരാളികളെപ്പോലും അതിശയിപ്പിച്ചവന്‍. പിന്നെ അസ്ഥിരതയുടെ ഉടയാടകള്‍ ചാര്‍ത്തി മിന്നിമാഞ്ഞു. ഒടുവില്‍ കളിപ്രേമികളുടെ നെഞ്ചില്‍ അണയാ തീ കോരിയിട്ടവന്‍ മടങ്ങി.. ഒരു മഹാനായ താരത്തിലേക്ക് യാത്ര ചെയ്യാനുള്ള എല്ലാ വിഭവശേഷികളുംഹ്യൂസിലെ ഇടംകൈയനില്‍ ആവാഹിച്ചിരുന്നു. അതിനാല്‍ത്തന്നെ ആ 25 കാരന്‍ അകാലത്തില്‍പൊലിഞ്ഞപ്പോള്‍ നഷ്ടം ക്രിക്കറ്റിന്റേതായി.
ന്യൂസൗത്ത് വെയ്ല്‍സിലെ മാക്‌സ്‌വില്ലെയില്‍ ഏത്തവാഴക്കൃഷിക്കാരനായ ഗ്രെഗ് ഹ്യൂസിന്റെയും ഇറ്റാലിയന്‍ വംശജയായ വിര്‍ജീനിയയുടെയും മകനായാണ് ഹ്യൂസ് ജനിച്ചത്. സഹോദരി മെഗാനും സഹോദരനായ ജാസനുമൊപ്പം കുട്ടിക്കാലത്തെ അവന്‍ അച്ഛനെ കൃഷിയില്‍ സഹായിച്ചു. ഫിലിപ്പിന്റെ പ്രതിഭ തിരിച്ചറിഞ്ഞ ഗ്രെഗ് അവനുവേണ്ടി കൃഷിയിടത്തിന്റെ ഒരുമൂലയില്‍ ക്രിക്കറ്റ് പിച്ചൊരുക്കി. സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ഫിലിപ്പ് നന്നായി റഗ്ബിയും കളിക്കുമായിരുന്നു. എന്നാല്‍ പിന്നീട് ക്രിക്കറ്റില്‍ മാത്രമായി ശ്രദ്ധ. അതിനേറെ ഗുണം ലഭിക്കുകയും ചെയ്തു. വളരെ ചെറുപ്രായത്തില്‍ ഹ്യൂസ് അപാര വൈഭവം പ്രകടിപ്പിച്ചു. 25 വയസിനുള്ളില്‍ 15, 789 റണ്‍സാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഫില്‍ അടിച്ചുകൂട്ടിയത്. അതില്‍ 26 സെഞ്ച്വറികളുംപെടുന്നു. ഹ്യൂസിന്റെ ഇതേ പ്രായത്തില്‍ ജസ്റ്റിന്‍ ലാംഗറെന്ന ഓസീസ് സ്റ്റാര്‍ നേടിയത് ഒരു ഫസ്റ്റ് ക്ലാസ് ശതകംമാത്രമെന്നോര്‍ക്കണം. ടെസ്റ്റ് ക്രിക്കറ്റിലെ ചുവടുവയ്‌പ്പ് അതിലും ഉശിരനായിരുന്നു.
2009 ഫെബ്രുവരിയില്‍ അതികായരായ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ജോഹന്നസ് ബര്‍ഗില്‍ ഫില്‍ കരിയറില്‍ ആദ്യമായി കങ്കാരുക്കളുടെ ടെസ്റ്റ് ക്യാപ് അണിഞ്ഞു. ആദ്യ ഇന്നിംഗ്‌സ് പാളി, പൂജ്യത്തിന് പുറത്ത്.
എന്നാല്‍ രണ്ടാം ഇന്നിംഗില്‍ അര്‍ധ ശതകം (75). ഡര്‍ബനിലെ രണ്ടാം ടെസ്റ്റില്‍ ‘ലിറ്റില്‍ ഫില്‍’ വിശ്വരൂപം പുറത്തെടുത്തു. രണ്ടിന്നിംഗ്‌സിലും സെഞ്ച്വറി (115, 160). ഒരു ടെസ്റ്റിന്റെ രണ്ടിന്നിംഗ്‌സിലും സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമെന്ന പെരുമയും ഹ്യൂസിന് സ്വന്തമായി.
ഹ്യൂസില്‍ ഒരു സ്ഥിരം ഓപ്പണറെ ആസ്‌ട്രേലിയ മോഹിച്ചു.
പക്ഷേ, അവരുടെ കണക്കുകൂട്ടലുകള്‍ തെറ്റി. ഷോര്‍ട്ട് പിച്ച് പന്തുകള്‍ നേരിടുന്നതില്‍ ഹ്യൂസ് എപ്പോഴും അസ്വസ്ഥതകാട്ടി. അതു പലപ്പോഴും എതിരാളികള്‍ മുതലെടുത്തു. ഉജ്ജ്വലമായ തുടക്കത്തിനുശേഷം അഞ്ചുതവണയാണ് ആസ്‌ട്രേലിയന്‍ ടെസ്റ്റ് ടീമില്‍ നിന്ന് ഹ്യൂസ് തഴയപ്പെട്ടത്.
എന്നിരുന്നാലും ഹ്യൂസിലെ ക്രിക്കറ്റര്‍ കഠിനമായി അധ്വാനിച്ചുകൊണ്ടിരുന്നു. അതിന്റെ ഫലമെന്നോണം ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഹ്യൂസിന് അവസരമൊരുങ്ങിയേനെ.
പ്രത്യേകിച്ച് മൈക്കല്‍ ക്ലാര്‍ക്കിന് പരിക്കേറ്റ സാഹചര്യത്തില്‍. ടീമിലേക്കുള്ള വിളിയും കാത്തിരിക്കേയാണ് ഹ്യൂസിനെ മരണംകൂട്ടിക്കൊണ്ടുപോയത്.
















