സിഡ്നി: കരീബിയന്‍ ക്രിക്കറ്റിന്റെ സുവര്‍ണകാലത്ത് അതിവേഗതയുടെയും ദാക്ഷണ്യരാഹിത്യത്തിന്റെയുമൊക്കെ ആള്‍രൂപങ്ങളായ മാല്‍ക്കം മാര്‍ഷലും മൈക്കല്‍ ഹോള്‍ഡിങ്ങും ജോയല്‍ ഗാര്നറുമെല്ലാം ബാറ്റ്സ്മാന്റെ ചോരവീഴ്ത്താന്‍ വേണ്ടി അപകടകരമായ ബീമറുകളും ബൗണ്സറുകളുമൊക്കെ പ്രയോഗിക്കുക പതിവായിരുന്നു. ആഷസ് എന്ന അഭിമാന പരമ്പരയ്ക്കിടെ സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാനും കൂട്ടര്‍ക്കും ബോഡിലൈന്‍ ബൗളിങ്ങിന്റെ രൂക്ഷതകള്‍ അനുഭവിക്കേണ്ടിവന്നത് മറ്റൊരു ചരിത്രം.
തൊണ്ണൂറുകളില്‍ വെസ്റ്റിന്‍ഡ്യന്‍ പിന്മുറക്കാരായ കോട്നി വാല്‍ഷും കട്ലി അംബ്രോസും ചൂടന്‍ പന്തുകളിലൂടെ ബാറ്റ്സ്മാന്മാരെ വിരട്ടി നിര്‍ത്തിയിട്ടുള്ളവര്‍ തന്നെ. എന്നാല്‍ സുരക്ഷാകവചങ്ങള്‍ ഏറെയുള്ള സമകാലിക ക്രിക്കറ്റില്‍ ബൗണ്‍സര്‍ ഒരു ‘ആളെക്കൊല്ലി’ പ്രയോഗമല്ല, പരീക്ഷണം മാത്രം. അതിന്റെ ലക്ഷ്യം ബാറ്റ്സ്മാനെ വിറളിപിടിപ്പിക്കുക. പുള്‍ ചെയ്തോ ഹുക്ക് ചെയ്തോ അയാള്‍ പുറത്താകട്ടെ എന്ന നിര്‍ദോഷമായ ഉദ്ദേശം.
അത്രമാത്രമേ ന്യൂ സൗത്ത് വെയ്സ് ബൗളര്‍ സീന്‍ അബോട്ടും കരുതിയുള്ളു. പക്ഷേ, വിധിയുടെ നീചവും നിര്വ്വചനാതീതവുമായ കൈകടത്തല്‍ ഫിലിപ്പ് ഹ്യൂസെന്ന അതുല്യ പ്രതിഭയുടെ ദാരുണാന്ത്യത്തിന്റെ തിരക്കഥ എഴുതി. അതില്‍ അബോട്ടിനു കരുതിവച്ചത് വില്ലന്റെ വേഷവും. തന്റെ പന്തുകൊണ്ടുവീണ ഹ്യൂസിനരുകിലേക്ക് ആദ്യം ഓടിച്ചെന്നത് അബോട്ടായിരുന്നു. ഹ്യൂസിനെ പതിയെ തലോടിയ അബോട്ട് ആശ്വാസംപകരാന്‍ ശ്രമിച്ചു. ലോകം പ്രതിസ്ഥാനത്തു നിര്‍ത്തുന്നെന്ന ഒറ്റക്കാരണം കൊണ്ടുമാത്രം ഹ്യൂസിന്റെ വിയോഗ വാര്‍ത്ത ഏറെ പിടിച്ചുലച്ചത് അബോട്ടിനെയല്ലാതെ മറ്റാരെയുമായിരിക്കില്ലല്ലോ.
കറുത്ത ബേസ്ബോള്‍ തൊപ്പിയും ധരിച്ചാണ് അബോട്ട് ഇന്നലെ സിഡ്നിയിലെ ആശുപത്രിയില്‍ എത്തിയത്. ന്യൂ സൗത്ത് വെയ്ല്‍സ് ടീമംഗങ്ങളും ഇതിഹാസ താരം സ്റ്റീവ് വോ അടക്കമുള്ള അനേകംപേരും അവിടെയുണ്ടായിരുന്നു. വിളറിയ മുഖവും തകര്‍ന്ന നെഞ്ചുമായി ആശുപത്രി ഗേറ്റ് താണ്ടിച്ചെന്ന അബോട്ടിനെ അവരെല്ലാം ചേര്‍ന്ന് ആശ്വസിപ്പിച്ചു.
സഹതാരങ്ങള്‍ക്കൊപ്പം കോഫി ഷോപ്പില്പോയ അബോട്ട് തലകുനിച്ചിരുന്നു. ഹ്യൂസിന്റെ വിയോഗ വാര്‍ത്തയറിഞ്ഞെത്തിയ ആസ്ട്രേലിയന്‍ ടെസ്റ്റ് ടീം മുന്‍ ക്യാപ്റ്റന്‍ സൈമണ്‍ കാറ്റിച്ചും അബോട്ടിനെ സ്വാന്തനിപ്പിക്കുന്നുണ്ടായിരുന്നു. അതേസമയം, അബോട്ടിനെ സൂക്ഷമായി നിരീക്ഷിച്ചുവരുന്നതായി ക്രിക്കറ്റ് ആസ്ട്രേലിയ വ്യക്തമാക്കി. താരത്തിന്റെ മാനസികനില മനസിലാക്കുന്നെന്നും ആഘാതത്തില്‍ നിന്ന് കരകയറാന്‍ സഹായിക്കുമെന്നും അവര്‍ പറഞ്ഞു. ബുധനാഴ്ച ന്യൂ സൗത്ത് വെയ്ല്‍സ് ടീമംഗങ്ങള്‍ക്കെല്ലാം സിഡ്നി സ്റ്റേഡിയത്തില്‍ വച്ച് കൗണ്‍സിലിങ് നല്‍കിയിരുന്നു.
















