നിന്റെ അന്തരംഗത്തില്‍നിന്നും വളരെ നേര്‍ത്ത ഒരു ശബ്ദം സംസാരിക്കുന്നു. അതിനെ നീ അന്തരാത്മാവ് എന്ന് പറയുന്നു. ഞാന്‍ അതിനെ ‘ഭഗവാന്‍’ എന്ന് വിളിക്കുന്നു. ജനനം തൊട്ടേ ഈശ്വരന്‍, അമൂല്യമായ സമ്പത്തുക്കളെക്കൊണ്ട് നിന്നെ അനുഗ്രഹിക്കുന്നു. അതിന്റെ രഹസ്യം അതിനെ അനേ്വഷിച്ചു കണ്ടുപിടിക്കുന്നതിലാണ്.
അടച്ചുപൂട്ടിയ ഒരു പെട്ടി തുറക്കാതെ അതിനുള്ളിലെന്തെന്ന് നമുക്കറിയില്ല. അതുപോലെ നിന്റെ മനസ്സും ഹൃദയവും ഈശ്വരന്റെ മുന്‍പില്‍ തുറന്നാലേ അവയ്‌ക്കുള്ളിലെന്തെന്ന് നമുക്കറിയൂ.
മനസ്സ് തുറക്കൂ, ഗതകാലം മറക്കൂ. ഭാവിയുടെ അസ്ഥിരതയോര്‍ത്ത് ദുഃഖിക്കാതിരിക്കൂ. ഹൃദയം തുറക്കൂ, നിന്റെ ഉള്ളില്‍ വേദനയുളവാക്കി നീ കൊണ്ടുനടക്കുന്ന ഇഷ്ടക്കേടുകളും വെറുപ്പും വിദേ്വഷവും അഭിപ്രായവ്യത്യാസങ്ങളും വെടിയൂ. ഇവ സൃഷ്ടിക്കുന്ന ചുവരുകള്‍ക്കിടയില്‍ നിന്റെ അന്തരാത്മാവായ ഈശ്വരന് ശ്വാസം മുട്ടുന്നു. അതിന്റെ ശബ്ദം നേര്‍ത്തതും സ്പഷ്ടമല്ലാത്തതുമാകുന്നു. ഇത് നിന്റെ ഉള്ളില്‍ സ്ഥിതിചെയ്യുന്ന ഈശ്വര സാന്നിദ്ധ്യത്തെക്കുറിച്ച് നിന്നെ സംശയാലുവാക്കുന്നു.
ഇന്ന് ഞാന്‍ അവതരിച്ചത് നിന്റെ ഉള്ളില്‍ ഈശ്വരന്‍ വസിക്കുന്നു എന്നുറപ്പ് വരുത്താനാണ്. ആ ഈശ്വരനെ ആകാശത്തിലും പര്‍വ്വതങ്ങളിലും സമുദ്രങ്ങളിലും പുല്‍മേടുകളിലും പാടങ്ങളിലും കണ്ടെത്താനാകും. ഈശ്വരന്‍ എല്ലാ മൃഗങ്ങളിലും പക്ഷികളിലും ജീവിക്കുന്നു. നീ ഇന്ന് ഇഷട്‌പ്പെടുന്നവരെല്ലാം ഈശ്വരനാണ്.
നീ ഇഷ്ടപ്പെടാത്തവരും ഈശ്വരനാണ്. ഞാന്‍ ഇവിടെ അവതരിച്ചത് സത്യത്തെക്കുറിച്ചുള്ള നിന്റെ അവഗാഹത്തെക്കുറിച്ചും സ്‌നേഹമാകുന്ന എന്റെ ആയുധത്തെക്കുറിച്ചും നിന്നെ ബോധവാനാക്കുന്നതിനാണ്. ഇന്നത്തെ നിന്റെ സന്ദേഹങ്ങളെല്ലാം നിന്റെ വിശ്വാസത്തിന്റെ അടിത്തറയായി തീരട്ടെ. എന്നോടൊപ്പം വരൂ. കാരണം ഒരു സ്ഥലവും നിന്റേതല്ല, പക്ഷേ, എന്റേതാണ് താനും. നിന്റെ സ്ഥലം എന്റെ പ്രേമത്തിന്റെ ഇരിപ്പിടമാണ്. എല്ലായ്‌പ്പോഴും എന്റെ സ്ഥാനം നിന്റെ ഒപ്പമാണ്.
















