ബദേര്‍വാ: ജമ്മു കാശ്മീരിന് പ്രത്യേക സ്വയം ഭരണ പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്തണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ആവശ്യപ്പെട്ടു.
ദോഡ ജില്ലയിലെ ബദേര്‍വാ പട്ടണത്തില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാജ്‌നാഥ് സിംഗ്. ഇതൊരു ദേശീയ പ്രശ്‌നമാണെന്നും അദ്ദേഹം പറഞ്ഞു.
ഇക്കാര്യത്തില്‍ ജമ്മു കാശ്മീരിലെ ജനങ്ങളുമായും ചര്‍ച്ച ആവശ്യമാണ്. ഇതൊരു വൈകാരിക വിഷയമായതിനാല്‍ ഭരണഘടനയിലെ ഈ വ്യവസ്ഥ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് അന്തിമതീരുമാനം കൈക്കൊള്ളുന്നതിനു മുമ്പ് ദേശീയതലത്തിലും ചര്‍ച്ചയുണ്ടാകണമെന്നാണ് ബിജെപി മുന്നോട്ട് വയ്‌ക്കുന്ന നിര്‍ദ്ദേശം.
ആര്‍ട്ടിക്കിള്‍ 370 സംബന്ധിച്ച് ബിജെപിയുടെ ഈ നിര്‍ദ്ദേശത്തോട് ആര്‍ക്കും എതിര്‍പ്പുണ്ടാകുമെന്ന് കരുതുന്നില്ലെന്നും രാജ്‌നാഥ് സിംഗ് അഭിപ്രായപ്പെട്ടു.
ജനാധിപത്യസമ്പ്രദായത്തില്‍ ആര്‍ക്കും ഇതേക്കുറിച്ച് സംസാരിക്കാന്‍ അവകാശമുണ്ട്. ഈ വ്യവസ്ഥ ജനങ്ങള്‍ക്ക് പ്രയോജനപ്രദമോ അല്ലയോ എന്ന് ജനങ്ങള്‍ തീരുമാനിക്കണം.
രാജ്യത്തെ ഒരു സംസ്ഥാനത്തിന്റെ പൂര്‍ണ സമന്വയത്തിന് വഴിയൊരുക്കുന്നതിന് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കണമെന്ന് ബിജെപി നേതാക്കള്‍ ഇതിനുമുമ്പും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതൊരു താത്കാലിക ഉടമ്പടിയാണെന്നും കേന്ദ്രമന്ത്രിസഭാ പ്രമേയത്തിലൂടെ ഇത് അസാധുവാക്കാന്‍ സാധിക്കുമെന്നും നേരത്തെ തന്നെ ബിജെപി നേതാവ് സുബ്രഹ്മണ്യ സ്വാമി വ്യക്തമാക്കിയിരുന്നു.
അഴിമതി രഹിത ഭരണത്തിലൂടെയും വികസനത്തിലൂടെയും ജമ്മു കാശ്മീരിനെ സമാധാനത്തിന്റെയും പുരോഗതിയുടേയും മാതൃകാ സംസ്ഥാനമായി മാറ്റുന്നതിനാണ് ബിജെപി ഊന്നല്‍ നല്‍കുന്നതെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.
















