ന്യൂദല്‍ഹി: മുംബൈ, ദല്‍ഹി, ഗുജറാത്ത് എന്നിവിടങ്ങളില്‍ നടക്കുന്ന കള്ളപ്പണ ഇടപാടുകളും ഹവാല അഴിമതിയും തടയാന്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ബാങ്കുകളോട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നിര്‍ദ്ദേശിച്ചു. പ്രത്യേകിച്ചും വന്‍ തുകകള്‍ കൈമാറ്റം ചെയ്യുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നാണ് ഡയറക്ടറേറ്റിന്റെ മുന്നറിയിപ്പ്.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിളിച്ചു ചേര്‍ത്ത ബാങ്ക് ഉന്നതാധികാര സമിതി യോഗത്തിലാണ് കള്ളപ്പണ ഒഴുക്ക് തടയാന്‍ പഴുതുകളടച്ച് പ്രവര്‍ത്തിക്കണമെന്ന നിര്‍ദ്ദേശം ഉണ്ടായത്.
ഐഎന്‍ജി വൈശ്യ, ബാങ്ക് ഓഫ് ഇന്ത്യ, ഇന്‍ഡസ് ഇന്‍ഡ്, സിറ്റി തുടങ്ങിയ ബാങ്കുകളിലാണ് ഇത്തരം പ്രവര്‍ത്തനം നടക്കുന്നത്.
ഒരാഴ്ച മുമ്പ് ഒരേ ഇറക്കുമതി ബില്‍ മൂന്ന് ബാങ്കുകളില്‍ മാറിയതായി കണ്ടെത്തിയിട്ടുണ്ട്. ഒരേ ബില്‍ നമ്പരില്‍ 500 കോടിയിലധികം രൂപയാണ് മാറിയിരിക്കുന്നത്. ബില്‍ നല്‍കിയിരിക്കുന്നതും ഒരാള്‍ തന്നെയാണ്. ഇതുസംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും മുതിര്‍ന്ന എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് (ഫെമ) ലംഘിച്ചതുമായി ബന്ധപ്പെട്ട് 1000 ത്തിലധികം കേസുകള്‍ ഇപ്പോള്‍ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കുന്നുണ്ട്.
അഴിമതിയിലൂടെ സമ്പാദിക്കുന്ന കോടികള്‍ നാഷണല്‍ ഇലക്ട്രോണിക് ഫണ്ട്‌സ് ട്രാന്‍സ്ഫര്‍(എന്‍ഇഎഫ്ടി), റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ്(ആര്‍ടിജിഎസ്) തുടങ്ങിയ ബാങ്കിംഗ് സംവിധാനങ്ങളിലൂടെ കൈമാറ്റം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.
ചെക്കുകള്‍ ഉപയോഗിക്കാതെ രാജ്യത്ത് നിന്ന് വന്‍തുകകള്‍ ഇത്തരത്തില്‍ കൈമാറ്റം ചെയ്യപ്പെടുന്നു. ഇതില്‍ മറ്റ് പല വിദേശരാജ്യങ്ങളും ഉള്‍പ്പെടുന്നുമുണ്ട്. മാത്രമല്ല വളരെ തന്ത്രപരമായാണ് അവര്‍ ഫണ്ടുകള്‍ കൈമാറ്റം ചെയ്യുന്നതും. അതിനാല്‍ ബാങ്കുകള്‍ വളരെ ശ്രദ്ധാലുക്കളായിരിക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മൂന്ന് വര്‍ഷം മുമ്പു തന്നെ റിസര്‍വ് ബാങ്ക് കള്ളപ്പണം തടയാന്‍ കെവൈസി നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു.
















