അര്‍ജന്റീനക്കെതിരായ മത്സരത്തില്‍ പോര്‍ച്ചുഗലിന്റെ റാഫേല്‍ ഗ്യുറീറോ
ഹെഡ്ഡറിലൂടെ ഗോള്‍ നേടുന്നു
ലണ്ടന്‍: ഇന്നലെ നടന്ന അന്താരാഷ്ട്ര സൗഹൃദ പോരാട്ടത്തില്‍ ലോക ഫുട്ബോളിലെ രണ്ട് സൂപ്പര്‍ താരങ്ങള്‍ ഏറ്റുമുട്ടിയപ്പോള്‍ വിജയം ക്രിസ്റ്റിയാനോയും സംഘവും സ്വന്തമാക്കി. ഓള്‍ഡ് ട്രഫോര്‍ഡില്‍ നടന്ന വാശിയേറിയ പോരാട്ടത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് സാക്ഷാല്‍ മെസ്സി നായകനായ അര്‍ജന്റീനയെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ കീഴടക്കിയത്.
രണ്ട് സൂപ്പര്‍താരങ്ങള്‍ക്കും ഗോള്‍ നേടാന്‍ കഴിയാതിരുന്ന പോരാട്ടത്തില്‍ രണ്ടാം പകുതിയില്‍ പകരക്കാരനായി ഇറങ്ങിയ റാഫേല്‍ ഗ്യുറീറോയാണ് പോര്‍ച്ചുഗലിന് വിജയം സമ്മാനിച്ച ഗോള്‍ നേടിയത്. കളിയുടെ ഇഞ്ചുറി സമയത്തായിരുന്നു ഗോള്‍ പിറന്നത്.
അര്‍ജന്റീന-പോര്‍ച്ചുഗല്‍ മത്സരം എന്നതിനേക്കാള്‍ മെസ്സി-ക്രിസ്റ്റിയാനോ പോരാട്ടം എന്ന നിലയില്‍ പ്രസിദ്ധമായ കളിയില്‍ ഇരു താരങ്ങളും നിറം മങ്ങി. ആദ്യപകുതിക്കുശേഷം ഇരുതാരങ്ങളും പകരക്കാരുടെ ബെഞ്ചിലെത്തുകയും ചെയ്തു. പന്ത് കൂടുതല്‍ കൈവശം വെച്ചതും ഷോട്ടുകള്‍ പായിച്ചതും അര്ജന്റീനയായിരുന്നെങ്കിലും സ്ട്രൈക്കര്‍മാരായ ഹിഗ്വയിന്, കാര്‍ലോസ് ടെവസ് തുടങ്ങിയവര്‍ക്ക് പിഴച്ചതാണ് അവര്‍ക്ക് തിരിച്ചടിയായത്.
















