സെല്‍റ്റിക്: അന്താരാഷ്ട്ര സൗഹൃദ ഫുട്ബോള്‍ പോരാട്ടങ്ങളില്‍ ലോക ചാമ്പ്യന്മാരായ ജര്‍മ്മനി, കരുത്തരായ ഇറ്റലി, ഇംഗ്ലണ്ട്, ഫ്രാന്‍സ് തുടങ്ങിയവര്‍ വിജയം നേടി.
സെല്‍റ്റിക് പാര്‍ക്കില്‍ നടന്ന കളിയില്‍ സൂപ്പര്‍താരവും ക്യാപ്റ്റനുമായ വെയ്ന്‍ റൂണിയുടെ ഇരട്ട ഗോളുകളുടെ കരുത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഇംഗ്ലണ്ട് സ്കോട്ട്ലന്റിനെ കീഴടക്കിയത്. 32-ാം മിനിറ്റില്‍ ജാക്ക് വില്‍ഷയറിന്റെ ക്രോസ് തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ വലയിലെത്തിച്ച് ചേംബര്‍ലെയ്നാണ് ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചത്. പിന്നീട് 47-ാം മിനിറ്റില്‍ വെയ്ന്റൂണി മറ്റൊരു ഹെഡ്ഡറിലൂടെ ലീഡ് ഉയര്‍ത്തി.
83-ാം മിനിറ്റില്‍ ജോണി റസ്സലിന്റെ പാസില്‍ നിന്ന് ആന്‍ഡ്രൂ റോബര്‍ട്ട്സണ്‍ സ്കോട്ട്ലന്റിന്റെ ഒരു ഗോള്‍ മടക്കി. എന്നാല്‍ തൊട്ടടുത്ത മിനിറ്റില്‍ ആഡം ലല്ലാനയുടെ പാസില്‍ നിന്ന് വെയ്ന്‍ റൂണി പായിച്ച ഇടംകാലന്‍ ഷോട്ട് സ്കോട്ടിഷ് വല കുലുക്കിയതോടെ ഇംഗ്ലണ്ടിന്റെ സ്കോര്‍ പട്ടിക പൂര്‍ത്തിയായി. മറ്റൊരു മത്സരത്തില്‍ ഫ്രാന്‍സ് ഏകപക്ഷീയമായ ഒരു ഗോളിന് സ്വീഡനെ കീഴടക്കി. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം കളിയുടെ 83-ാം മിനിറ്റില്‍ റോബര്‍ട്ട് വരാനെയാണ് ഫ്രഞ്ച് പടയുടെ വിജയഗോള്‍ നേടിയത്.
മുന്‍ ലോകചാമ്പ്യന്മാരായ സ്പെയിനും നിലവിലെ ലോകചാമ്പ്യന്മാരായ ജര്‍മ്മനിയും ഏറ്റുമുട്ടിയ മത്സരത്തില്‍ വിജയം ജര്‍മ്മന്‍ പോരാളികള്‍ക്കൊപ്പം നിന്നു. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം കളിയുടെ 89-ാം മിനിറ്റില്‍ ടോണി ക്രൂസാണ് ജര്‍മ്മനിയുടെ വിജയഗോള്‍ നേടിയത്. മറ്റൊരു കളിയില്‍ ഇറ്റലി 82-ാം മിനിറ്റില്‍ ഒകാക നേടിയ ഏക ഗോളിന് അല്‍ബേനിയയെ കീഴടക്കി.
മറ്റ് മത്സരങ്ങളില്‍ സെര്‍ബിയ 2-0ന് ഗ്രീസിനെയും സ്ലൊവാക്യ 2-1ന് ഫിന്‍ലാന്റിനെയും കൊളംബിയ 1-0ന് സ്ലൊവേനിയയെയും റുമാനിയ 2-0ന് ഡെന്മാര്ക്കിനെയും റഷ്യ 2-1ന് ഹംഗറിയെയും ജപ്പാന് 2-1ന് ഓസ്ട്രേലിയയെയും ബലാറസ് 3-2ന് മെക്സിക്കോയെയും ഉറുഗ്വെ 2-1ന് ചിലിയെയും പരാജയപ്പെടുത്തിയപ്പോള്‍ പോളണ്ട്-സ്വിറ്റ്സര്‍ലന്റ് പോരാട്ടം 2-2നും പനാമ-കാനഡ കളി ഗോള്‍രഹിത സമനിലയിലും കലാശിച്ചു.
















