ചെന്നൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ സമനിലക്കുരുക്കഴിക്കാന്‍ ചെന്നൈയിന് എഫ്സിയും പൂനെ സിറ്റി എഫ്സിയും ഇന്ന് ഏറ്റുമുട്ടുന്നു. ചെന്നൈയിന് എഫ്സി അവസാനം കളിച്ച നാല് മത്സരങ്ങളിലും പൂനെ സിറ്റി രണ്ട് മത്സരങ്ങളിലും സമനിലയില്‍ കുടുങ്ങിയിരുന്നു. ഈ സമനിലക്കുരുക്കില്‍ നിന്നുള്ള മോചനമാണ് ഇരുടീമുകളുടെയും ലക്ഷ്യം.
എട്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ചെന്നൈയിന് എഫ്സി മൂന്ന് വിജയവും നാല് സമനിലയും ഒരു പരാജയവുമടക്കം 13 പോയിന്റുമായി പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. പൂനെയാകട്ടെ മൂന്ന് വീതവും വിജയവും സമനിലയും രണ്ട് പരാജയവുമടക്കം 12 പോയിന്റുമായി നാലാം സ്ഥാനത്തും നില്ക്കുന്നു.
അത്ലറ്റികോ ഡി കൊല്‍ക്കത്തക്കെതിരായ ഹോം ആന്റ് എവേ മത്സരങ്ങളും പൂനെ സിറ്റിക്കെതിരായ എവേ പോരാട്ടവും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ ഹോം മത്സരത്തിലുമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് മഹേന്ദ്രസിംഗ് ധോണിയുടെയും അഭിഷേക് ബച്ചന്റെയും ഉടമസ്ഥതയിലുള്ള ചെന്നൈയിന് എഫ്സി സമനില പാലിച്ചത്. പൂനെ സിറ്റി എഫ്സി ചെന്നൈയിന് എഫ്സിയോടും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനോടുമാണ് അവസാന രണ്ട് മത്സരങ്ങളില്‍ സമനില പാലിച്ചത്.
ബ്രസീലിയന്‍ സൂപ്പര്‍താരം എലാനോയാണ് ചെന്നൈയിന് ടീമിന്റെ കുന്തമുന. കഴിഞ്ഞ രണ്ട് കളികളില്‍ എലാനോക്ക് ഗോള്‍ നേടാന്‍ കഴിഞ്ഞില്ലെങ്കിലും എട്ട് കളികളില്‍ നിന്ന് എട്ട് ഗോളുകള്‍ നേടി ഗോള്‍വേട്ടക്കാരില്‍ ഒന്നാമനാണ്. എലാനോക്കൊപ്പം കൊളംബിയന്‍ താരം സ്റ്റീഫന്‍ മെന്‍ഡോസയും ജീന്‍ മോറിസും ഇന്ത്യന്‍ താരം ബല്‍വന്ത് സിംഗും ഉള്‍പ്പെടുന്ന ചെന്നൈയിന് നിര ഏറെ കരുത്തേറിയവരാണ്. മധ്യനിരയില്‍ സ്വീഡിഷ് താരം ബോജാന്‍ ഡോര്ഡിക്കും ബ്രസീലിയന്‍ താരം ബ്രൂണോ പെലിസാരിയും ഇന്ത്യന്‍ താരവും മലയാളിയുമായ ഡെന്‍സണ്‍ ദേവദാസും പ്രതിരോധനിരയില്‍ ഇറ്റാലിയന്‍ താരം മാര്‍ക്കോ മറ്റരാസിയും ഇന്ത്യന്‍താരം ധനചന്ദ്രസിംഗ്, ഗുര്‍മാംഗി സിംഗ് എന്നിവരും ഫ്രഞ്ച് താരം മൈക്കല്‍ സില്‍വസ്റ്ററും ഇറങ്ങുന്നതോടെ തികച്ചും സന്തുലിതമായ ടീമാണ് ചെന്നൈയിന് എഫ്സിയുടേത്.
ഫ്രഞ്ച് ലോകകപ്പ് താരം ഡേവിഡ് ട്രെസ്ഗെയും ഗ്രീക്ക് താരം കാറ്റ്സൊറാനിസുമാണ് പൂനെയുടെ സൂപ്പര്‍താരങ്ങള്‍. എട്ട് കളികളില്‍ നിന്ന് മൂന്ന് ഗോളുകളാണ് കാറ്റ്സൊറാനിസ് നേടിയിട്ടുള്ളത്. കരുത്തുറ്റ പ്രതിരോധ-മധ്യനിര പൂനെ സിറ്റിക്കുണ്ടെങ്കിലും മുന്നേറ്റനിര പലപ്പോഴും അവസരങ്ങള്‍ പാഴാക്കുന്നതാണ് അവരെ കുഴക്കുന്നത്. പ്രതിരോധത്തില്‍ പരിചയസമ്പന്നനായ ഇറ്റലിയുടെ ബ്രൂണോ സിറിലോക്കും ഡാനിയല്‍ മാഗ്ലിയോചെറ്റിക്കുമൊപ്പം ഇന്ത്യയുടെ ധര്‍മരാജ് രാവണന്, അനുപം സര്‍ക്കാര്‍ എന്നിവരാണ് കളത്തിലിറങ്ങാന്‍ സാധ്യത. പോസ്റ്റിന് മുന്നില്‍ ജുവന്റസിനും നപ്പോളിക്കും ഉദിനെസെക്കും വേണ്ടി ഗോള്‍വലയം കാത്ത അനുഭസമ്പത്തുമായി എത്തുന്ന ഇമ്മാനുവെലെ ബെലാര്ഡിയും ഇറങ്ങുന്നതോടെ എലാനോക്കും കൂട്ടര്‍ക്കും ഗോള്‍ നേടാന്‍ അല്പം ബുദ്ധിമുട്ടേണ്ടിവരുമെന്ന് ഉറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: