ട്രാക്കിലിരുന്ന് മുദ്രാവാക്യം വിളിച്ച പ്രതിഷേധക്കാരെ
ബലം പ്രയോഗിച്ച് നീക്കുന്ന പോലീസുകാര്‍
മലപ്പുറം: ഭാഷാ അദ്ധ്യാപകരെ കായിക അദ്ധ്യാപകരായി നിയമിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവില്‍ പ്രതിഷേധിച്ച് കായിക അദ്ധ്യാപക വിദ്യാര്‍ത്ഥികള്‍ നടത്തിയ സമരത്തെതുടര്‍ന്ന് മലപ്പുറം റവന്യു ജില്ലാ കായികമേള നിര്‍ത്തിവെച്ചു. പ്രതിഷേധവുമായി എത്തിയവരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി. പ്രതിഷേധക്കാര്ക്കുപുറമെ മത്സരത്തില്‍ പങ്കെടുക്കാന്‍ എത്തിയ കായികതാരങ്ങള്‍ക്കും കായിക അദ്ധ്യാപകര്‍ക്കും പോലീസ് ലാത്തിച്ചാര്‍ജ്ജില്‍ പരിക്കേറ്റു. മണിക്കൂറുകളോളം നീണ്ട സംഘര്‍ഷത്തിനൊടുവില്‍ മേള ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മാറ്റിവെച്ചതായി ഡിഡിഇ അറിയിക്കുകയായിരുന്നു.
ഇന്നലെ രാവിലെ പതിനൊന്നോടെയാണ് മലപ്പുറം എംഎസ്പി ഗ്രൗണ്ടില്‍ കായികമേളയുടെ മത്സരങ്ങള്‍ പുനരാരംഭിച്ചത്. ഒരു മത്സരം പൂര്‍ത്തിയാകുകയും മറ്റ് രണ്ട് മത്സരങ്ങള്‍ നടക്കുകയും ചെയ്യുന്നതിനിടെയാണ് കായിക അദ്ധ്യാപക വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയത്. പ്രതിഷേധ മുദ്രാവാക്യങ്ങളുമായി വിദ്യാര്‍ത്ഥികള്‍ ട്രാക്കിലിറങ്ങിയതോടെ പോലീസ് ഇവരെ ബലമായി അറസ്റ്റുചെയ്ത് നീക്കി.
അറസ്റ്റ് ചെയ്തവരെ വാഹനത്തില്‍ കയറ്റി കൊണ്ടു പോകുന്നതിനിടെ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്ത് എത്തി. ഇതിനിടെയാണ് പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തിയത്. പ്രതിഷേധക്കാരെ പോലീസ് ക്രൂരമായി തല്ലിച്ചതക്കുകയായിരുന്നു. പെണ്‍കുട്ടികളെയും പുരുഷ പോലീസുകാര്‍ വലിച്ചിഴച്ചാണ് വാഹനത്തില്‍ കയറ്റിയത്. പലര്‍ക്കും പോലീസ് വാഹനത്തില്‍ വെച്ചും മര്‍ദ്ദനമേറ്റതായും ആരോപണമുണ്ട്. 23 ഓളം പേര്‍ക്ക് പോലീസ് ലാത്തിച്ചാര്‍ജ്ജില്‍ പരിക്കേറ്റു. ഇതില്‍ എട്ടുപേരെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ബാക്കിയുള്ളവരെ മലപ്പുറം താലൂക്ക് ആശുപത്രയിലും പ്രവേശിപ്പിച്ചു.
തിരൂര്‍ക്കാട് നിന്ന് കായികതാരങ്ങള്‍ക്കൊപ്പം എത്തിയ സ്കൂള്‍ അദ്ധ്യാപകന് രഞ്ജിത്തിനും ചിലകായികതാരങ്ങള്ക്കും ലാത്തിച്ചാര്‍ജ്ജില്‍ പരിക്കേറ്റതോടെ കായിക അദ്ധ്യാപകരും മത്സരത്തില്‍ പങ്കെടുക്കാന്‍ എത്തിയവരും പ്രതിഷേധവുമായി ട്രാക്കിലിറങ്ങി. തുടര്‍ന്ന് മണിക്കൂറുകളോളം ഗ്രൗണ്ടില്‍ പ്രതിഷേധം നിറഞ്ഞുനിന്നു. ലാത്തിച്ചാര്‍ജ്ജില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും പോലീസ് തയ്യാറായില്ല. പി. ശ്രീരാമകൃഷ്ണന് എംഎല്‍എ സ്ഥലത്ത് എത്തി ചര്‍ച്ച നടത്തിയതിനെത്തുടര്‍ന്നാണ് വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ എത്തിച്ചത്.
പ്രതിഷേധം മണിക്കൂറുകള്‍ നീണ്ടതോടെ കൂടുതല്‍ പോലീസ് എത്തി പ്രതിഷേധക്കാരെ നീക്കാനുള്ള നടപടികള്‍ തുടങ്ങി. ഇതിനിടെ സ്ഥലത്ത് എത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറാ മമ്പാട് സബ്ജില്ലാ കണ്‍വീനര്‍മാരുടെ യോഗം വിളിക്കുകയും മേള നടത്താന്‍ സഹകരിക്കണമെന്നും ആവശ്യപ്പെട്ടു. മേള എങ്ങനെയും നടത്തണമെന്ന വാശിയിലായിരുന്നു അവര്‍. മേളക്കെത്തിയ അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പരിക്കേറ്റതിനാല്‍ മേളയുമായി സഹകരിക്കില്ലെന്ന് കണ്‍വീനര്‍മാര്‍ അറിയിച്ചു. ചര്‍ച്ച പരാജയപ്പെട്ടതോടെ കായികഅദ്ധ്യാപകര് ഡിഡിഇ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി.
ഈസമയം ഗ്രൗണ്ടില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ച ബാക്കിയുള്ള പ്രതിഷേധക്കാരെയും പോലീസ് അറസ്റ്റ്ചെയ്തു നീക്കി. തുടര്‍ന്ന് സ്ഥലത്ത് എത്തിയ ഡിഡിഇ ടി.കെ. ജയന്തി മേള മാറ്റിവെച്ചതായി അറിയിക്കുകയായിരുന്നു. അതോടെ മണിക്കൂറുകള്‍ നീണ്ട സംഘര്‍ഷത്തിന് വിരാമമായി.
കോഴിക്കോട് സര്‍വ്വകലാശാല ക്യാമ്പസ്, കോഴിക്കോട് ഫിസിക്കല്‍ എഡ്യുക്കേഷന്‍ കോളേജ് എന്നിവിടങ്ങളില്‍ നിന്നുള്ള കായിക അദ്ധ്യാപക വിദ്യാര്‍ത്ഥികളാണ് പ്രതിഷേധവുമായി രംഗത്ത് എത്തിയത്. കോഴിക്കോട് ഫിസിക്കല്‍ എഡ്യുക്കേഷന്‍ കോളേജ് വിദ്യാര്‍ത്ഥികളായ ജിഷ്ണു, ജിലാജ്, രാജേഷ്, കിരണ്‍, കീര്‍ത്തന, അശ്വനി, ദിവ്യ, നസീബ എന്നിവരെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും അഭിലാഷ്, ഗോഡ്ലി, സന്ദീപ്, അശ്വജിത്ത്, അജ്മല്‍, ജയ്സല്‍, സുനില്‍, നിഖില്‍, അനന്തു, അക്ഷയ്, പ്രവീണ്‍, സായ്, ആര്യ, ബബിന, പ്രജിന എന്നിവരെ മലപ്പുറം താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കോഴിക്കോട് സര്‍വ്വകലാശാല ഗ്രൗണ്ടില്‍ മേള നടന്ന രണ്ടു ദിവസവും പ്രതിഷേധം ഉണ്ടായതിനെത്തുടര്‍ന്നാണ് മലപ്പുറം എംഎസ്പി ഗ്രൗണ്ടിലേക്ക് മാറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: