ന്യൂദല്‍ഹി: ജമ്മു-കശ്മീരിലെ ഭാരത അതിര്‍ത്തിക്ക് സമീപം പാക്കിസ്ഥാന് ഷാര്‍പ്പ് ഷൂട്ടര്‍മാരെ നിയോഗിക്കുന്നതായി സുരക്ഷാ ഏജന്‍സികള്‍ക്ക് തെളിവ് ലഭിച്ചു. രജൗരി സെക്ടറിലെ രാജ്യാന്തര അതിര്‍ത്തിക്ക് സമീപം പാക് സൈനികര്‍ക്ക് ആയുധം ഉപയോഗിക്കുന്നതില്‍ പരിശീലനം നല്‍കുന്നത് ചൈനീസ് സൈന്യമാണെന്ന് ബിഎസ്എഫ് ഇന്റലിജന്‍സ് വിഭാഗം നല്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
അടുത്തകാലത്തായി തന്ത്രപ്രധാന പ്രതിരോധ പ്രദേശങ്ങളില്‍ പാക് റെയിഞ്ചേഴ്സിന്റെ സൈനികാഭ്യാസ പ്രകടനം നിരന്തരം നടക്കുകയാണ്. ശ്രീനഗര്‍ സെക്ടറിന് നേരെ എതിര് ഭാഗത്ത് പാക്കിസ്ഥാന് പാരാമിലിട്ടറി യൂണിറ്റിനെ വിന്യസിച്ചതായും ബിഎസ്എഫ് റിപ്പോര്‍ട്ടിലുണ്ട്. പഞ്ചാബിലെ അബോഹര്‍ ഗുര്‍ദാസ്പുര്‍ സെക്ടറുകള്‍ക്ക് സമീപം നിരവധി പുതിയ നിരീക്ഷണ ടവറുകളും പാക്കിസ്ഥാന് സ്ഥാപിച്ചിട്ടുണ്ട്.
ഉന്നം തെറ്റാതെ വെടിവയ്ക്കുന്നവരെ സ്നിപ്പറുകള്‍ സഹിതം തന്ത്രപ്രധാന മേഖലകളില്‍ വിന്യസിക്കാന്‍ പാക് സൈന്യം നീക്കങ്ങളാരംഭിച്ചതായി പാക് സൈന്യത്തിന്റെ ഫോണ്‍ സന്ദേശം ചോര്‍ത്തിയപ്പോള്‍ വിവരം ലഭിച്ചതായി ബിഎസ്എഫ് വ്യക്തമാക്കുന്നു. രാജ്യാന്തര അതിര്‍ത്തി, നിയന്ത്രണ രേഖ എന്നിവയ്ക്കു സമീപം നിനച്ചിരിക്കാതെ ആക്രമണം നടത്തുന്നതിന് പാക് സൈനിക കമാന്റോകളുടെ പ്രത്യേക സ്ക്വാഡിനെ വിന്യസിച്ചതായും ബിഎസ്എഫ് ഇന്റലിജന്‍സ് വെളിപ്പെടുത്തി.
ജമ്മു കശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സിയാല്‍ക്കോട്ട് പ്രവിശ്യയില്‍ നിന്ന് വലിയൊരു സംഘം ഭീകരവാദികളെ ഭാരതത്തിലേക്ക് നുഴഞ്ഞു കയറ്റം നടത്താനും പാക് സൈന്യത്തിന്റെ നേതൃത്വത്തില്‍ ശ്രമം നടക്കുന്നുണ്ട്.
















