കൊല്‍ക്കത്ത: ശാരദ ചിട്ടിതട്ടിപ്പ് പ്രതി കുനാല്‍ ഘോഷിനെ കാണാന്‍ ആശുപത്രിയിലെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് പോലീസിന്റെ ലാത്തിയടി. കഴിഞ്ഞ ദിവസം ജയിലിനുള്ളില്‍വെച്ച് ആത്മഹത്യക്കുശ്രമിച്ച കുനാലിനെ കൊല്‍ക്കത്തയിലെ എസ്എസ്‌കെഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയില്‍ നിന്നും കുനാലിനെ ഇന്നലെ ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് പോലീസും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായത്. ആത്മഹത്യയെക്കുറിച്ച് വിശദവിവരങ്ങള്‍ അറിയാന്‍ ചെന്ന മാധ്യമപ്രവര്‍ത്തകരെ പോലീസ് തള്ളിനീക്കി. കുനാല്‍ സമ്മര്‍ദ്ദത്തിനടിമപ്പെട്ടിരിക്കുകയാണെന്നും മാധ്യമങ്ങളോട് സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും പോലീസ് പറഞ്ഞു. തുടര്‍ന്ന് പോലീസ് മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ ലാത്തി വീശുകയായിരുന്നു.
ചിട്ടിതട്ടിപ്പില്‍ കുറ്റക്കാരയാവരെ സിബിഐ അറസ്റ്റു ചെയ്യുന്നില്ലെന്നാരോപിച്ച് വെള്ളിയാഴ്ച പുലര്‍ച്ചെയാണ് കുനാല്‍ ഘോഷ് ഉറക്കഗുളിക കഴിച്ച് ആത്മഹത്യക്കു ശ്രമിച്ചത്.
















