ന്യൂദല്‍ഹി: ഒരിടവേളയ്ക്കുശേഷം അന്താരാഷ്ട്ര വേദിയെ ഇന്ത്യന്‍ ബോക്സിങ് വീണ്ടെടുത്തു. പുതിതായി തെരഞ്ഞെടുക്കപ്പെട്ട് ‘ബോക്സിങ് ഇന്ത്യ’യ്ക്ക് എഐബിഎ (ഇന്റര്‍നാഷണല്‍ ബോക്സിങ് അസോസിയേഷന്) സ്ഥിരാംഗത്വം നല്കി. ദക്ഷിണ കൊറിയയിലെ ജെജു ദ്വീപില്‍ നടക്കുന്ന എഐബിഎയുടൈ ചതുര്വാര്ഷിക കോണ്‍ഗ്രസിനിടെയാണ് ബോക്സിങ് ഇന്ത്യയ്ക്ക് നിരുപാധിക അംഗീകാരം നല്‍കിയത്.
എഐബിഎയുടെ നടപടിയില്‍ ബോക്സിങ് ഇന്ത്യ പ്രസിഡന്റ് സന്ദീപ് ജജോദിയ അതിയായ സന്തോഷം പ്രകടിപ്പിച്ചു. രാജ്യത്തിന്റെ വികാരമാണ് സംഘടന ചുമലേറ്റുന്നതെന്നും അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യന്‍ ബോക്സിങ്ങിന്റെ യശസുയര്‍ത്താന്‍ ആവുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭരണസമിതി തെരഞ്ഞെടുപ്പിലെ ക്രമക്കേടുകളുടെ പേരില്‍ 2012 ഡിസംബറിലാണ് ഇന്ത്യന്‍ അമച്വര്‍ ബോക്സിങ് ഫെഡറേഷനെ എഐബിഎ പുറത്താക്കിയത്. സെപ്തംബറില്‍ എഐബിഎയുടെ മേല്‍നോട്ടത്തില്‍ പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തിരുന്നു. അതേസമയം, സംഘടനാ തെരഞ്ഞെടുപ്പിന് കേന്ദ്ര കായിക മന്ത്രാലയത്തിന്റെയും ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്റെയും അംഗീകാരം ഇതുവരെ ലഭിച്ചിട്ടില്ല.
















