ഗ്രൂപ്പ് 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ആസ്ട്രേലിയയില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണുമായി കൂടിക്കാഴ്ച നടത്തുന്നു
സിഡ്നി: ഗ്രൂപ്പ് 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആസ്ട്രേലിയയില്‍ എത്തി. ഇന്നു തുടങ്ങുന്ന സമ്മേളനത്തില്‍ കള്ളപ്പണം, കള്ളക്കടത്ത്, ആഗോളതലത്തിലെ തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങള്‍ മോദി ഉന്നയിക്കുമെന്നാണ് സൂചന.
28 വര്‍ഷത്തിനു ശേഷമാണ് ഒരു ഭാരത പ്രധാനമന്ത്രി ആസ്ട്രേലിയ സന്ദര്‍ശിക്കുന്നത്. 1986-ല്‍ രാജീവ് ഗാന്ധിയാണ് ഇതിനു മുന്‍പ് ഇവിടം സന്ദര്‍ശിച്ചത്. ബ്രിസ്ബേനില്‍ എത്തിയ മോദി തലസ്ഥാനമായ കാന്‍ബറ സന്ദര്‍ശിച്ച് പ്രധാനമന്ത്രി ടോണി ആബട്ടുമായി ചര്‍ച്ച നടത്തും.
അര്‍ജന്റീന, ആസ്ട്രേലിയ, ബ്രസീല്‍, കാനഡ, ചൈന, ഫ്രാന്‍സ്, ജര്‍മ്മനി, ഭാരതം, ഇന്തോനേഷ്യ, ഇറ്റലി, ജപ്പാന്, തെക്കന്‍ കൊറിയ, മെക്സിക്കോ, റഷ്യ, സൗദി അറേബ്യ, തെക്കേ ആഫ്രിക്ക, തുര്‍ക്കി, ബ്രിട്ടന്, അമേരിക്ക, യൂറോപ്യന്‍ യൂണിയന് എന്നിവരാണ് ജി 20-ല്‍ ഉള്ളത്.
തൊഴിലും വളര്‍ച്ചയും എന്നതാണ് ഇക്കുറി ജി20 ന്റെ പ്രധാന വിഷയം. ഉച്ചകോടിക്കിടെ മോദി ജര്‍മ്മന്‍ പ്രസിഡന്റ് ഏന്‍ജലീന മെര്‍ക്കല്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍, ഫ്രാന്‍സ് പ്രധാനമന്ത്രി ഫ്രാന്‍കോയീസ് ഹോളണ്ടെ എന്നിവരുമായി ചര്‍ച്ച നടത്തും.
ചൈനീസ് പ്രസിഡന്റ് സീ ജിങ്ങ്പിങ്ങുമായി അനൗപചാരിക കൂടിക്കാഴ്ചയും ഉണ്ടാകും. ആസ്ട്രേലിയന്‍ പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ മോദി പ്രസംഗിക്കും. സിഡ്നിയിലെ ഒളിമ്പിക് പാര്‍ക്കില്‍ ഭാരത സമൂഹം നല്കുന്ന സ്വീകരണത്തിലും അദ്ദേഹം പങ്കെടുക്കും.
തുടര്‍ന്ന് 19-ന് മോദി ഫിജിയില്‍ എത്തും. 81-ല്‍ ഇന്ദിരാഗാന്ധിക്കു ശേഷം ഫിജി സന്ദര്‍ശിക്കുന്ന ആദ്യ ഭാരത പ്രധാനമന്ത്രിയാണ് മോദി.
കിഴക്കനേഷ്യന്‍ ഉച്ചകോടി കഴിഞ്ഞ് മ്യാന്മറില് നിന്നാണ് മോദി ബ്രിസ്ബേനില്‍ എത്തിയത്. ക്വീന്സ്ലാന്സ് പ്രധാനമന്ത്രി കാംപ്ബെല്‍ ന്യൂമാന്‍, ആസ്ട്രേലിയയിലെ ഭാരത സ്ഥാനപതി ബീരേന്‍ നന്ദ എന്നിവര്‍ അദ്ദേഹത്തെ വരവേറ്റു. ബ്രിസ്ബേനിലെ ക്വീന്സ്ലാന്ഡ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി സന്ദര്‍ശിച്ച മോദി അവിടുത്തെ ശാസ്ത്രജ്ഞരുമായി കൃഷി, ബയോ സയന്‍സ് തുടങ്ങിയ വിഷയങ്ങളില്‍ ആശയ വിനിമയം നടത്തി. വിദ്യാര്‍ഥികളുമായും മോദി സംവദിച്ചു. ഭാരതത്തിന്റെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്റുവിന്റെ ജന്മദിനം ശിശുദിനമായാണ് ആഘോഷിക്കുന്നത്. ആ ദിവസം തന്നെ വിദ്യാര്‍ഥികളെ കാണാനും അവരുമായി ഇടപഴകാനും അവസരം ലഭിച്ചതില്‍ സന്തോഷമുണ്ട്. മോദി പറഞ്ഞു.
‘അയണ്‍’ ഏത്തപ്പഴം കണ്ടു;
കൃഷി റോബോട്ടിനെയും
ബ്രിസ്ബേണ്‍: കൃഷി ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന അഗ്ബോട്ടെന്ന റോബോട്ടിനെപ്പറ്റിയുള്ള അവതരണം യൂണിവേഴ്സിറ്റിയില്‍ ഒരുക്കിയിരുന്നു. അത് വിശദമായി ചോദിച്ചു മനസിലാക്കിയ മോദി അഗ്ബോട്ടില് കുറിച്ചു, ഗവേഷണമാണ് വികസനത്തിന്റെ അമ്മ, ഇത് മനുഷ്യരാശിയുടെ വികസനയാത്രയുമായി ബന്ധപ്പെട്ടതാണ്… ശാസ്ത്രസാങ്കേതിക വിദ്യയുടെ ഗുണം കൃഷിക്ക് ലഭ്യമാകും, മോദി പറഞ്ഞു. ജൈവ ഇന്ധനത്തെപ്പറ്റിയുള്ള അവതരണവും മോദി കണ്ടു. പ്രത്യേക കണ്ണാടിക്കൂട്ടില്‍(ഗ്ലാസ് ഹൗസ്) വളര്‍ത്തുന്ന, അയണിന്റെ അംശം കൊണ്ട് സമ്പുഷ്ടമാക്കിയ, ഏത്തപ്പഴം വികസിപ്പിക്കുന്ന സാങ്കേതികവിദ്യയും അദ്ദേഹം സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: