മുംബൈ: മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കൊണ്ടുവന്ന 16 ശതമാനം മറാത്താ സംവരണം ബോംബെ ഹൈക്കോടതി തടഞ്ഞു.
പൊതുഭരണ സ്ഥാപനങ്ങളിലേക്ക് മുസ്ലിങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന 5 ശതമാനം സംവരണവും തടഞ്ഞ ഹൈക്കോടതി വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള മുസ്ലിം സംവരണം തുടരാന്‍ അനുമതി നല്കി.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി 2014 ജൂണ്‍ 25നാണ് മഹാരാഷ്ട്ര ഭരിച്ചിരുന്ന കോണ്‍ഗ്രസ്-എന്‍സിപി സര്‍ക്കാര്‍ സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറാത്തകള്‍ക്ക് 16 ശതമാനം സംവരണവും മുസ്ലിങ്ങള്‍ക്ക് 5 ശതമാനം സംവരണം കൊണ്ടുവന്നത്.
ഇതിനെതിരായി സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജികളിലാണ് ഹൈക്കോടതി ഇപ്പോള്‍ വിധി പുറപ്പെടുവിച്ചിരിക്കുന്നത്.
സംവരണം ആകെ ഒഴിവുകളുടെ 50 ശതമാനത്തില്‍ കൂടരുതെന്ന് സുപ്രീംകോടതി മുമ്പ് വ്യക്തമാക്കിയിട്ടുള്ളതായി ഹര്‍ജി പരിഗണിച്ച ചീഫ് ജസ്റ്റിസ് മോഹിത് ഷാ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.
















