ന്യൂദല്‍ഹി: മുന്‍ കേന്ദ്ര മന്ത്രി ശശി തരൂര്‍ എം.പിയുടെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണത്തിനു പിന്നില്‍ വിദേശ ഇടപെടല്‍ ഉണ്ടായിട്ടുണ്ടോയെന്നു ദല്‍ഹി പൊലീസ് പരിശോധിക്കുന്നു. സുനന്ദ മരിച്ച ദിവസം ദുബായില്‍ നിന്നും പാകിസ്ഥാനില്‍ നിന്നും ദല്‍ഹിയിലെത്തിവരെകുറിച്ചുള്ള വിവരങ്ങളാണ് പൊലീസ് പരിശോധിക്കുന്നത്.
ഇന്റലിജന്‍സ് ബ്യൂറോയ്‌ക്കു കീഴിലുള്ള ഫോറിന്‍ റീജിണല്‍ രജിസ്‌ട്രേഷന്‍ ഓഫിസിനാണ് സുനന്ദ പുഷ്‌കറിന്റെ മരണത്തിനു പിന്നില്‍ വിദേശ ഇടപെടല്‍ നടന്നിട്ടുണ്ടോയെന്ന കാര്യം അന്വേഷിക്കാന്‍ ദല്‍ഹി പൊലീസ് നിര്‍ദ്ദേശം നല്‍കിയത്. സുനന്ദാ പുഷ്‌കര്‍ മരിച്ച ജനുവരി 17ന് ദുബായ്, പാകിസ്ഥാന്‍ എന്നിവടങ്ങളില്‍ നിന്ന് ദല്‍ഹിയിലേക്കും ദല്‍ഹിയില്‍ നിന്ന് ദുബായിലേക്കും പാകിസ്ഥാനിലേക്കും പോയവരുടെ വിവരങ്ങളാണ് പരിശോധിക്കുന്നത്. യാത്രക്കാരുടെ പട്ടിക കിട്ടിയാല്‍ സംശയിക്കുന്നവരെ ചോദ്യം ചെയ്യും.
അതിനിടെ സുനന്ദ പുഷ്‌കര്‍ മരിച്ച ലീല ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ വീണ്ടും പൊലീസ് പരിശോധിച്ചു. ഇന്നലെ വൈകിട്ട് അന്വേഷണസംഘം ഹോട്ടലിലെത്തി പരിശോധന നടത്തി. സുനന്ദയുടെ ലാപ്‌ടോപ്പിലേയും ഐപാടിലേയും വിവരങ്ങള്‍ ഹൈദരാബാദിലെ ലാബില്‍ പരിശോധനയ്‌ക്ക് അയച്ചിരിക്കുകയാണ്. ലാപ്‌ടോപ്പില്‍നിന്നോ ഐപാടില്‍ നിന്നോ എന്തെങ്കിലും കാര്യങ്ങള്‍ നീക്കം ചെയ്തിട്ടുണ്ടോയെന്ന കാര്യമാണ് പരിശോധിക്കുന്നത്. ഇതിന്റെ റിപ്പോര്‍ട്ട് കിട്ടിയശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് അന്വേഷണസംഘം അറിയിച്ചു.
സുനന്ദ വിഷം ഉള്ളില്‍ ചെന്നാണോ മരിച്ചതെന്ന് പരിശോധിക്കുന്നതിന് ആന്തരികാവയങ്ങളുടെ സാമ്പിള്‍ വിദേശത്ത് അയക്കാന്‍ ദല്‍ഹി പൊലീസ് തീരുമാനിച്ചിരുന്നു . സ്‌കോട്‌ലന്‍ഡിലെ ലാബില്‍ പരിശോധന നടത്തിയേക്കും. എഫ്ബിഐയുടെ സഹായത്തോടെ അമേരിക്കയിലെ ലാബില്‍ പരിശോധന നടത്താനും സാധ്യതയുണ്ട്.
















