അബുദാബി: പാക്കിസ്ഥാനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലാന്റിന് 248 റണ്‍സിന്റെ ദയനീയ തോല്‍വി. 480 എന്ന റണ്‍മല കയറിയ കിവികള്‍ അഞ്ചാം ദിനം വെറും 231 റണ്‍സിന് ഇടറിവീണു. ഇതോടെ പാക്കിസ്ഥാനെ ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിജയങ്ങളിലേക്ക് നയിച്ച ക്യാപ്ടന്‍ എന്ന പെരുമ മിസ്ബാ ഉല്‍ ഹക്കിനു (15) വന്നുചേര്‍ന്നു. 14 ടെസ്റ്റുകളില്‍ പാക് പടയെ വിജയത്തേരേറ്റിയ ഇമ്രാന്‍ ഖാനെയും ജാവേദ് മിയാന്‍ദാദിനെയുമാണ് മിസ്ബ മറികടന്നത്.
സ്‌കോര്‍: പാക്കിസ്ഥാന്‍-5663 ഡിക്ല. 175/2 ഡിക്ല. ന്യൂസിലാന്റ്- 262, 231.
8ന് 174 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ബ്ലാക്ക് ക്യാപ്‌സിന് അധികം മുന്നോട്ടുപോകാനായില്ല. മാര്‍ക്ക് ക്രെയ്ഗ് (28) വ്യക്തിഗത സ്‌കോറില്‍ ഒരു റണ്‍സ് കൂടി ചേര്‍ത്ത് മടങ്ങി. ഇഷ് സോധിയുടെ (63) അര്‍ധ ശതകമാണ് കിവികളുടെ സ്‌കോറിന് നേരിയ മാന്യതയെങ്കിലും നല്‍കിയത്.
ട്രെന്റ് ബൗള്‍ട്ട് 19 റണ്‍സോടെ പുറത്താകാതെ നിന്നു. യാസിര്‍ ഷാ മൂന്നും സുള്‍ഫിക്കര്‍ ബാബര്‍ ഇമ്രാന്‍ ഖാന്‍ റഹത്ത് അലി എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതവും പിഴുതു. മൂന്നു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇതോടെ പാക്കിസ്ഥാന്‍ 1-0ത്തിന് മുന്നില്‍ക്കയറി. റഹത്ത് അലി മാന്‍ ഓഫ് ദ മാച്ച്.
















