തിരുവനന്തപുരം: ഊര്‍ജ്ജസംരക്ഷണത്തിന്റെ നല്ല പാഠം പകര്‍ന്ന് നാഷണല്‍ ഗെയിംസിന്റെ ഭാഗ്യചിഹ്നമായ അമ്മു വേഴാമ്പലിനു കൂട്ടായി ഇനി മിന്നു എന്ന തേനീച്ചയുമുണ്ടാകും.
‘കളിക്കുന്ന കുട്ടികള്‍ക്കായി ഭാരതം കാത്തിരിക്കുന്നു’ എന്ന സന്ദേശമുയര്‍ത്തി വിവിധ വിദ്യാലയങ്ങളില്‍ പര്യടനം നടത്തിവരുന്ന അമ്മു വേഴാമ്പലിനൊപ്പം ഊര്‍ജ്ജസംരക്ഷണത്തിന്റെ പ്രാധാന്യം വ്യക്തമാക്കാനാണ് മിന്നുവെത്തുന്നത്. ‘ഉണരാന്‍ ഊര്‍ജ്ജം ഉയരാന്‍ ഊര്‍ജ്ജം ഒരുപിടി മിച്ചംവയ്‌ക്കേണം’ എന്ന വാക്യം മിന്നു കുരുന്നുകള്‍ക്ക് പകര്‍ന്നു നല്‍കുന്നു.
നാടിന്റെ കായിക ഭാവി കുട്ടികളുമായി ബന്ധപ്പെട്ടിരിക്കുന്നതു പോലെ ഭൂമിയുടെ സുരക്ഷയും കുട്ടികളില്‍ നിക്ഷിപ്തമായിരിക്കുന്നുവെന്ന് മിന്നുവിന്റെ സന്ദേശം ചൂണ്ടി കാണിക്കുന്നു.
കൂടാതെ ഭൂമിയുടെ സുരക്ഷയ്‌ക്കു ഭീഷണിയായിത്തീരുന്ന പരിസരമലിനീകരണം, അന്തരീക്ഷ മലിനീകരണം എന്നിവ മനുഷ്യസൃഷ്ടിയാണെന്നും അതിനായി പ്രകൃതി വിഭവങ്ങള്‍ അമിതമായി ചൂഷണം ചെയ്യപ്പെടുകയാണെന്നും മിന്നു കുട്ടികളെ ബോധവാന്‍മാരാക്കും.
പരമ്പരാഗത സ്രോതസ്സുകള്‍ അനുദിനം വറ്റിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വൈദ്യുതി പോലെ വിലപിടിച്ച ഊര്‍ജ്ജ ഉറവിടങ്ങളുടെ പാഴ്‌ച്ചെലവ് ഒഴിവാക്കി അവ കാര്യക്ഷമമായി ഉപയോഗിക്കാനാണ് മിന്നുവിന്റെസന്ദേശം.
















