ന്യൂദല്‍ഹി: വിദ്യാഭ്യാസമുള്ള സ്ത്രീകള്‍ രാഷ്ട്രീയത്തില്‍ സജീവമാകണമെന്ന് ലോക്സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്. നിയമ നിര്‍മ്മാണം കൊണ്ടോ സംവരണം നല്‍കിയോ സ്ത്രീ ശാക്തീകരണം യാഥാര്‍ത്ഥ്യമാകില്ല. ശാക്തീകരണം ആദ്യം ഉണ്ടാകേണ്ടത് സ്ത്രീകളുടെ മനസ്സിലാണ്. സ്വന്തം ശക്തി മനസ്സിലാക്കി പൊതുരംഗത്തേക്ക് വരാന്‍ വനിതകള്‍ തയ്യാറാകണം. പാര്‍ലമെന്റില്‍ തന്നെ വന്നുകണ്ട കേരളത്തില്‍ നിന്നുള്ള വനിതാ അഭിഭാഷകരുമായി സംവദിക്കുകയായിരുന്നു സ്പീക്കര്‍.
സംവരണവും നിയമങ്ങളും സ്ത്രീകള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കും. അത് മുതലാക്കാന്‍ കഴിയണം. നേതൃഗുണത്തിന്റെ കാര്യത്തില്‍ പുരുഷനേക്കാള്‍ മുന്നിലാണ് സ്ത്രീ. കുടുംബത്തെ വേണ്ടവിധം നയിച്ചുകൊണ്ടുപോകുന്നത് സ്ത്രീകളാണ്.
കുടുംബത്തിലെ എല്ലാകാര്യങ്ങളിലും പെെട്ടന്ന് തീരുമാനം എടുക്കുവാനും നടപ്പിലാക്കാനും കഴിയുന്ന നേതൃഗുണം സ്ത്രീക്കുണ്ട്്. മറ്റ് ജോലികള്‍ ചെയ്യുന്നതിനൊപ്പമാണ് സ്ത്രീകള്‍ കുടുംബകാര്യങ്ങളും നോക്കുന്നത് എന്നു വരുമ്പോഴാണ് പുരുഷന്മാരേക്കാള് മുന്നിലെന്ന് പറയാന്‍ കഴിയുന്നത്. സ്പീക്കര്‍ പറഞ്ഞു.
കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണമുള്ളത് വലിയകാര്യമാണെന്നു പറഞ്ഞ സുമിത്രാ മഹാജന്, അങ്ങനെ ജയിച്ചവരില്‍ എത്ര ശതമാനം രാഷ്ട്രീയത്തില്‍ സജീവമായി നില്ക്കുന്നു എന്നതിനെക്കുറിച്ച് പഠനം നടത്താനും അഭിഭാഷകരോട് നിര്‍ദ്ദേശിച്ചു. സംവരണത്തിന്റെ പേരില്‍ ജയിച്ചു എന്നതല്ലാതെ കാര്യമായൊന്നും ചെയ്യാന്‍ തയ്യാറാകാത്തവരാണ് വനിതാ ജനപ്രതിനിധികളില്‍ ഭൂരിപക്ഷവും. ഭര്‍ത്താവോ സഹോദരന്മാരോ ആയിരിക്കും കാര്യങ്ങള്‍ നിയന്ത്രിക്കുക. ഇത് മാറണം. തെരഞ്ഞടുപ്പുകളെ ഗൗരവത്തില്‍ സമീപിക്കാനും രാഷ്ട്രീയചുമതലകള് ഉത്തരവാദിത്വത്തോടെ നിര്‍വഹിക്കാനും കഴിയുമ്പോള്‍ സ്ത്രീശാക്തീകരണത്തിനും വേഗം കൂടും. സുമിത്രാ മഹാജന് പറഞ്ഞു.
തിരുവനന്തപുരത്തെ 24 വനിതാ അഭിഭാഷകരാണ് സ്പീക്കറെ ഔദ്യോഗിക വസതിയില്‍ സന്ദര്‍ശിച്ചത്. കേരളത്തില്‍ അടുത്തയിടെ സന്ദര്‍ശിച്ച അനുഭവം സുമിത്രാ മഹാജന് ഇവരോട് പങ്കുവെച്ചു. സംവരണബില്‍ പാസാക്കാനും തിരുവനന്തപുരത്ത് ഹൈക്കോടതി ബെഞ്ച് സ്ഥാപിക്കാനും ഇടപെടണമെന്ന് അഭിഭാഷകര്‍ അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: