ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ബംഗളൂരു പ്രത്യേക കോടതി ശിക്ഷിച്ച മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് 10 വര്‍ഷത്തേക്ക് വിലക്ക്. ജനപ്രാതിനിധ്യ നിയമത്തിന്‍്റെ സെക്ഷന്‍ എട്ടു പ്രകാരം തമിഴ്നാട് സര്‍ക്കാറാണ് ജയലളിതയെ വിലക്കികൊണ്ടുള്ള വിഞ്ജാപനം പുറത്തിറക്കിയത്.
തമിഴ്നാട് നിയമസഭാ സ്പീക്കര്‍ പി.ധനപാലാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. ജയലളിത കുറ്റക്കാരിയെന്ന് കോടതി വിധിച്ച 2014 സെപ്റ്റംബര്‍ 27 മുതല്‍ നാലു വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതു കൂടാതെ 1951 ലെ ജനപ്രാതിനിധ്യ നിയമത്തിന്റെ എട്ടാം വകുപ്പ് പ്രകാരം ആറ് വര്‍ഷത്തേക്ക് കൂടി ജയലളിതയ്‌ക്ക് അയോഗ്യതയുണ്ടാകുമെന്ന് വിജ്‌ഞാപനത്തില്‍ പറയുന്നു.
ജയലളിത കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതു മുതല്‍ ഇവരുടെ നിയമസഭാമണ്ഡലമായ ശ്രീരംഗം ഒഴിഞ്ഞു കിടക്കുകയാണെന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഇതോടെ മണ്ഡലത്തില്‍ നിന്നും പുതിയ എം.എല്‍.എയെ തെരഞ്ഞെടുക്കേണ്ടി വരും.
അനധികൃത സ്വത്തു സമ്പാദന കേസില്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയ ജയലളിതയ്‌ക്ക് നാല് വര്‍ഷം തടവും നൂറ് കോടി രൂപ പിഴയും ബംഗളുരുവിലെ പ്രത്യേക കോടതി വിധിച്ചിരുന്നു. ഒക്ടോബര്‍ 17ന് സുപ്രീംകോടതി നല്‍കിയ ജാമ്യത്തിലാണ് ജയലളിത ജയില്‍ മോചിതയായത്.
















