പൂവമ്മ, ജിതിന്‍, രഞ്ജിത്ത് എന്നിവര്‍ ചികിത്സയ്‌ക്കിടെ (ഫോട്ടോ- അര്‍ജ്ജുനന്‍ ഒളരി)
തൃശൂര്‍: ദേശീയ ഗെയിംസില്‍ സുവര്‍ണ്ണനേട്ടം ലക്ഷ്യമിട്ടുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ട്രിപ്പിള്‍ ജംപര്‍ രഞ്ജിത്ത് മഹേശ്വരിയും ഹര്‍ഡില്‍സ് താരം ജിതിനും ആയുര്‍വേദ ചികിത്സതേടി. ഒഎന്‍ജിസി താരവും കര്‍ണ്ണാടകയുടെ പ്രതിനിധിയുമായ മധ്യദൂര ഓട്ടക്കാരി പൂവമ്മയും ആയുര്‍വേദത്തിന്റെ ട്രാക്കില്‍ തന്നെ. രണ്ടാഴ്ച നീളുന്ന ചികിത്സക്കായി മൂന്നുപേരും തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിക്കഴിഞ്ഞു.
റെയില്‍വേസിന്റെ പാളയത്തിലുള്ള രഞ്ജിത്തും ജിതിനും ഇത്തവണത്തെ ദേശീയ ഗെയിംസില്‍ കേരളത്തിന് വേണ്ടി മാറ്റുരയ്‌ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടാന്‍ സാധിച്ചില്ലെങ്കിലും ദേശീയ ഗെയിംസില്‍ സ്വന്തം സംസ്ഥാനത്തിനായി മെഡല്‍ കൊയ്യാനാവുമെന്ന ആത്മവിശ്വാസത്തിലാണ് ഇരുവരും.
കഴിഞ്ഞ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മികച്ച പ്രകടനം പുറത്തെടുത്ത രഞ്ജിത്തിന് ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ നാലാം സ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടിവന്നിരുന്നു. ചാലക്കുടി സ്വദേശിയായ ജിതില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ രാജ്യത്ത് ഇന്നു നിലവിലുള്ളവരില്‍ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ്. പൂവമ്മ ദേശീയ തലത്തില്‍ ഏറെസ്ഥിരതയുള്ള പ്രകടനങ്ങള്‍ കെട്ടഴിക്കുന്നവരുടെ കൂട്ടത്തില്‍ മുന്നില്‍ നില്‍ക്കുന്നയാളും.
ഏഷ്യന്‍ ഗെയിംസിന് പിന്നാലെയുള്ള വിദഗ്ധ പരിശോധനയുടെ ഭാഗമായാണ് ജില്ലാ ആയുര്‍വേദ ആശുപത്രി സൂപ്രണ്ട് ഡോ. പി.വി. ശ്രീദേവിയുടെയും ഡോ.സി. എ.ബിമലിന്റെയും അരുകില്‍ മൂവരും ചെന്നത്.
രഞ്ജിത്ത് പത്തുദിവസവും ജിതിനും പൂവമ്മയും രണ്ടാഴ്‌ച്ചയും ചികിത്സയ്‌ക്ക് വിധേയരാകും. അതുകഴിഞ്ഞാല്‍ അവര്‍ക്ക് കടുത്ത പരിശീലനത്തിന്റെ കാലം. ആയുര്‍ വേദ ചികിത്സ അതിനുള്ള ഉശിര് താരങ്ങള്‍ക്ക് പകരും.
കേരളത്തിന് വേണ്ടി മത്സരിക്കാന്‍ ക്ഷണിച്ചതില്‍ രഞ്ജിത്തും ജിതിനും സന്തോഷം അറിയിച്ചു. പിറന്ന നാടിന് വേണ്ടി കളത്തിലിറങ്ങുക അഭിമാനകരമാണെന്നും അവര്‍ ജന്മഭൂമിയോട് പറഞ്ഞു.
















