ന്യൂദല്‍ഹി: സുനന്ദപുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ലാപ്‌ടോപ്പും മൊബൈല്‍ഫോണുകളും ഫോറന്‍സിക് പരിശോധനയ്‌ക്കയച്ചു. സുനന്ദ ഉപയോഗിച്ചിരുന്ന മൂന്ന് ഫോണുകളാണ് പരിശോധനയ്‌ക്കയച്ചത്. സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയ ലീല പാലസ് ഹോട്ടലിലെ മുറിയില്‍ നിന്നും ലഭിച്ച ബെഡ്ഷീറ്റ്, കാര്‍പ്പെറ്റ്, പൊട്ടിയ കണ്ണട എന്നിവയും പരിശോധനയ്‌ക്കയച്ചിട്ടുണ്ട്.
ജനുവരി 17-ന് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട സുനന്ദയുടെ കേസുമായി ബന്ധപ്പെട്ട് ഫോറന്‍സിക് വിദഗ്ധരും പോലീസും ഹോട്ടല്‍ മുറി അടുത്തിടെ വീണ്ടും സന്ദര്‍ശിച്ചിരുന്നു. അപ്പോഴാണ് ബെഡ്ഷീറ്റ് ഉള്‍പ്പെടെയുള്ളവ പരിശോധനയ്‌ക്കായി ശേഖരിച്ചത്.
മൊബൈല്‍ ഫോണുകളില്‍ നിന്നും ലാപ്‌ടോപില്‍ നിന്നും ഏതെങ്കിലും തരത്തിലുള്ള വിവരങ്ങള്‍ നശിപ്പിച്ചോയെന്ന് കണ്ടെത്താനാണ് ഇവ പരിശോധനയ്‌ക്കയക്കുന്നതെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മരണത്തിന് തൊട്ടുടുത്ത ദിവസങ്ങളില്‍ നടന്ന പല സംഭവങ്ങളെയും കുറിച്ച് നിര്‍ണായക വിവരങ്ങള്‍ സുനന്ദയുടെ ജിമെയിലില്‍ നിന്നും ലഭിച്ചിരുന്നു. സുനന്ദയുമായി മെയില്‍ വഴി ചാറ്റ് ചെയ്തവരെ കണ്ടെത്തി ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ചോദ്യം ചെയ്തവര്‍ ആരെല്ലാമെന്നോ അവരുടെ വിവരങ്ങളോ പോലീസ് പുറത്തുവിട്ടിട്ടില്ല. പാക് മാധ്യമ പ്രവര്‍ത്തക മെഹര്‍ തരാറും ചോദ്യം ചെയ്തവരില്‍ ഉള്‍പ്പെട്ടിട്ടുള്ളതായാണ് വിവരം.
വിഷം ഉള്ളില്‍ചെന്നാണ് സുനന്ദ മരിച്ചതെന്ന എംയിസ് ആശുപത്രി സമര്‍പ്പിച്ച പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്. ആശുപത്രി സമര്‍പ്പിച്ച രണ്ട് റിപ്പോര്‍ട്ടിലും വിഷം ഉള്ളില്‍ ചെന്നാണ് മരിച്ചതെന്ന നിഗമനമാണ് ഉണ്ടായിരുന്നത്.
















