ന്യൂദല്‍ഹി: പുതിയ പാസ്‌പോര്‍ട്ട് ലഭിക്കണമെങ്കില്‍ ആധാര്‍ നിര്‍ബന്ധമാക്കുന്നു. യുണീക് ഐഡെന്റിഫിക്കേഷന്‍ അതോറിറ്റിയുമായി ചേര്‍ന്നാണ് നീക്കം. ആധാര്‍ കാര്‍ഡ് ലഭിക്കാത്തവര്‍ ആധാര്‍ എന്റോള്‍മെന്റ് നമ്പര്‍ നല്‍കിയാലും മതിയാകും.
പാസ്‌പോര്‍ട്ട് കിട്ടാന്‍ പോലീസ് വെരിഫിക്കേഷനും തുടര്‍ന്നുള്ള കാലതാമസവും സംബന്ധിച്ച് നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് നടപടികള്‍ സുതാര്യവും ലളിതവുമാക്കണമെന്നും പാസ്‌പോര്‍ട്ട് വേഗത്തില്‍ ലഭ്യമാക്കണമെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചിരുന്നു. ആധാര്‍ കാര്‍ഡോ, നമ്പറോ ഉണ്ടെങ്കില്‍ പാസ്‌പോര്‍ട്ട് അപേക്ഷകന്റെ തിരിച്ചറിയല്‍ നടപടി ഏറെക്കുറെ എളുപ്പമാകുമെന്ന വിദേശകാര്യമന്ത്രാലയം ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് നടപടി.
സുരക്ഷ വീഴ്‌ച്ചകള്‍ കുറയ്‌ക്കാനും ആള്‍മാറാട്ടങ്ങള്‍ തടയാനും ഇതു ഫലം ചെയ്യുമെന്നാണ് വിലയിരുത്തല്‍. നിയമത്തെ കബളിപ്പിച്ചു കുറ്റവാളികള്‍ ഒളിവില്‍ പോകുന്നതും തടയാനും ഇതു വഴി സാധിക്കുമെന്നാണ് കണക്കുകൂട്ടല്‍.
ഈ സംവിധാനം ഏര്‍പ്പെടുത്തിയാല്‍ പാസ്‌പോര്‍ട്ട് നല്‍കുന്നതിന് മുമ്പായി ബ്യൂറോയുടെ ഡേറ്റ ബേസില്‍ നിന്ന് അപേക്ഷകന്റെ പശ്ചാത്തലം മനസിലാക്കാന്‍ കഴിയും. അടുത്ത വര്‍ഷം ബംഗളൂരുവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിക്കുന്ന ഈ സംവിധാനം ഭാവിയില്‍ രാജ്യത്തെ മറ്റു വിമാനത്താവളങ്ങളിലും നടപ്പാക്കാനാണ് മന്ത്രാലയം പദ്ധതിയിടുന്നത്.
















