ന്യൂദല്‍ഹി: പുതിയ 21പേര് കൂടി കേന്ദ്രമന്ത്രിസഭയിലേക്കെത്തിയതോടെ വിവിധ മന്ത്രിമാരുടെ വകുപ്പുകളിലും അഴിച്ചുപണി. സദാനന്ദ ഗൗഡ കൈകാര്യം ചെയ്തിരുന്ന റെയില്‍വേ വകുപ്പ് സുരേഷ് പ്രഭുവിന് നല്കി. രവിശങ്കര്‍ പ്രസാദ് അധിക ചുമതലവഹിച്ച നിയമ വകുപ്പ് സദാനന്ദ ഗൗഡയ്ക്ക് കൈമാറി.
മനോഹര്‍ പരീഖര്‍ പ്രതിരോധ വകുപ്പിലും ജെ.പി നദ്ദ ആരോഗ്യവകുപ്പിലും കാബിനറ്റ് മന്ത്രിമാരായി ചുമതലയേറ്റു. ചൗധരി വീരേന്ദ്ര സിങ് ഗ്രാമവികസന-പഞ്ചായത്ത് രാജ്, കുടിവെള്ള വകുപ്പുകള്‍ കൈകാര്യം ചെയ്യും.
അന്തരിച്ച ഗോപിനാഥ് മുണ്ടെ യ്ക്കു കീഴിലുണ്ടായിരുന്ന ഈ വകുപ്പുകളുടെ കാര്യങ്ങള്‍ ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയാണ് നോക്കിയിരുന്നത്. കാബിനറ്റ് മന്ത്രിമാരില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിക്ക് വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ അധികമായി കൈകാര്യം ചെയ്തിരുന്ന വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ചുമതല നല്‍കിയിട്ടുണ്ട്. രാജ്യവര്‍ദ്ധന്‍ സിങ് റാത്തോഡാണ് പുതിയ വാര്‍ത്താവിതരണ പ്രക്ഷേപണ സഹമന്ത്രി. ഘനവ്യവസായ വകുപ്പില്‍ നിന്നും പൊന്‍ രാധാകൃഷ്ണനെ ഗതാഗത-ഷിപ്പിംഗ് വകുപ്പ് സഹമന്ത്രിയാക്കി.
സ്വതന്ത്രചുമതലയുള്ള സഹമന്ത്രിമാരായ ബന്ദാരു ദത്താത്രേയയ്ക്ക് തൊഴില്‍വകുപ്പ് ലഭിച്ചപ്പോള്‍ മുഖ്താര്‍ അബ്ബാസ് നഖ്വിക്ക് ന്യൂനപക്ഷക്ഷേമകാര്യവും പാര്‍ലമെന്ററി കാര്യവും ലഭിച്ചു. ധനവകുപ്പിന്റെ സഹമന്ത്രിസ്ഥാനം നിര്‍മ്മലാ സീതാരാമന് ജയന്ത് സിന്‍ഹയ്ക്ക് കൈമാറി. രാംകൃപാല്‍ യാദവ ്(കുടിവെള്ളം, ശുചീകരണം), എച്ച്.പി ചൗധരി (ആഭ്യന്തരം), സന്‍വര്‍ലാല്‍ ജാട്ട് (ഗംഗാശൂചീകരണം,നദീവികസനം), എം.കെ കുണ്ടരിയ (കൃഷി), ഗിരിരാജ് സിങ് (മൈക്രോ, ചെറുകിടവ്യവസായം), പ്രൊഫ.ആര്.എസ് കട്ടാരിയ (മാനവവിഭവശേഷിവകുപ്പ്), വൈ.എസ് ചൗധരി (സയന്‍സ് ആന്‍ഡ് ടെക്നോളജി), ബബുല്‍ സുപ്രിയോ (നഗര വികസനം, ദാരിദ്ര്യനിര്‍മ്മാര്‍ജനം), സാധ്വി നിരഞ്ജന് ജ്യോതി (ഭക്ഷ്യസംസ്ക്കരണം), വിജയ് സാംപ്ല (സാമ്യൂഹ്യക്ഷേമം, ശാക്തീകരണം) എന്നിങ്ങനെയാണ് മറ്റു സഹമന്ത്രിമാര്‍ക്ക് ലഭിച്ച വകുപ്പുകള്‍.
ആഭ്യന്തര, കൃഷി വകുപ്പുകള്‍ക്ക് പുനഃസംഘടനയോടെ രണ്ടു സഹമന്ത്രിമാരെ ലഭിച്ചിട്ടുണ്ട്. രാജ്നാഥ് സിങിന്റെ കീഴില്‍ കിരണ്‍ റിജ്ജുവിനൊപ്പം എച്ച്.പി. ചൗധരിയേയും നിയോഗിച്ചു. കൃഷിവകുപ്പിലേക്ക് രാധാമോഹന്‍ സിങിന്റെ സഹമന്ത്രിമാരായി എം.കെ കുന്താരിയയും ഡോ.സഞ്ജീവ് കുമാര്‍ ബല്യാനുമുണ്ട്. പുതിയ മന്ത്രിമാര്‍ക്ക് പ്രധാനമന്ത്രി ഇന്നലെ വിരുന്ന് നല്കി.
















