വിദ്യാര്‍ത്ഥികള്‍ക്ക് മത്സരബുദ്ധി ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്. എന്നാല്‍ അത് ആരോഗ്യപരമായിരിക്കണം. മത്സരബുദ്ധി അസൂയകലര്‍ന്നതാകുമ്പോള്‍ പാളിച്ചകള്‍ സംഭവിക്കും. ഈ അനാരോഗ്യകരമായ ചിന്താഗതി കുട്ടികളില്‍ ഉണ്ടാക്കുന്നതിന് രക്ഷകര്‍ത്താക്കളും ഒരു പരിധിവരെ ഉത്തരവാദികളാണ്.
ഒരു വിദ്യാര്‍ഥിക്ക് ആരോടാണ് മത്സരിക്കാന്‍ കഴിയുക? ഒരിക്കലും മറ്റുള്ളവരുമായിട്ടല്ല. തന്നോടുതന്നെയാണ് മത്സരിക്കേണ്ടത്. നിങ്ങള്‍ ഒരു ഓട്ടമത്സരത്തില്‍ പങ്കെടുക്കുകയാണ് എന്നിരിക്കട്ടെ. ഒപ്പം ഓടുന്നവരില്‍ ആരാണ് തന്റെ അടുത്തെത്തിക്കൊണ്ടിരിക്കുന്നത് എന്ന് ശ്രദ്ധിക്കാന്‍ തുടങ്ങുമ്പോള്‍ മുതല്‍ സ്വന്തം നില മെച്ചപ്പെടുത്താന്‍ കഴിയാതെ വരുന്നു. തനിക്ക് എത്ര മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്‌ക്കാനാവും എന്നതായിരിക്കണം അത്‌ലറ്റിന്റെ മനസ്സിലെ ലക്ഷ്യം. കോണ്‍സെന്‍ട്രേഷന്‍ വര്‍ദ്ധിക്കുമ്പോള്‍ വിജയം സുനിശ്ചിതം.
ഓരോ വിദ്യാര്‍ഥിയും ചെയ്യേണ്ടത് ഇതുതന്നെയാണ്. സ്വന്തം പെര്‍ഫോമന്‍സ് മെച്ചപ്പെടുത്താന്‍ ശ്രദ്ധിക്കുക. ക്ലാസ് പരീക്ഷയില്‍ എത്രമാര്‍ക്ക് കിട്ടി? ബോര്‍ഡ് പരീക്ഷയില്‍ എത്രമാര്‍ക്ക് ലഭിച്ചു? എന്തുകൊണ്ടാണങ്ങനെ സംഭവിച്ചത്? ആരാണ് ഉത്തരവാദി? ഇങ്ങനെ സ്വയം ചോദിക്കുമ്പോള്‍ ഞാന്‍ ഞാന്‍ മാത്രമാണ് ഉത്തരവാദി എന്ന് മനസ്സിലാകും.
എന്നിട്ട് എനിക്ക് കഴിഞ്ഞ പരീക്ഷകളില്‍ നേടിയതിനേക്കാള്‍ കൂടുതല്‍ മാര്‍ക്ക് നേടാന്‍ ഉറപ്പായും കഴിയും എന്ന് വിശ്വസിക്കുക. ഞാന്‍ എന്റെ കഴിവുകള്‍ നൂറുശതമാനവും ഉപയോഗിക്കും എന്ന് ഉറപ്പിക്കുക. പ്രോജക്ടുകളും ഗൃഹപാഠങ്ങളും കൃത്യമായി ചെയ്തുതീര്‍ക്കുകയും നോട്ടുകള്‍ സ്വയം തയ്യാറാക്കി ആവര്‍ത്തിച്ചു പഠിക്കുകയും ചെയ്യുക ഇങ്ങനെ സ്വന്തം കഴിവ് നൂറുശതമാനം ഉപയോഗിക്കുമ്പോള്‍ റിസള്‍ട്ടും മെച്ചപ്പെട്ടതായിരിക്കും.
















