ഭുവനേശ്വര്‍: ബിജെപിക്കെതിരായുള്ള ജനതാപരിവാറില്‍ ചേരില്ലെന്ന് ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്ക് വ്യക്തമാക്കി. ബിജെഡി ഇക്കാര്യത്തില്‍ ഒരു തീരുമാനവും എടുത്തിട്ടില്ല.
കാത്തിരുന്ന് കാണാമെന്ന് അദ്ദേഹം പറഞ്ഞു. നരേന്ദ്രമോദിക്കും ബിജെപിക്കുമെതിരെ പഴയ ജനതാദളുകാര്‍ യോജിച്ചാണ് ജനതാപരിവാറിന് രൂപംനല്‍കുന്നത്.
സമാജ്‌വാദി പാര്‍ട്ടി, ആര്‍ജെഡി, ജനതാദള്‍ യുണൈറ്റഡ്, ജനതാദള്‍ സെക്കുലര്‍, ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍, സമാജ്‌വാദി ജനതാദള്‍ എന്നീ പാര്‍ട്ടികള്‍ ചേര്‍ന്ന് സമാജ്‌വാദി പാര്‍ട്ടി തലവന്‍ മുലായം സിങ്ങിന്റെ വീട്ടില്‍ യോഗം ചേര്‍ന്നിരുന്നു.
വരുന്ന തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്കെതിരെ ശക്തമായ നിലപാടെടുക്കുന്നതിനായിട്ടാണ് ഇവര്‍ യോജിക്കുവാന്‍ തീരുമാനിച്ചത്.
ജനതാദളില്‍നിന്നും വേര്‍പിരിഞ്ഞ് ബിജു ജനതാദള്‍ രൂപീകരിക്കുകയായിരുന്നു നവീന്‍ പട്‌നായിക്ക്. എന്നാല്‍ വീണ്ടും ഒന്നാവാനുള്ള നീക്കത്തില്‍ അദ്ദേഹം താത്പര്യം കാണിച്ചില്ല. പാര്‍ട്ടി ഇപ്പോഴും കോണ്‍ഗ്രസിനും ബിജെപിക്കുമെതിരായിട്ടാണ് നിലകൊള്ളുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
















