ബാഗ്ദാദ്: ഐഎസ് ഭീകരര്‍ക്കെതിരെ പൊരുതുന്ന ഇറാഖ് സൈന്യം പ്രമുഖ എണ്ണനഗരമായ ബൈജിയില്‍ മുന്നേറുന്നതായി റിപ്പോര്‍ട്ട്.
അഞ്ചുമാസമായി ഭീകരരുടെ പിടിയിലുള്ള നഗരത്തില്‍ സൈന്യം വലിയ മുന്നേറ്റമുണ്ടാക്കിയതായും ഭീകരുടെ കൈവശമായ പടുകൂറ്റന്‍ എണ്ണശുദ്ധീകരണ ശാലയ്‌ക്ക് അടുത്തെത്തിയതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
രാജ്യത്തെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാല ഏതുവിധേനയും ഭീകരരുടെ പിടിയില്‍നിന്ന് മോചിപ്പിക്കണമെന്ന് ഉറപ്പിച്ചാണ് സൈനികരുടെ നീക്കം.ബൈജിയില്‍ പലയിടങ്ങളിലും ഭീകരരും സൈനികരുമായി കനത്ത ഏറ്റുമുട്ടലുകളാണ് നടക്കുന്നത്.
ഭീകരര്‍ വഴിയിലെങ്ങും കുഴിബോംബുകള്‍ പാകിയിരിക്കുകയാണ്. അതിനാല്‍ സൈനികരുടെ നീക്കം വളരെ പതുക്കെയാണ്.എയര്‍ഫോഴ്‌സിന്റെ സഹായത്തോടെയാണ് സൈനികരുടെ നീക്കം. ബൈജിയിലെ എണ്ണശാലയുടെ ആറു കിലോമീറ്റര്‍ അടുത്തുവരെ സൈന്യം എത്തിയിട്ടുണ്ട്. ഇതിനകം 12 ഭീകരരെ സൈന്യം കൊന്നു, അധികൃതര്‍ പറഞ്ഞു.
ഐഎസ് ഭീകരരുടെ നേതാവായ അബുബക്കര്‍ അല്‍ ബാഗ്ദാദിയെപ്പറ്റി പലതരം വാര്‍ത്തകളാണ് പരക്കുന്നത്. അമേരിക്കന്‍ വ്യോമാക്രമണത്തില്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നു. എന്നാല്‍ അമേരിക്ക തന്നെ ഇത് നിഷേധിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച ഭീകരരുടെ കേന്ദ്രങ്ങളില്‍ ഒന്നായ മൊസൂളില്‍ യുഎസ് വ്യോമസേന നടത്തിയ ആക്രമണത്തില്‍ ബാഗ്ദാദിക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. പരിക്ക് ഗുരുതരമായതിനാല്‍ ഇയാളെ സിറിയയിലേക്ക് കൊണ്ടുപോയതായും പറയപ്പെടുന്നു. ഇയാള്‍ക്ക് പരിക്കേറ്റതായി സൂചനയൊന്നുമിന്നൊണ് അമേരിക്കന്‍ അധികൃതര്‍ പറയുന്നത്.
അമേരിക്ക 1500 സൈനികരെ കൂടുതലായി ഇറാഖിലേക്ക് അയക്കും. ഭീകരരെ നേരിടാന്‍ ഇറാഖി സൈന്യത്തെ സഹായിക്കാനാണിത്.
















