ഗാന്ധിനഗര്‍: ഗുജറാത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ വോട്ടിങ് നിര്‍ബന്ധമാക്കി.
വോട്ടുചെയ്യാത്തവര്‍ക്ക് ശിക്ഷയും ലഭിക്കും. ബില്ലില്‍ സ്ത്രീകള്‍ക്ക് അന്‍പത് ശതമാനം സംവരണവും വിഭാവനം ചെയ്യുന്നുണ്ട്.
സംസ്ഥാന നിയമസഭ നേരത്തെ പാസ്സാക്കിയ ബില്ലില്‍ ഗവര്‍ണര്‍ ഒ.പി. കോഹ്ലി ഒപ്പുവെച്ചു. നേരത്തെ രണ്ടുതവണ ഈ ബില്ല് നിയമസഭ പാസ്സാക്കിയിരുന്നെങ്കിലും അന്നത്തെ ഗവര്‍ണര്‍ കമലാ ബേനിവാള്‍ ഒപ്പിടാതെ എതിര്‍ക്കുകയായിരുന്നു.
എന്നാല്‍ ഗവര്‍ണര്‍ ഒ.പി. കോഹ്ലി ഗുജറാത്ത് ലോക്കല്‍ അതോറിട്ടിസ് ലോ ബില്ല് അംഗീകരിക്കുകയും ഒപ്പിടുകയും ചെയ്തു. ബില്ല് നടപ്പാക്കുന്നതിനുള്ള അധികാരം സംസ്ഥാനസര്‍ക്കാരിനും നല്കി.2015 ഒക്ടോബറിലാണ് ഗുജറാത്തിലെ വലിയ ആറ് മുന്‍സിപ്പാലിറ്റികളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്.
ബില്ലനുസരിച്ച് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ആരെങ്കിലും വോട്ട് ചെയ്യാതിരുന്നാല്‍ അവര്‍ക്ക് ശിക്ഷ ലഭിക്കും. എന്നാല്‍ ശിക്ഷയെക്കുറിച്ച് കൂടുതലായി ഒന്നും ബില്ലില്‍ പറയുന്നില്ല. വ്യക്തി സ്വാതന്ത്ര്യത്തിന് എതിരാണ് ബില്ലെന്ന് പറഞ്ഞാണ് ബേനിവാള്‍ ഇതിനെ എതിര്‍ത്തത്.
രണ്ട് പ്രാവശ്യം നിയമസഭ പാസ്സാക്കി ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചിരുന്നെങ്കിലും അവര്‍ ഒപ്പിടാന്‍ തയ്യാറായില്ല. കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ബേനിവാളിനെ മിസോറാമിലേക്ക് മാറ്റുകയും പിന്നീട് അഴിമതിയുടെ പേരില്‍ പുറത്താക്കുകയും ചെയ്യുകയായിരുന്നു.
















