റാഞ്ചി: ജാര്‍ഖണ്ഡില്‍ നിന്നും വന്‍ സ്‌ഫോടകവസ്തു ശേഖരം
കണ്ടെടുത്തു. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു സ്‌ഫോടകവസ്തു ശേഖരമെന്നത് ശ്രദ്ധേയമാണ്.
കോബ്രാ കമാന്റോ ട്രൂപ്പും സി.ആര്‍.പി.എഫും ലത്തേഹര്‍ ജില്ലയിലെ ബോക്കാഖര്‍-റണിദ പ്രദേശത്തെ പൊലീസ് സേനയും സംയുക്തമായി നടത്തിയ തെരച്ചിലില്‍ നാനൂറ് കിലോഗ്രാം സ്‌ഫോടകവസ്തുക്കളും 1700ലധികം ഡിറ്റോണേറ്ററുകളുമാണ് പിടിച്ചെടുത്തത്. തിങ്കളാഴ്ച രാവിലെയാണ് തെരച്ചില്‍ നടത്തിയത്.
1745 ഡിറ്റോണേറ്ററുകളും അമ്പത് കിലോഗ്രാം സ്‌ഫോടക വസ്തുക്കളടങ്ങിയ മൂന്ന് ഗ്യാസ് സിലിണ്ടറുകളും, അഞ്ച് പൈപ്പ് ബോംബുകളും, നാനൂറ് കിലോഗ്രാം പെട്രോളില്‍ മുക്കിയ യൂറിയ, പത്ത് കിലോഗ്രാം വെടിമരുന്ന്, ഒരു കിലോഗ്രാമോളം നൈട്രോ സള്‍ഫൈഡ്, രണ്ട് കട്ടര്‍ മെഷിനുകള്‍, രണ്ട് ഡ്രില്‍ മെഷിനുകള്‍, നാനൂറ് സിറിഞ്ചുകള്‍, ടൂള്‍ ബോക്‌സുകള്‍, വൈദ്യുത ഉപകരണങ്ങള്‍, ഐ.ഇ.ഡി നിര്‍മിക്കാനാവശ്യമായ ഇരുന്നൂറ് പ്രഷര്‍ കുക്കറുകളുമാണ് പിടിച്ചെടുത്തതെന്ന് അധികൃതര്‍ അറിയിച്ചു.
നക്‌സലുകളാണ് ഇതിന് പിന്നിലെന്ന് കരുതുന്നതായി സുരക്ഷാ ഉദ്യോഗസ്ഥന്‍ പറഞ്ഞു. നവംബര്‍ 25നാണ് ജാര്‍ഖണ്ഡിലെ തെരഞ്ഞെടുപ്പ്.
















