ന്യൂദല്‍ഹി: ആസൂത്രണത്തില്‍നിന്ന് കൂടുതല്‍ സൂക്ഷ്മമായ ഭരണ നിര്‍വഹണത്തിലേക്കു കടന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ 21 മന്ത്രിമാരെ ഉള്‍പ്പെടുത്തി മന്ത്രിസഭ വികസിപ്പിച്ചു. നാലു കാബിനറ്റ് മന്ത്രിമാരും മൂന്ന് സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരും 14 സഹമന്ത്രിമാരെയുമാണ് നരേന്ദ്രമോദി മന്ത്രിസഭയിലേക്ക് പുതുതായി ഉള്‍പ്പെടുത്തിയത്. രാഷ്ട്രപതിഭവനില്‍ ഉച്ചയ്ക്ക് 1.30 ന് നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജി പുതിയ കേന്ദ്രമന്ത്രിമാര്‍ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ഗോവ മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരീഖര്‍, ശിവസേനയില്‍നിന്ന് ബിജെപിയില്‍ ചേര്‍ന്ന സുരേഷ് പ്രഭു, ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ജെ.പി നദ്ദ, ഹരിയാനയിലെ ബിജെപി നേതാവ് ചൗധരി വീരേന്ദ്രസിങ് എന്നിവര്‍ക്ക് കാബിനറ്റ് റാങ്കിലാണ് നിയമനം. സെക്കന്തരാബാദ് എംപി ബന്ദാരു ദത്താത്രേയ, ബീഹാറിലെ സരണില്‍ നിന്നുള്ള എംപി രാജീവ് പ്രതാപ് റൂഡി, ഗൗതം ബുദ്ധനഗര്‍ എംപിയായ ഡോ. മഹേഷ് ശര്‍മ്മ എന്നിവര്‍ക്ക് സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി സ്ഥാനം നല്കി.
മുഖ്താര്‍ അബ്ബാസ് നഖ്വി, രാംകൃപാല്‍ യാദവ്, എച്ച്.പി.ചൗധരി, സ്വന്വര്ലാല് ജാട്ട്, മോഹന്‍ഭായ് കല്യാണ്‍ഭായ് കുന്ദരിയ, ഗിരിരാജ് സിങ്, ഹന്സ്രാജ് അഹിര്‍, പ്രൊഫ.രാംശങ്കര്‍ കട്ടാരിയ, ജയന്ത് സിന്‍ഹ, കേണല്‍.രാജ്യവര്‍ദ്ധന്‍ സിങ് റാത്തോഡ്, ബബുല്‍ സുപ്രിയോ, സാധ്വി നിരഞ്ജന് ജ്യോതി, വിജയ് സംപ്ല, ടിഡിപിയുടെ രാജ്യസഭാ എംപി വൈ. എസ്. ചൗധരി എന്നിവരാണ് സഹമന്ത്രിമാര്‍.
മെയ് 26ന് കേന്ദ്രത്തില്‍ അധികാരമേറ്റ നരേന്ദ്രമോദി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ വികസനത്തില്‍ ശിവസേനയുടെ അനില്‍ ദേശായിക്ക് ക്ഷണം ലഭിച്ചെങ്കിലും മഹാരാഷ്ട്രയിലെ സഖ്യചര്‍ച്ചകള്‍ വഴിമുട്ടിനില്ക്കുന്ന സാഹചര്യത്തില്‍ കേന്ദ്രമന്ത്രിസഭയില്‍ തല്ക്കാലം പ്രവേശിക്കുന്നില്ലെന്ന് പാര്‍ട്ടി തീരുമാനിച്ചു. പുതിയ 21 മന്ത്രിമാര്‍ കൂടി ചുമതലയേറ്റതോടെ കേന്ദ്രമന്ത്രിസഭാംഗങ്ങളുടെ എണ്ണം 45ല്‍ നിന്നും 66 ആയി. പ്രധാനമന്ത്രി ഉള്‍പ്പെടെ 27 കാബിനറ്റ് മന്ത്രിമാരും സ്വതന്ത്രചുമതലയുള്ള 13 സഹമന്ത്രിമാരും 26 സഹമന്ത്രിമാരുമാണ് നിലവില്‍ കേന്ദ്രമന്ത്രിസഭയിലെ അംഗങ്ങള്‍.
പുതിയ കേന്ദ്രമന്ത്രിസഭാംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, ലോക്സഭാ സ്പീക്കര്‍ സുമിത്ര മഹാജന്, രാജ്യസഭാ ഡപ്യൂട്ടി സ്പീക്കര്‍ പ്രൊഫ. പി.ജെ. കുര്യന്, പ്രധാനമന്ത്രി നരേന്ദ്രമോദി, മറ്റു കേന്ദ്രമന്ത്രിസഭാംഗങ്ങള്‍, മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ. അദ്വാനി, ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ, ബിജെപി ഭരിക്കുന്ന സംസ്ഥാന മുഖ്യമന്ത്രിമാരായ വസുന്ധര രാജെസിന്ധ്യ, രമണ്‍സിങ്, മനോഹര്‍ലാല്‍ കട്ടാര്‍, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ ചന്ദ്രബാബു നായിഡു തുടങ്ങിയവര്‍ പങ്കെടുത്തു. ക്ഷണിച്ചെങ്കിലും കോണ്‍ഗ്രസ് നേതാക്കള്‍ ചടങ്ങില്‍ നിന്നും വിട്ടുനിന്നു.
ഇന്നലെ രാവിലെ 10 മണിക്ക് റേസ്കോഴ്സ് റോഡിലെ പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്ന ചായസല്‍ക്കാരത്തിലേക്ക് പുതിയ മന്ത്രിസഭാംഗങ്ങളെ നരേന്ദ്രമോദി ക്ഷണിച്ചിരുന്നു. ഇതിനു ശേഷമാണ് എല്ലാവരും രാഷ്ട്രപതി ഭവനിലേക്ക് തിരിച്ചത്. പുതിയ മന്ത്രിമാരുടെ വകുപ്പുകള്‍ പിന്നീട് തീരുമാനിക്കും.
















