ന്യൂദല്‍ഹി: പുതിയ മന്ത്രിസഭാ വികസനത്തിലൂടെ മന്ത്രിമാരുടെ എണ്ണം 66 ആയി ഉയര്‍ന്നെങ്കിലും നരേന്ദ്ര മോദിയുടെ മന്ത്രിസഭ മന്‍മോഹന്‍സിംഗ് നേതൃത്വം നല്‍കിയ യുപിഎ മന്ത്രിസഭയേക്കാളും അടല്‍ബിഹാരി വാജ്‌പേിയുടെ നേതൃത്വത്തിലുണ്ടായിരുന്ന എന്‍ഡിഎ മന്ത്രിസഭയെക്കാളും ചെറുതാണ്.
2012 ഒക്‌ടോബറില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് നടത്തിയ അന്തിമ പുനഃസംഘടനയോടെ യുപിഎ മന്ത്രിസഭയിലെ അംഗങ്ങളുടെ എണ്ണം 78 ആയി ഉയര്‍ന്നിരുന്നു. വാജ്‌പേയി മന്ത്രിസഭയില്‍ തുടക്കത്തില്‍ 58 പേരാണ് ഉണ്ടായിരുന്നതെങ്കിലും ഒടുവിലത് 88 ആയി ഉയര്‍ന്നു.
ഇപ്പോഴത്തെ മന്ത്രിസഭാ വികസനത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം 17 കാബിനറ്റ് മന്ത്രിമാരും 13 സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരും 26 സഹമന്ത്രിമാരുമാണുള്ളത്. മന്‍മോഹന്‍സിംഗിന്റെ മന്ത്രിസഭയില്‍ 33 കാബിനറ്റ് മന്ത്രിമാരും 12 സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരും 33 സഹമന്ത്രിമാരുമാണുണ്ടായിരുന്നത്.
രണ്ടാം യുപിഎ മന്ത്രിസഭയുടെ തുടക്കത്തില്‍ 78 മന്ത്രിമാര്‍ ഉണ്ടായിരുന്നെങ്കിലും തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുകയും ചില മന്ത്രിമാര്‍ അന്തരിക്കുകയും മറ്റ് ചിലര്‍ രാജിവെക്കുകയും ചെയ്തതോടെ മന്ത്രിസഭയുടെ വലിപ്പം കുറഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണ് മന്‍മോഹന്‍സിംഗ് മന്ത്രിസഭ വികസിപ്പിച്ചത്.
വാജ്‌പേയി മന്ത്രിസഭയുടെ തുടക്കത്തില്‍ 26 കാബിനറ്റ് മന്ത്രിമാരും എട്ട് സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരും 22 സഹമന്ത്രിമാരുമാണുണ്ടായിരുന്നത്. മന്ത്രിസഭാ വികസനത്തിലൂടെ പിന്നീട് 88 ആയി ഉയര്‍ന്നു.
















