ന്യൂദല്‍ഹി: ജമ്മുകശ്മീര്‍, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളിലെ വോട്ടെടുപ്പിനായി 51000 സൈനികരെ വിന്യസിക്കാന്‍ കേന്ദ്രം തീരുമാനിച്ചു.
സ്വതന്ത്രവും സത്യസന്ധവുമായ വോട്ടെടുപ്പ് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണിത്. ജമ്മുകാശ്മീരിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിആര്‍പിഎഫ്, ബിഎസ്എഫ്, ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലിസ് (ഐടിബിപി), സിഐഎസ്എഫ്, സംസ്ഥാന പോലീസ് റിസര്‍വ് എന്നിവയടക്കം ആകെ 381 കമ്പനികളെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഝാര്‍ഖണ്ഡില്‍ 136 കമ്പനി സേനയെ വിന്യസിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അധികൃതര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. 100 ഉദ്യോഗസ്ഥരാണ് ഒരു കമ്പനി സേനയില്‍ ഉള്‍പ്പെടുന്നത്. ഇതോടെ കമ്പനി സേനയുടെ അംഗബലം 51700 ആയിട്ടുണ്ട്.
കേന്ദ്രസേനയെ കൂടാതെ ജമ്മുകശ്മിരില്‍ കലാപ പ്രതിരോധ സേനയേയും ഝാര്‍ഖണ്ഡില്‍ നക്‌സല്‍ വിരുദ്ധസേനയെയും നേരത്തെ വിന്യസിച്ചതായി ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ജമ്മുകാശ്മിരില്‍ സിആര്‍പിഎഫിന്റെ 65 ബറ്റാലിയന്‍ വിന്യസിച്ചതായാണ് അന്തിമ വിവരം.
ഝാര്‍ഖണ്ഡില്‍ സിആര്‍പിഎഫിന്റെ 25 ബറ്റാലിയനൊപ്പം പാരാമിലിട്ടറി സേനയെയും നേരത്തെ വിന്യസിച്ചിരുന്നു.ഇരുസംസ്ഥാനങ്ങളിലും അഞ്ച് ഘട്ടങ്ങളായി നവംബര്‍ 25 നും ഡിസംബര്‍ 20 നും മധ്യേയാണ് വോട്ടെടുപ്പ് നടക്കുക. ഡിസംബര്‍ 23 നായിരിക്കും വോട്ടെണ്ണല്‍.
















